മലപ്പുറം : ലോകം മുഴുവൻ കാൽപ്പന്തിനെ നെഞ്ചിലേറ്റുമ്പോൾ ഖത്തർ ലോക കപ്പിനെ ഖൽബിലേറ്റുകയാണ് മലപ്പുറത്തെ പെൺകുട്ടികൾ. മലപ്പുറം രാജാജി അക്കാദമിയിലെ കമ്പ്യൂട്ടർ, പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലെ വിദ്യാർത്ഥികളായ ശ്രീലക്ഷ്മി പോർച്ചുഗലിന്റെയും ജിഷിതയും ഷാലിനിയും വിനീതയും ബ്രസീലിന്റെയും ഹനീന, നീതു പി, ജിൻസി അർജന്റീനയുടെയും ഷഹ്്ലയും രേഷ്മയും ഫ്രാൻസിന്റെയും പ്രിൻസിയും നിഷയും ഇംഗ്ലണ്ടിന്റെയും ജഴ്സിയണിയുകയും ടീമുകളുടെ ജേഴ്‌സിയുടെ മുഖത്തു ചായമായി പൂശുകയും ചെയ്തു. വലിയ ആവേശത്തോടെയാണു പെൺകുട്ടികളും ലോക കപ്പ് ഫുട്‌ബോളിനെ കാണുന്നത്. മെസിയും റോണാൾഡോയും നെയ്മറും ഹാരി കെയിനുമായി ലോക കപ്പിനെ വരവേറ്റു.

ഖത്തറോളം ആവേശം പരിപാടി അറോളം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ലോക കപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികളും ഇഷ്ട ടീമുകൾക്ക് ജയ് വിളിച്ചും ആരാധകരും എല്ലായിടത്തും സജീവമാണ്. പെരിന്തൽമണ്ണയിലെ ഫുട്‌ബോൾ ആരാധകർക്ക് ഏറ്റവും സന്തോഷം പകരുന്നൊരു വാർത്തയുമായാണ് കല്യാൺ സിൽക്‌സും കല്യാൺ ഹൈപ്പർമാർക്കറ്റും ഇക്കുറി വേൾഡ് കപ്പിനെ വരവേൽക്കുന്നത്.

പ്രിയതാരങ്ങളുടെ കളിലൈവ് ആയി കാണുവാനുള്ള അവസരം പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയുടെയും പ്രീമിയർ ക്ലബ്ബിന്റേയും ആഭ്യമുഖ്യത്തിൽ കല്യാൺ ഒരുക്കിയിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്‌ക്രീനിൽ തികച്ചും സൗജന്യമായി ആരാധകർക്ക് ലോക കപ്പ് ആസ്വദിക്കാം. ലോക കപ്പ് ആരംഭിക്കുന്ന ദിവസമായ നവംബർ 20 മുതൽ ഫൈനൽ ദിവസമായ ഡിസംബർ 18 വരെ പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിലായിരിക്കും പെരിന്തൽമണ്ണ : ഖത്തർ ലൈവ് എന്ന പേരിൽ വേൾഡ് കപ്പ് പൂരം നടക്കുവാൻ പോകുന്നത്. കല്യാണിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ഇവന്റുകൾ കല്യാൺ സിൽക്‌സും കല്യാൺ ഹൈപ്പർമാർക്കറ്റും സംഘടിപ്പിക്കുന്നത്.

അതേ സമയം ലോകകപ്പ് ഫുട്‌ബോൾ മാതൃകയും കയ്യിലേന്തി 2022 ഗോളുകളുമായി ഖത്തർ വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരത്തെ സ്വാഗതം ചെയ്ത് പുകയൂർ ഗവൺമെന്റ് എൽ പി സ്‌കൂൾ വിദ്യാർത്ഥികളും രംഗത്തുവന്നു. ഭിന്നശേഷിക്കാരനായ അഫ്‌ളഹ് ഗോളടിച്ചത് കൂട്ടുകാരെ ആവേശത്തിലാക്കി. ലഹരിക്കെതിരായുള്ള മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായാണ് കുട്ടികൾ അണിനിരന്നത്.പരിപാടി പിടിഎ പ്രസിഡന്റ് സി.വേലായുധൻ ഉദ്ഘാടനം ചെയ്തു.എ.ആർ നഗർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ, പ്രധാനധ്യാപിക പി.ഷീജ , രക്ഷിതാക്കൾ, വിവിധ ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.അദ്ധ്യാപകരായ കെ.സഹല, കെ.റജില, സി.ശാരി, രാധിക, രജിത എന്നിവർ നേതൃത്വം നൽകി.