ഫറ്റോർഡ: ഐഎസ്എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ ഗംഭീര ജയവുമായി വിജയവഴിയിലേക്ക് എഫ്‌സി ഗോവ. ഫറ്റോർഡ സ്റ്റേഡിയത്തിലെ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗോവയുടെ ആധികാരിക വിജയം. സീസണിലെ മൂന്നാം ജയത്തോടെ പോയിന്റ് പട്ടികയിൽ ഗോവ രണ്ടാം സ്ഥാനത്തേക്ക് കയറി.

ഗോവ 4-2-3-1 ശൈലിയിലും ജംഷഡ്പൂർ 4-4-2 ശൈലിയിലുമാണ് കളത്തിലെത്തിയത്. ആദ്യപകുതിയിൽ 12 മിനുറ്റുകൾക്കുള്ളിൽ തന്നെ ഇരട്ട ഗോളുമായി ഗോവ മത്സരത്തിൽ മേധാവിത്വം പിടിച്ചെടുത്തു. രണ്ടാം മിനുറ്റിൽ സ്‌ടൈക്കർ ഐക്കർ ഗോയ്‌റൊച്ചേന സുന്ദരൻ ഫിനിഷിലൂടെ ആദ്യ ഗോൾ നേടി. 12-ാം മിനുറ്റിൽ നോഹ് സദോയിയും ഗോവയ്ക്കായി വലചലിപ്പിച്ചു. പിന്നീട് ഇരു ടീമും, പ്രത്യേകിച്ച് ഗോവ ശ്രമങ്ങൾ നടത്തിയെങ്കിലും കൂടുതൽ ഗോൾ മാറിനിന്നു.

എന്നാൽ ഏഴ് മിനുറ്റ് അധികസമയം അനുവദിച്ചതോടെ ഗോവയുടെ മൂന്നാം ഗോളെത്തി. 93-ാം മിനുറ്റിൽ ബ്രൈസൻ ഫെർണാണ്ടസാണ് പട്ടിക തികച്ചത്. ജയത്തോടെ നാല് മത്സരങ്ങളിൽ 9 പോയിന്റുമായി ഗോവ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. നാല് പോയിന്റ് മാത്രമുള്ള ജംഷഡ്പൂർ എട്ടാം സ്ഥാനക്കാരാണ്.

നാളെ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ചെന്നൈയിൻ എഫ്‌സി നേരിടും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്‌സസിന് മത്സരമുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ ഗുവാഹത്തിയിലാണ് മത്സരം.