ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹാവിയർ സിവിയേറോയുടെ മിന്നും ഗോളിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിന് തകർപ്പൻ ജയം. എഫ്.സി.ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് മറികടന്നത്. സ്വന്തം മണ്ണിൽ നടന്ന മത്സരത്തിൽ ഹൈദരാബാദിനായി ഹാവിയർ സിവിയേറോ വിജയഗോൾ നേടി. ഗോവയുടെ സീസണിലെ ആദ്യ തോൽവി കൂടിയാണിത്. ഹൈദരാബാദ് തുടർച്ചയായ നാലാം മത്സരത്തിലും പരാജയമറിയാതെ കുതിപ്പ് തുടർന്നു.

ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയന്റാണ് ടീമിനുള്ളത്. ഗോവ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റാണ് ടീമിനുള്ളത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് ഗോവയായിരുന്നുവെങ്കിലും നിർണായക ഗോളടിച്ച് ഹൈദരാബാദ് വിജയം നേടുകയായിരുന്നു. മത്സരത്തിന്റെ 10-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. സൂപ്പർതാരം ബർത്തലോമ്യു ഓഗ്ബെച്ചെയുടെ അസിസ്റ്റിൽ നിന്നാണ് സിവിയേറോ ലക്ഷ്യം കണ്ടത്.

ത്രോയിലൂടെ ലഭിച്ച പന്ത് ഹെഡ്ഡ് ചെയ്ത് ഓഗ്ബെച്ചെ സിവിയേറോയ്ക്ക് കൈമാറി. പന്ത് സ്വീകരിച്ച് മുന്നേറിയ സിവിയേറോ ഗോൾകീപ്പർ അർഷ്ദീപ് സിങ്ങിനെ നിസ്സഹായനാക്കി ലക്ഷ്യം കണ്ടു. ഈ ഗോളിന്റെ ബലത്തിലാണ് ഹൈദരാബാദ് വിജയം നേടിയത്. ഹൈദരാബാദ് പ്രതിരോധം ശക്തിപ്പെടുത്തതോടെ ഗോവയുടെ സമനില ഗോൾ നേടാനുള്ള ശ്രമങ്ങളെല്ലാം പാഴായി.

83-ാം മിനിറ്റിൽ ഗോവയ്ക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. ഗോവയുടെ ആൽവാരോ വാസ്‌ക്വസിനെ ബോക്സിനുള്ളിൽ വെച്ച് ഹൈദരാബാദിന്റെ ആകാശ് മിശ്ര വീഴ്‌ത്തി. ഇത് കണ്ട റഫറി മറ്റൊന്നുമാലോചിക്കാതെ പെനാൽട്ടി വിധിച്ചു. എന്നാൽ കിക്കെടുത്ത സൂപ്പർതാരം വാസ്‌ക്വെസിന് പിഴച്ചു. താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. സമനില നേടാനുള്ള സുവർണാവസരം ഗോവയ്ക്ക് നഷ്ടമായി.വൈകാതെ മത്സരം ഹൈദരാബാദ് സ്വന്തമാക്കി.