- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഭീറിനെ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി നിയമിക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം ഐപിഎൽ കിരീടം നേടിയതിന്റെ ആഹ്ലാദത്തിലാണ് ടീമിന്റെ മെന്റർ ഗൗതം ഗംഭീർ. ആഘോഷങ്ങൾ തീരും മുമ്പേ തന്നെ ഗംഭീറിനെ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി നിയമിക്കുമെന്ന് റിപ്പോർട്ട്. രാഹുൽ ദ്രാവിഡിന് പകരം എത്തുക ഗംഭീറായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാള്ച അവസാനിച്ചു. ഗംഭീറിന്റെ പേരാണ് ഏറ്റവും മുൻപന്തിയിൽ, വിശേഷിച്ചും, കൊൽക്കത്ത ഐപിഎല്ലിൽ കപ്പടിച്ച ശേഷം. ഞായറാഴ്ച ബിസിസിഐ സെക്രട്ടറി ജയ്ഷാ കൊൽക്കത്തയുടെ വിജയത്തിന് ശേഷം ഗംഭീറുമായി കൂടിക്കാഴ്ച നടത്തിയതോടെ, കാര്യങ്ങൾക്ക് തീരുമാനമായെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം.
ക്രിക് ബസിൽ വന്ന സമീപകാല റിപ്പോർട്ടും, ഗംഭീറിനെ ഹെഡ് കോച്ചാക്കാനുള്ള സാധ്യതകളെ ശരിവയ്ക്കുന്നു. ' ഗംഭീറിന്റെ നിയമന കാര്യത്തിൽ തീരുമാനമായെന്നും പ്രഖ്യാപനം ഉടൻ വരുമെന്നുമാണ് ബിസിസിഐ ഉന്നതരുമായി അടുത്ത ബന്ധമുള്ള ഒരു ഐപിഎൽ ടീം ഉടമ ക്രിക്ക ബസിനോട് പറഞ്ഞത്.
ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഏതെങ്കിലും മുൻ ഓസ്‌ട്രേലിയൻ താരത്തെ സമീപിച്ചിട്ടില്ലെന്ന് ജയ്ഷാ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ദ്രാവിന്റെ പിൻഗാമി രാജ്യത്തെ ക്രിക്കറ്റിന്റെ ഘടനയെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള ആളായിരിക്കണമെന്നും അതൊരു ഇന്ത്യാക്കാരൻ ആയിരിക്കാമെന്നും ജയ്ഷാ സൂചിപ്പിച്ചിരുന്നു.
മൂന്നാം ഊഴത്തിന് തനിക്ക് താൽപര്യമില്ലെന്ന് ദ്രാവിഡ് ബോർഡിനോട് വ്യക്തമാക്കി കഴിഞ്ഞു. മുൻ ഓസ്‌ട്രേലിയൻ താരങ്ങളായ റിക്കി പോണ്ടിംഗും, ജസ്റ്റിൻ ലാംഗറും തങ്ങൾ ഈ വിഷയത്തിലെ അഭ്യർത്ഥനകൾ തള്ളിക്കളഞ്ഞതായാണ് പ്രതികരിച്ചത്.
രാജ്യത്തിന് വേണ്ടി അത് ചെയ്യണം എന്ന വിശ്വാസത്തിലാണ് ഗംഭീറും, ബിസിസിഐയും കണ്ണിചേരുന്നത്. ഇന്ത്യൻ പരിശീലകരിൽ നിന്ന് ഗംഭീറിന്റെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നതെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അപേക്ഷിക്കുകയാണെങ്കിൽ തന്നെ പരിശീലകനാക്കണമെന്ന ഉപാധി ഗംഭീർ ബിസിസിഐക്ക് മുന്നിൽ വെച്ചതായി ഇന്നലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്ന് വർഷ കരാറിലാണ് ടീം ഇന്ത്യയുടെ പരിശീലകനാവേണ്ടത്. വർഷത്തിൽ 10 മാസമെങ്കിലും ടീമിനൊപ്പം വേണം. ഇക്കാരണത്താൽ, പ്രധാന വിദേശ പരിശീലകരാരും ഇന്ത്യൻ മുഖ്യപരിശീലകനാകാൻ സന്നദ്ധത അറിയിച്ചിട്ടുമില്ല.