- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് അഡ്രിയാൻ ലൂണ; അരങ്ങേറ്റത്തിൽ ഇരട്ട ഗോളുമായി ഇവാൻ കലിയുഷ്‌നി; ഗാലറിയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
കൊച്ചി: ഐ എസ് എൽ ഒമ്പതാം സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട തകർത്തത്. അഡ്രിയാൻ ലൂണയുടെയും ഈ സീസണിൽ ടീമിലെത്തിയ യുക്രൈൻ താരം ഇവാൻ കലിയുഷ്നിയുടെയും ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 72-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ഹർമൻജോത് ഖബ്രയുടെ ഓവർഹെഡ് പാസിൽ നിന്നാണ് ലൂണ ലക്ഷ്യം കണ്ടത്. ഇവാൻ കലിയുഷ്‌നിയുടെ ഇരട്ട ഗോളാണ് കേരളത്തിന്റെ വിജയം ഉറപ്പിച്ചത്. എൺപത്തിയെട്ടാം മിനുറ്റിൽ അലക്‌സ് ലിമ ഈസ്റ്റ് ബംഗാളിനായി ആശ്വാസ ഗോൾ കണ്ടെത്തി.
ആദ്യ പകുതിയിൽ കാര്യമായ നീക്കങ്ങളൊന്നും നടത്താതിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഇറങ്ങിയത് കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു. തുടർച്ചയായി ഈസ്റ്റ് ബംഗാൾ ഗോൾമുഖം ആക്രമിച്ച ബ്ലാസ്റ്റേഴ്സ് 72-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെ മുന്നിലെത്തി. ലൂണ ബോക്സിലേക്ക് ഓടിക്കയറുന്നത് കണ്ട് സ്വന്തം ഹാഫിൽ നിന്ന് ഹർമൻജോത് ഖബ്ര നൽകിയ ലോങ് പാസാണ് ഗോളിൽ കലാശിച്ചത്. പന്ത് കിടിലൻ ഫിനിഷിലൂടെ വലയിലെത്തിച്ച ലൂണ ആ ഗോൾ മരിച്ചുപോയ തന്റെ മകൾക്കാണ് സമർപ്പിച്ചത്.
ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് കരുത്തേറുന്നതിനിടെ 79-ാം മിനിറ്റിൽ കോച്ച്, ഇവാൻ കലിയുഷ്നിയെ കളത്തിലിറക്കി. 81-ാം മിനിറ്റിൽ തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഇവാൻ കോച്ചിന്റെ വിശ്വാസം കാത്തു. ഇടതുഭാഗത്തു നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ഇവാൻ ഈസ്റ്റ് ബംഗാൾ താരങ്ങളെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഇതിനിടെ 87-ാം മിനിറ്റിൽ അലക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഇവാൻ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ജയമുറപ്പിച്ചു.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല.സീസണിലെ ആദ്യ പോരിൽ കോച്ച് ഇവാൻ വുകാമനോവിച്ച് 4-4-2 ശൈലിയിലാണ് ടീമിനെ കളത്തിലിറക്കിയത്. ഈസ്റ്റ് ബംഗാൾ ആകട്ടെ 3-4-1-2 ശൈലിയിലും.
കളിയുടെ ആദ്യ മിനിറ്റിൽ ഈസ്റ്റ് ബംഗാളാണ് ഗോളിലേക്ക് ലക്ഷ്യംവെച്ചത്. ഒന്നാം മിനിറ്റിൽ സുമീത് പാസി തൊടുത്ത ലോംഗ് റേഞ്ചർ പക്ഷെ പ്രഭ്‌സുഖൻ ഗില്ലിന് അനായാസം കൈയിലൊതുക്കാനായി. അഞ്ചാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന് ആദ്യ അവസരം കൈവന്നത്. കോർണർ കിക്കിൽ അഡ്രിയാൻ ലൂണ എടുത്ത കിക്കിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ ഫാർ പോസ്റ്റിൽ നിന്ന ലെസ്‌കോവിച്ച് തൊടുത്ത ഹെഡ്ഡർ പക്ഷെ പുറത്തേക്ക് പോയി.
ഏഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിനെയും ഗ്യാലറിയിലെ മഞ്ഞപ്പടയെയും ഈസ്റ്റ് ബംഗാൾ വിറപ്പിച്ചു. അലക്‌സ് ലിമയുടെ ലോങ് റേഞ്ചർ പ്രഭ്സുഖൻ ഗിൽ കഷ്ടപ്പെട്ട് തട്ടിയകറ്റിയില്ലായിരുന്നെങ്കിൽ തുടക്കത്തിലെ ബ്ലാസ്റ്റേഴ്‌സ് പിന്നിലാവുമായിരുന്നു. പിന്നീട് ദിമിട്രിയോസ് ഡയമന്റകോസും അപ്പോസ്തോലോസ് ജിയാനോയും ഏതാനും ഗോൾശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. തുടക്കത്തിൽ പ്രതിരോധത്തിലൂന്നിയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.
26ാം മിനിറ്റിൽ ഇവാൻ ഗോൺസാലോസ് ദിമിട്രിയോസ് ഡയമന്റ്‌കോസിനെ ഫൗൾ ചെയ്തതിനെത്തുടർന്ന് ഇരു ടീമിലെയും കളിക്കാർ തമ്മിൽ കൈയാങ്കളിയിലെത്തി. ആദ്യ പകുതി തീരാൻ നാല് മിനിറ്റ് മാത്രം ബാക്കിയിരിക്കെ ബോക്‌സിന് തൊട്ടുപുറത്തു നിന്ന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് എടുക്കാൻ അഡ്രിയാൻ ലൂണ എത്തിയപ്പോൾ ആരാധകർ ഒരുപാട് പ്രതീക്ഷിച്ചു.
ലൂണ എടുത്ത കിക്ക് ലക്ഷ്യത്തിലേക്ക് ആയിരുന്നെങ്കിലും ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ കരൺജീത് കഷ്ടപ്പെട്ട് തട്ടിയകറ്റിയതോടെ ആദ്യ പകുതിയിലെ സമനില കുരുക്ക് അഴിക്കാനാവാതെ ഇരു ടീമും ഗ്രൗണ്ട് വിട്ടു. ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാളിനും ബ്ലാസ്റ്റേഴ്‌സിനും ഓരോ തവണ മാത്രമാണ് ഗോളിലേക്ക് ലക്ഷ്യം വെക്കാനായത്.
സ്പോർട്സ് ഡെസ്ക്