- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഗോകുലം; വിജയം 4-3 എന്ന നിലയിൽ; പ്രമുഖ താരങ്ങളെയെല്ലാം ബെഞ്ചിലിരുത്തിയ ബ്ലാസ്റ്റേഴ്സിന് തുടക്കം പിഴച്ചു
കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ അട്ടിമറി. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോകുലം കേരള എഫ്.സിക്ക് തകർപ്പൻ ജയം. മൂന്നിനെതിരെ നാലു ഗോളിനാണ് ഗോകുലത്തിന്റെ അട്ടിമറി ജയം. 17ാം മിനിറ്റിൽ കോർണർ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് അമിനൗ ബൗബയാണ് ഗോകുലത്തിനായി ഗോൾവേട്ട തുടങ്ങിയത്.
പിന്നാലെ 36ാം മിനിറ്റിൽ ഇമ്മാനുവൽ ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെടുത്ത കോർണർ കിക്കിൽനിന്ന് ലഭിച്ച പന്ത് ജസ്റ്റിൻ വലയിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാൽ 43ാം മിനിറ്റിൽ അലക്‌സ് സാഞ്ചസിന്റെ അസിസ്റ്റിൽ മലയാളി താരം ശ്രീകുട്ടൻ ഗോകുലത്തെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ നവോച്ചയുടെ സെൽഫ്‌ഗോൾ കൂടിയെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് 3-1ന് പിറകിലായി.
ഇടവേള കഴിഞ്ഞ് തിരിച്ചെത്തി രണ്ട് മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സ് വലയിൽ ഒരു ഗോൾ കൂടി അടിച്ചുകയറ്റി ഗോകുലം വിജയമുറപ്പിച്ചു. അലക്‌സ് സാഞ്ചസിന്റെ അസിസ്റ്റിൽ അഭിജിത്താണ് ഇത്തവണ സ്‌കോർ ചെയ്തത്. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് അഭിജിത്തിന്റെ തകർപ്പൻ ഷോട്ട് കീപ്പർ സച്ചിൻ സുരേഷിന് ഒരവസരവും നൽകിയില്ല.
സബ്സ്റ്റിറ്റിയൂഷനുകളിലൂടെ തിരിച്ചുവരാനുള്ള ബ്ലാസ്റ്റേഴ്സ് നീക്കം 53ാം മിനിറ്റിൽ ഫലംകണ്ടു. പ്രബീർ ദാസിലൂടെ ഒരു ഗോൾ തിരിച്ചടിച്ചതോടെ സ്‌കോർ 4-2. 77ാം മിനിറ്റിൽ വിദ്യാസാഗറിന്റെ അസിസ്റ്റിൽ ക്യാപ്റ്റൻ ലൂണ കൂടി വല കുലുക്കിയതോടെ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും പ്രതിരോധപ്പൂട്ടിട്ട് ഗോകുലം ജയം പിടിച്ചെടുക്കുകയായിരുന്നു.
സീസണിലെ ആദ്യ മത്സരത്തിൽ ലൂണയും ജീക്സണും ഒഴികെയുള്ള പ്രമുഖ താരങ്ങളെയെല്ലാം ബെഞ്ചിലിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്.
മറുനാടന് ഡെസ്ക്