- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഡെടുത്ത ശേഷം രണ്ടു ഗോളുകള്‍ വഴങ്ങിയ ഫ്രാന്‍സ്; യൂറോ കപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി ലാമിന് യമാല്‍; യൂറോയില്‍ സ്പെയിന് ഫൈനലില്‍
മ്യൂണിക്ക്: യൂറോ കപ്പില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്പെയിന് ഫൈനലില്‍. ഒമ്പതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്പെയിന് ജയം സ്വന്തമാക്കിയത്. യൂറോയില്‍ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്. ഇത്തവണത്തെ യൂറോയില്‍ സ്പെയിനിന്റെ തുടര്‍ച്ചയായ ആറാം ജയമായിരുന്നു ഇത്. നെതര്‍ലന്‍ഡ്സ് - ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച രാത്രി ബെര്‍ലിനില്‍ നടക്കുന്ന ഫൈനലില്‍ സ്പെയിന് നേരിടും.
യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും സ്പെയിന് സ്വന്തമാക്കി. ഒമ്പതാം മിനിറ്റില്‍ കോലോ മുവാനിയിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെതിരേ ലമിന് യമാലിലൂടെയും ഡാനി ഓല്‍മോയിലൂടെയും സ്പെയിന് തിരിച്ചടിക്കുകയായിരുന്നു. ഇതിന് മുമ്പില്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 16 വയസ്സുകാരന് ലാമിന് യമാലും നിക്കോ വില്യംസും തകര്‍ത്താടിയതാണ് ഫ്രാന്‍സിനെ തകര്‍ത്തത്.
തുടക്കം മുതല്‍ പതിവുപോലെ സ്പെയിന് മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. ഒമ്പതാം മിനിറ്റില്‍ ബോക്സിന്റെ ഇടതുഭാഗത്തു നിന്ന് സമയമെടുത്ത് കിലിയന്‍ എംബാപ്പെ ഉയര്‍ത്തി നല്കിയ പന്ത് ഹെഡറിലൂടെ കോലോ മുവാനി വലയിലാക്കുകയായിരുന്നു. ഇത്തവണത്തെ യൂറോയില്‍ ഓപ്പണ്‍ പ്ലേയില്‍നിന്ന് ഫ്രാന്‍സ് നേടുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. ഗോള്‍വീണതോടെ സ്പാനിഷ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറി. രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് മത്സരത്തിലേക്ക് വന്നു. അവസാന മിന്നിറ്റില്‍ ഫ്രാന്‍സ് പ്രത്യാക്രമണം കടുപ്പിച്ചെങ്കിലും സ്പെയിനിന്റെ പ്രതിരോധം മികച്ചതായി.
യൂറോയില്‍ അഞ്ചാം ഫൈനല്‍ കളിക്കാനാണ് സ്പെയിന് ഒരുങ്ങുന്നത്. 2024 യൂറോ കപ്പില്‍ തോല്‍വി അറിയാതെയാണ് സ്പെയിന് ഫൈനല്‍ വരെ മുന്നേറിയത്. 2012 യൂറോ കപ്പ് ജേതാക്കളായതിനു ശേഷം ആദ്യമായാണ് സ്പെയിന് യൂറോ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നതെന്ന പ്രത്യേകയുമുണ്ട്. സെമിയില്‍ ലാമിന് യമാല്‍ (21ാം മിനിറ്റ്), ഡാനി ഒല്‍മോ (25) എന്നിവരാണ് സ്പെയിനിന്റെ ഗോള്‍ സ്കോറര്‍മാര്‍. 9ാം മിനിറ്റില്‍ കോലോ മുവാനി ഫ്രാന്‍സിന്റെ ഗോള്‍ നേടി.
ആദ്യ പകുതിയില്‍ ലീഡെടുത്ത ശേഷം ഫ്രാന്‍സ് രണ്ടു ഗോളുകള്‍ വഴങ്ങുകയായിരുന്നു. യൂറോ കപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമാണ് 16 വയസ്സുകാരനായ ലാമിന് യമാല്‍. 2004 യൂറോയില്‍ 18 വയസ്സും 141 ദിവസവും പ്രായമുള്ളപ്പോള്‍ ഗോള്‍ നേടിയ സ്വിറ്റ്സര്‍ലന്‍ഡിന്റെ ജൊനാതന്‍ വോണ്‍ലാതനെയാണ് യമാല്‍ പിന്നിലാക്കിയത്. 16 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോഴാണ് യമാലിന്റെ നേട്ടം.
ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങിയപ്പോള്‍ യൂറോയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡും യമാല്‍ സ്വന്തമാക്കിയിരുന്നു. സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാര്‍സിലോന ക്ലബ്ബിന്റെ താരമായ യമാല്‍ ഇത്തവണ യൂറോയില്‍ സ്പെയിനിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരു ഗോളും 3 അസിസ്റ്റുകളുമാണ് റൈറ്റ് വിങ്ങറായി കളിക്കുന്ന യമാല്‍ ഇതുവരെ നേടിയത്.