ബെംഗളൂരു: ഫുട്‌ബോളിൽ ഇന്ത്യയും കപ്പുകൾ നേടുന്നു. ഇന്റർ കോണ്ടിനന്റൽ കപ്പിന് പിന്നാലെ സാഫ് കപ്പും ഇന്ത്യൻ ഫുട്‌ബോൾ ടീം ഉയർത്തി ചരിത്രം കുറിച്ചു. നിശ്ചിത സമയവും അധികസമയവും പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിലെത്തിയ തീപാറിയ പോരാട്ടം... ആവേശം വാനോളമുയർന്ന 2023 സാഫ് കപ്പ് ഫൈനലിൽ കുവൈത്തിനെ തകർത്ത് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടു. ലോക റാങ്കിംഗിൽ ഇന്ത്യ ഇപ്പോൾ നൂറാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

കുവൈത്തിനെതിരെ ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശ ഫൈനലിൽ എക്‌സ്ട്രാടൈമിലും മത്സരം 1-1ന് സമനിലയിൽ തുടർന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടാണ് വിജയികളെ കണ്ടെത്തിയത്. അതിശക്തമായ ഏഷ്യൻ ടീമാണ് കുവൈത്ത്. അതുകൊണ്ട് തന്നെ വിജയത്തിന് മധുരം ഏറെയാണ്. ഷൂട്ടൗട്ട് സഡൻ ഡത്തിലേക്ക് നീണ്ടപ്പോൾ ഇന്ത്യ 5-4ന് കുവൈത്തിനെ മലർത്തിയടിച്ചു.

ഷൂട്ടൗട്ടിൽ ഇന്ത്യക്കായി സുനിൽ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയൻസുവാല ചാംഗ്‌തേയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോൾ ഉദാന്ത സിങ് കിക്ക് പാഴാക്കി. എങ്കിലും സഡൻ ഡത്തിലെ കുവൈത്തിന്റെ ആദ്യ കിക്ക് ഗുർപ്രീത് സിങ് സന്ധു തടുത്തതോടെ ഇന്ത്യ കിരീടമണിഞ്ഞു. സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒൻപതാം കിരീടമാണിത്. സുനിൽ ഛേത്രിയുടെ നായക മികവിനുള്ള അംഗീകാരമാണ് ഈ കപ്പും.

ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളിയെന്ന വിശേഷണം ഇനി ഗുർപ്രീതിന് നൽകാം. 61 മത്സരങ്ങളിൽ നിന്ന് 24 ക്ലീൻ ഷീറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റൊരു ഗോളിക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. സുബ്രതാ പാൽ 67 മത്സരത്തിൽ നിന്ന് 18 ക്ലീൻ ഷീറ്റാണ് നേടിയത്. മൊഹാലിയിൽ വളർന്ന് ഇന്ന് ഇന്ത്യയുടെ കാവൽ മാലാഖയായി മാറാൻ ഗുർപ്രീതിന് സാധിച്ചു. അദ്ദേഹത്തിന്റെ മിന്നും പ്രകടനമില്ലായിരുന്നെങ്കിൽ കിരീടം ഇന്ത്യ കൈവിടുമായിരുന്നുവെന്നുറപ്പ്.

ത്രില്ലടിപ്പിക്കുന്നതായിരുന്നു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ആദ്യപകുതി. കിക്കോഫായി 14-ാം മിനുറ്റിൽ ഇന്ത്യയെ ഞെട്ടിച്ച് കുവൈത്ത് ലീഡ് പിടിച്ചു. അൽ ബുലൗഷിയുടെ അസിസ്റ്റിൽ ഷബീബ് അൽ ഖാൽദിയുടെ വകയായിരുന്നു ഗോൾ. 38-ാം മിനുറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ ഇടത് പാർശ്വത്തിൽ നിന്നുള്ള ക്രോസിൽ ലാലിയൻസുവാല ചാംഗ്‌തേ ഇന്ത്യയെ 1-1ന് സമനിലയിലേക്ക് നയിച്ചു. പിന്നീട് ഇന്ത്യ പ്രതിരോധം ശക്തമാക്കി. ആക്രമണവും തുടർന്നു.

ഇതിനിടെ മത്സരം പലകുറി കയ്യാങ്കളിയായി. രണ്ടു ടീമുകളുടേയും പ്രതിരോധം അതിശക്തമായപ്പോള്ഡ മത്സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടു. അവിടേയും വലകുലുക്കാൻ ഇരു ടീമുകൾക്കും കഴിയാതെ വന്നതോടെ ഫലത്തിനായി ഷൂട്ടൗട്ടിനെ ആശ്രയിക്കുകയായിരുന്നു. അവിടെ ഗോൾ കീപ്പർ ഇന്ത്യയുടെ രക്ഷകനായി. സമ്മർദ്ദമില്ലാതെ താരങ്ങൾ ഗോളുകളും അടിച്ചു. അങ്ങനെ സാഫ് കിരീടം ഇന്ത്യ വീണ്ടും സ്വന്തമാക്കി.

ഇഗോർ സ്റ്റിമാക് 4-2-3-1 ശൈലിയിലാണ് ബെംഗളൂരുവിലെ ശ്രീകണ്ഠീര സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിനെ അണിനിരത്തിയത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഏക സ്ട്രൈക്കറായി എത്തിയപ്പോൾ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും സ്റ്റാർട്ടിങ് ഇലവനിലുണ്ടായിരുന്നു. അതേസമയം 4-3-3 ഫോർമേഷനിലാണ് റൂയി ബെന്റോയുടെ കുവൈത്ത് മൈതാനത്തെത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി സുനിൽ ഛേത്രിയാണ് ആദ്യം കിക്കെടുത്തത്. താരം അനായാസം വലകുലുക്കി. എന്നാൽ കുവൈത്തിന്റെ എമ്മെ ദഹം എടുത്ത ആദ്യ കിക്ക് ബാറിലിടിച്ച് തെറിച്ചു. ഇന്ത്യയ്ക്കായി രണ്ടാം കിക്കെടുത്ത ജിംഗാനും ലക്ഷ്യം കണ്ടു. കുവൈത്തിനായി രണ്ടാം കിക്കെടുത്ത ഫവാസ് ലക്ഷ്യം കണ്ടതോടെ സ്‌കോർ 2-1 ആയി. ചങ്തെയെടുത്ത ഇന്ത്യയുടെ മൂന്നാം കിക്കും വലതുളച്ചതോടെ ഇന്ത്യ ലീഡ് 3-1 ആക്കി ഉയർത്തി. എന്നാൽ കുവൈത്തിനായി മൂന്നാം കിക്കെടുത്ത അൽ ദഫൈരി ലക്ഷ്യം കണ്ട് ലീഡ് 3-2 ആക്കി കുറച്ചു.

ഇന്ത്യയുടെ നാലാം കിക്കെടുത്ത ഉദാന്ത സിങ്ങിന്റെ ചിപ്പ് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇതോടെ ഇന്ത്യ പതറി. അബ്ദൂൾ അസീസിലൂടെ കുവൈത്ത് നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌കോർ 3-3 ആയി. ഇതോടെ മത്സരം ആവേശത്തിലായി. സുഭാശിഷാണ് ഇന്ത്യയ്ക്കായി അഞ്ചാം കിക്കെടുത്തത്. പന്ത് ഗോൾകീപ്പറെ മറികടന്ന് വലയിലെത്തി. കുവൈത്തിനായി അഞ്ചാം കിക്കെടുത്ത അൽ ഖൽദിയും ലക്ഷ്യം കണ്ടതോടെ പെനാൽറ്റി ഷൂട്ടൗട്ടും സമനിലയായി. മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി.

ഇന്ത്യയ്ക്ക് വേണ്ടി മഹേഷ് സിങ് നയോറമാണ് ആറാം കിക്കെടുത്തത്. ഇത് വലയിൽ കയറി. കുവൈത്തിനായി ഇബ്രാഹിമെടുത്ത ആറാം കിക്ക് തട്ടിയകറ്റി ഗുർപ്രീത് സിങ് സന്ധു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഇതോടെ 2023 സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യ സ്വന്തമാക്കി.