ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സിക്ക് വിജയത്തുടക്കം. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സുനിൽ ഛേത്രിക്കും സംഘത്തിനുമായിരുന്നു ആധിപത്യം.

എന്നാൽ ഗോൾ നേടാൻ 87-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. അലൻ കോസ്റ്റയാണ് വിജയഗോൾ നേടിയത്. മത്സരം വിരസമായ സമനിലയിലേക്ക് നീങ്ങുന്നതിനിടെയാണ് അലൻ കോസ്റ്റ ബംഗളൂരുവിന്റെ ഗോൾ നേടി. 90-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. നോർത്ത് ഈസ്റ്റിനായി മലയാളി താരം എമിൽ ബെന്നി ഐഎസ്എൽ അരങ്ങേറ്റം നടത്തി.

ആദ്യ പകുതിയുടെ തുടക്കത്തിൽ സ്വന്തം മൈതാനത്ത് ബെംഗളൂരുവിനായിരുന്നു മുൻതൂക്കം. എന്നാൽ പതിയെ താളം കണ്ടെത്തിയ നോർത്ത്ഈസ്റ്റ് പിന്നീട് കളംപിടിച്ചു. 14-ാം മിനിറ്റിൽ തന്നെ ബെംഗളൂരുവിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചതാണ്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ റോഷൻ നരേം നൽകിയ പന്ത് പക്ഷേ വലയിലെത്തിക്കാൻ ബോക്സിലുണ്ടായിരുന്ന ശിവ നാരായണന് സാധിച്ചില്ല. ശിവയുടെ ഫസ്റ്റ് ടച്ച് പുറത്തേക്ക് പോകുകയായിരുന്നു.

18-ാം മിനിറ്റിൽ മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ മലയാളി താരം ജിതിൻ എം.എസിനും മികച്ചൊരു അവസരം ലഭിച്ചു. പ്രബിർ ദാസിനെ വെട്ടിച്ച് മുന്നേറിയ ജിതിൻ പക്ഷേ പന്ത് പുറത്തേക്കടിച്ചു.

64-ാം മിനിറ്റിലും ശിവ നാരായണന് നല്ലൊരു അവസരം ലഭിച്ചു. സ്വന്തം ഹാഫിൽ നിന്ന് ലഭിച്ച ഒരു ലോങ് ബോൾ സ്വീകരിച്ച ശിവ മികച്ച പൊസിഷനിലായിരുന്നിട്ടും അത് പോസ്റ്റിലേക്ക് അടിക്കേണ്ടതിന് പകരം സുനിൽ ഛേത്രിക്ക് മറിച്ച് നൽകുകയായിരുന്നു.

17 ഷോട്ടുകളാണ് ബംഗളൂരു താരങ്ങൾ പായിച്ചത്. എന്നാൽ ഒരു ഷോട്ട് മാത്രമാണ് നോർത്ത് ഈസ്റ്റ് ഗോൾ കീപ്പറെ പരീക്ഷിച്ചത്. നോർത്ത് ഈസ്റ്റ് ആറ് ഷോട്ടുകളുതിർത്തു. എന്നാൽ ഒരിക്കൽ മാത്രമാണ് ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സന്ധുവിന് ഇടപെടേണ്ടി വന്നത്.

ബംഗളൂരു വിജയിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ഇരുവർക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സ് ഗോൾ വ്യത്യാസത്തിൽ മുന്നിൽ നിൽക്കുന്നു. ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെയാണ് തോൽപ്പിച്ചത്. 3-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.