- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളടിച്ചും ഗോളടിപ്പിച്ചും കോഡി ഗാക്പോ; ഇരട്ടഗോളുകളുമായി ഡോണിയല്‍ മലന്; റുമാനിയയെ വീഴ്ത്തി നെതര്‍ലന്‍ഡ്സ് യൂറോകപ്പ് ക്വാര്‍ട്ടറില്‍
മ്യൂണിക്: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ റുമാനിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറില്‍. ആദ്യ പകുതിയുടെ ഇരുപതാം മിനിറ്റില്‍ കോഡി ഗാക്പോയും 83-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഡോണില്‍ മാലനുമാണ് നെതര്‍ലന്‍ഡ്സിനായി വല കുലുക്കിയത്. ഇന്ന് നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രിയ-തുര്‍ക്കി മത്സര വിജയികളായിരിക്കും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍.
ഗാക്പോ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഡച്ച് പടയുടെ ജയം. മത്സരത്തിലുടനീളം ഡച്ച്പട നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. മത്സരത്തിലാകെ നെതര്‍ലന്‍ഡ് റുമാനിയന്‍ പോസ്റ്റിലേക്ക് ആറ് തവണ ഷോട്ട് പായിച്ചപ്പോള്‍ റുമാനിയക്ക് ഒരു തവണ മാത്രമാണ് പോസ്റ്റിലേക്ക് ലക്ഷ്യംവെക്കാന്‍ പോലും കഴിഞ്ഞത്. ഒന്നിന് പുറകെ ഒന്നായി വരുന്ന ഓറഞ്ച് ആക്രമണങ്ങളെ പ്രതിരോധിക്കുക എന്ന പണി മാത്രമായിരുന്നു റുമാനായി ചെയ്തത്. ഇടക്ക് വല്ലപ്പോഴും നെതര്‍ലന്‍ഡ്സ് ബോക്സില്‍ പന്തെത്തിച്ചപ്പോഴാകട്ടെ അവര്‍ക്ക് ലക്ഷ്യത്തിലേക്ക് പന്തടിക്കാനുമായില്ല.
83-ാം മിനിറ്റ് വരെ ഒരു ഗോള്‍ ലീഡ് മാത്രമുണ്ടായിരുന്ന നെതര്‍ലന്‍ഡ്സിനെതിരെ റുമാനിയ സമനില ഗോള്‍ നേടുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നെങ്കിലും ഗാക്പോയുടെ അസിസ്റ്റില്‍ മാലന് രണ്ടാം ഗോള്‍ നേടിയതോടെ നെതര്‍ലന്‍ഡ്സ് വിജയമുറപ്പിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമിലെ കൗണ്ടര്‍ അറ്റാക്കില്‍ സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി ഓടിക്കറിയ മാലന് ഒറ്റക്ക് ഫിനിഷ് ചെയ്ത് നെതര്‍ലന്‍ഡ്സിന്റെ സ്കോര്‍ പട്ടിക തികച്ചു.
ഹൈപ്രസ്സിങ് ഗെയിം പുറത്തെടുത്ത റൊമാനിയ തുടക്കത്തില്‍ തന്നെ നെതര്‍ലന്‍ഡ്സിനുമേല്‍ ആധിപത്യം പുലര്‍ത്തിയാണ് പന്തുതട്ടിയത്. ആദ്യ മിനിറ്റുകളില്‍ പന്ത് കൈവശം വെച്ചതും അവസരങ്ങള്‍ സൃഷ്ടിച്ചതും റൊമാനിയയായിരുന്നു. 14-ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ മുന്നേറിയ റൊമാനിയന്‍ വിങ്ങര്‍ ഡെന്നിസ് മാന്‍ ഉഗ്രന്‍ ഷോട്ട് ഉതിര്‍ത്തു. എന്നാല്‍ പന്ത് നേരിയ വ്യത്യാസത്തില്‍ ഗോള്‍ബാറിന് മുകളിലൂടെ പോയി.
എന്നാല്‍ പതിയെ നെതര്‍ലന്‍ഡ്സും മുന്നേറാന്‍ തുടങ്ങി. പിന്നാലെ ഗോളുമെത്തി. 20-ാം മിനിറ്റില്‍ യുവതാരം കോഡി ഗാക്പോയാണ് വലകുലുക്കിയത്. ഇടതുവിങ്ങിലൂടെ കുതിച്ച് ബോക്സിലേക്ക് കയറിയ ഗാക്പോ പ്രതിരോധതാരത്തെ കബളിപ്പിച്ച് പോസ്റ്റിന്റെ മൂലയിലേക്ക് ഷോട്ടുതിര്‍ത്തു. അത് തടയാന്‍ റൊമാനിയന്‍ ഗോളിക്ക് കഴിഞ്ഞില്ല.
21-ാം മിനിറ്റില്‍ റൊമാനിയ മികച്ച മുന്നേറ്റം നടത്തി. മധ്യനിരയില്‍ നിന്ന് ഇയാനിസ് ഹാഗി ബോക്സിലേക്ക് നീട്ടിയ പന്ത് സ്റ്റാന്‍ക്യു ഓടിയെത്തിയ ഡെന്നിസ് മാനെ ലക്ഷ്യമാക്കി നല്കി. എന്നാല്‍ ഷോട്ട് ലക്ഷ്യം തെറ്റി പോയി. പിന്നാലെ ഓറഞ്ച് പടയും മൂന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. വലതുവിങ്ങില്‍ നിന്ന് ഡെംഫ്രിസ് റൊമാനിയയ്ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ റൊമാനിയന്‍ സംഘം കൃത്യമായി എല്ലാ നീക്കങ്ങളേയും പ്രതിരോധിച്ചു. ആദ്യ പകുതി ഒരു ഗോളിന് നെതര്‍ലന്‍ഡ്സ് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ഡച്ച് പട ആക്രമണം തുടര്‍ന്നു. 53-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ മെംഫിസ് ഡീപേയുടെ ഗോളെന്നുറച്ച ഷോട്ട് ബ്ലോക്ക് ചെയ്തു. പിന്നാലെ വാന്‍ഡൈക്കിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. 62-ാം മിനിറ്റില്‍ ഗാക്പോയുടെ ഷോട്ട് റൊമാനിയന്‍ ഗോളി ഫ്ളോറിന് സേവ് ചെയ്തു. അടുത്ത മിനിറ്റില്‍ ഗാക്പോ വലകുലുക്കിയെങ്കിലും വാര് പരിശോധനയില്‍ ഓഫ്സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു.
റൊമാനിയന്‍ ബോക്സിലേക്ക് ഇരച്ചെത്തിയ ഡച്ച് മുന്നേറ്റനിര പലതവണ ഗോളിനടുത്തെത്തി. സാവി സിമണ്‍സും ഗാക്പോയും ഡീപേയും റൊമാനിയയ്ക്ക് വെല്ലുവിളിയുയര്‍ത്തി. മുന്നേറ്റങ്ങള്‍ തടയാന്‍ റൊമാനിയ നന്നായി ബുദ്ധിമുട്ടി. 83-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് രണ്ടാം ഗോളും നേടി. ഡോണിയെല്‍ മലനാണ് ഡച്ച് പടയ്ക്കായി വലകുലുക്കിയത്. ഇടതുവിങ്ങിലൂടെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ഗാക്പോയാണ് അസിസ്റ്റ് നല്‍കിയത്. ഔട്ട്ലൈനിലൂടെ വിദഗ്ധമായി പന്തെടുത്ത് മുന്നേറിയ ഗാക്പോ നല്കിയ പാസ് വലയിലേക്ക് മലന് അനായാസം തട്ടിയിട്ടു. 93-ാം മിനിറ്റില്‍ മലന് വീണ്ടും വലകുലുക്കിയതോടെ റൊമാനിയയുടെ വിധി കുറിക്കപ്പെട്ടു. നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.