- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോ കപ്പിലെ താരമായി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ എന്‍ജിന്‍ റോഡ്രി; യുവതാരത്തിനുള്ള പുരസ്കാരം യമാലിന്; പെലെയെ വീണ്ടും പിറകിലാക്കി റെക്കോഡ്
ബെര്‍ലിന്‍: യൂറോ കപ്പിലെ മികച്ച താരമായി സ്‌പെയിനിന്റെ മിഡ്ഫീല്‍ഡ് എന്‍ജിന്‍ റോഡ്രി തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ യുവതാരമായി വിംഗര്‍ ലമീന്‍ യമാലും തെരഞ്ഞെടുക്കപ്പെട്ടു. ടീമിനെ നാലാം തവണയും കിരീടത്തിലേക്ക് നയിക്കുന്നതില്‍ ഇരുവരും നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തിയ കലാശപ്പോരില്‍ മുട്ടുകാലിലെ പരിക്ക് കാരണം ഒന്നാം പകുതിക്ക് ശേഷം കയറേണ്ടി വന്നെങ്കിലും ടൂര്‍ണമെന്റിലുടനീളം നടത്തിയ മിന്നും പ്രകടനമാണ് റോഡ്രിക്ക് തുണയായത്. ജോര്‍ജിയക്കെതിരായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റി താരം തകര്‍പ്പന്‍ പാസുകളുമായി ടൂര്‍ണമെന്റിലുടനീളം കളം നിറഞ്ഞ് കളിച്ചിരുന്നു. സ്‌പെയിനിനൊപ്പം നേഷന്‍സ് ലീഗ് കിരീടം നേടിയ 28കാരന്‍ നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗും എഫ്.എ കപ്പും യുവേഫ സൂപ്പര്‍ കപ്പും ക്ലബ് വേള്‍ഡ് കപ്പുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ലാമിന്‍ യമാലും ഏറെ ശ്രദ്ധ നേടി. യകഴിഞ്ഞദിവസമാണ് യമാലിന് 17 വയസ്സ് പൂര്‍ത്തിയായത്. ഫൈനലില്‍ സ്പെയിനിന്റെ ആദ്യ ഗോള്‍ പിറന്നത് യമാലിന്റെ അസിസ്റ്റില്‍നിന്നായിരുന്നു. ബോക്‌സിന്റെ വലതുവശത്തുനിന്ന് യമാല്‍ മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിക്കോ വില്യംസിനെ ലക്ഷ്യംവെച്ച് നല്‍കിയ പന്ത് ഫലം കണ്ടു. വില്യംസിന് തന്റെ ഇടംകാലുകൊണ്ട് അനായാസം പന്ത് വലയിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. 47-ാം മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ യമാലിന് ടൂര്‍ണമെന്റില്‍ നാല് അസിസ്റ്റും ഒരു ഗോളും സ്വന്തം പേരില്‍ ചേര്‍ക്കാനായി.
സെമി ഫൈനലില്‍ ഫ്രാന്‍സിനോട് ഒരു ഗോളിന് പിന്നില്‍ നില്‍ക്കേ, യമാല്‍ നേടിയ കിടിലന്‍ ഗോളാണ് സ്പെയിനിനെ കളിയിലെക്ക് തിരികെയെത്തിച്ചിരുന്നത്. 21-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട നല്‍കിയ പന്തുമായി മുന്നോട്ടുകയറി ബോക്‌സിന് തൊട്ടുമുന്നില്‍നിന്ന് യമാല്‍ തൊടുത്ത ഷോട്ട് ഫ്രഞ്ച് വലയിലേക്ക് തിരിഞ്ഞിറങ്ങിയായിരുന്നു ഗോള്‍.. ഫ്രഞ്ച് ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്തായിരുന്നു ഈ കുതിപ്പ്.
അതിനിടെ യമാല്‍ ബ്രസീല്‍ ഇതിഹാസം പെലെയുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്നു. ബര്‍ലിനില്‍ നടന്ന 2024 യൂറോ കപ്പ് ഫൈനലില്‍ ഇറങ്ങിയതോടെ പുരുഷ ലോകകപ്പിലോ യൂറോ കപ്പിലോ കോപ്പ അമേരിക്കയിലോ ഫൈനലില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് സ്വന്തം പേരില്‍ ചേര്‍ത്തത്. 17 വയസ്സ് പൂര്‍ത്തിയായി ഒരു ദിവസത്തിന് ശേഷമാണ് യമാല്‍ ടീമിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുന്നത്. 1958-ല്‍ 17 വയസ്സും 249 ദിവസവും പ്രായമുള്ളപ്പോഴാണ് പെലെ ബ്രസീലിനായി ലോകകപ്പിലിറങ്ങിയത്. 66 വര്‍ഷം പഴക്കമുള്ള ഈ റെക്കോഡാണ് യമാല്‍ മറികടന്നത്.
ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള ഗോള്‍ഡര്‍ ബൂട്ട് ആറ് താരങ്ങള്‍ പങ്കിട്ടു. മൂന്ന് ഗോളുകള്‍ വീതം നേടിയ സ്‌പെയിനിന്റെ ഡാനി ഒല്‍മൊ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, നെതര്‍ലാന്‍ഡിന്റെ കോഡി ഗാക്‌പോ, ജര്‍മനിയുടെ ജമാല്‍ മുസിയാല, സ്ലൊവാക്യയുടെ ഇവാന്‍ ഷ്രാന്‍സ്, ജോര്‍ജിയയുടെ ജോര്‍ജെ മികോട്ടഡ്‌സെ എന്നിവരാണ് ടോപ് സ്‌കോറര്‍ പട്ടികയിലുള്ളത്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിന് ഫ്രാന്‍സിന്റെ മൈക് മെയ്ഗ്‌നന്‍ തെരഞ്ഞെടുക്കപ്പെട്ടു.