മുംബൈ: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി വിരമിക്കുന്നു. ഇന്ത്യൻ ടീം ക്യാപ്ടൻ കൂടിയാണ് ഛേത്രി. ജൂൺ ആറിന് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന് 39 കാരനായ ഇതിഹാസ താരം സുനിൽ ഛേത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്റെ തീരുമാനം അറിയിച്ചത്.

രണ്ടുപതിറ്റാണ്ടോളം നീണ്ട കരിയറിനൊടുവിൽ ഇന്ത്യൻ ഫുട്ബാളിന്റെ ഇതിഹാസമായാണ് ഛേത്രിയുടെ മടക്കം. 2005 ജൂൺ 12-ന് പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ച താരം 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ സജീവമായ കളിക്കാരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും തൊട്ടുപിന്നിലാണ് ഛേത്രി. ആറ് തവണ എ.ഐ.എഫ്.എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ താരത്തെ 2011-ൽ അർജുന അവാർഡും 2019-ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.

2008 ലെ എ.എഫ്.സി ചലഞ്ച് കപ്പ്, 2011, 2015 ലെ സാഫ് ചാമ്പ്യൻഷിപ്പ്, 2007, 2009, 2012 ലെ നെഹ്റു കപ്പ്, 2017 ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവയിൽ കിരീടം നേടിയ ഇന്ത്യൻ ടീമുകളുടെ ഭാഗമായിരുന്നു സുനിൽ ഛേത്രി. രാജ്യത്തിനകത്തും പുറത്തുമായി ഒമ്പത് ക്ലബ്ബുകൾക്കായി കളിച്ചു. അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബ് കൻസാസ് സിറ്റിക്കും പോർച്ചുഗലിലെ സ്പോർട്ടിങ് ലിസ്‌ബൺ റിസർവ് ടീമിനും കളിച്ചു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ജെ.സി.ടി, ഡെംപോ ഗോവ, ചിരാഗ് യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്സ്, മുംബൈ സിറ്റി ടീമുകൾക്കായും ബൂട്ടുകെട്ടി.

2011-ൽ അർജുന പുരസ്‌കാരവും 2019-ൽ പത്മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു. എ.എഫ്.സി. ചാലഞ്ച് കപ്പ് (2008), സാഫ് കപ്പ് (2011, 2015), നെഹ്റു കപ്പ് (2007, 2009, 2012) നേട്ടങ്ങളിൽ പങ്കാളി. ഇന്ത്യയ്ക്കായി കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ചതിന്റെയും ഗോളുകൾ നേടിയതിന്റെയും റെക്കോഡ് ഛേത്രിയുടെ പേരിലാണ്. 2019-ൽ കിങ്സ് കപ്പിൽ കുറാസാവോക്കെതിരേ കളിക്കാനിറങ്ങിയപ്പോഴാണ് 107 മത്സരമെന്ന ബൈച്ചുങ് ബൂട്ടിയയുടെ റെക്കോഡ് ഛേത്രി മറികടന്നത്.

അടുത്തമാസമാണ് ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം. ജൂൺ ആറിന് കുവൈത്തുമായുള്ള മത്സരത്തിന് ശേഷം കളമൊഴിയും. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ നാല് പോയിന്റുമായി നിലവിൽ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് പോയിന്റുമായി കുവൈത്ത് നാലാമതാണ്.