ഗുവാഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ ആദ്യ ജയം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് തകർത്തത്. നോർത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഹൈദരാബാദ് ആധിപത്യം പുലർത്തി.

13-ാം മിനിറ്റിൽ ഹൈദരാബാദ് മുന്നിലെത്തി. സൂപ്പർതാരം ബർത്തലോമ്യു ഓഗ്ബെച്ചെയാണ് ടീമിനായി സ്‌കോർ ചെയ്തത്. യാസിർ ബോക്സിലേക്ക് ഉയർത്തി നൽകിയ അളന്നുമുറിച്ച ക്രോസിന് കാൽ വെയ്ക്കേണ്ട ആവശ്യമേ ഓഗ്ബെച്ചെയ്ക്കുണ്ടായിരുന്നുള്ളൂ. പന്ത് അനായാസം വലയിലെത്തി. ഓഗ്ബെച്ചെയുടെ 54-ാം ഐ.എസ്.എൽ. ഗോൾ കൂടിയാണിത്. ആദ്യപകുതിയിൽ ഈ ഗോളിന്റെ ബലത്തിൽ ഹൈദരാബാദ് മുന്നിൽ നിന്നു.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിക്കുന്ന ഹൈദരാബാദിനെയാണ് കണ്ടത്. 53-ാം മിനിറ്റിൽ ഹൈദരാബാദിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. ഓഗ്ബെച്ചെയെ ബോക്സിൽ ഫൗൾ ചെയ്തതിനാണ് പെനാൽട്ടി ലഭിച്ചത്. എന്നാൽ കിക്കെടുത്ത ഓഗ്ബെച്ചെയ്ക്ക് പിഴച്ചു. താരത്തിന്റെ പെനാൽട്ടി കിക്ക് ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യ രക്ഷപ്പെടുത്തി.

എന്നാൽ 69-ാം മിനിറ്റിൽ ഹാളിചരൺ നർസാരിയിലൂടെ ഹൈദരാബാദ് രണ്ടാം ഗോളടിച്ചു. നോർത്ത് ഈസ്റ്റിന്റെ പ്രതിരോധതാരം ബോറയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. പന്ത് ക്ലിയർ ചെയ്യുന്നതിന് പകരം ഡ്രിബിൾ ചെയ്യാൻ ശ്രമിച്ച ബോറയുടെ ശ്രമം പാളി. ബോറയുടെ കാലിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത നർസാരി ലക്ഷ്യം കണ്ടു. ഇതോടെ ഹൈദരാബാദ് മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്വന്തമാക്കി.

മൂന്നാം ഗോൾ പകരക്കാരനായി ബോർയ ഹെരേരയുടെ വകയായിരുന്നു. ഹാവിയർ സിവിയേരോയ്ക്ക് പകരം 71-ാം മിനിറ്റിൽ പകരക്കാരനായി വന്ന ഹെരേര രണ്ട് മിനിറ്റുകൊണ്ട് തന്നെ ലക്ഷ്യം കണ്ടു. നർസാരിയുടെ പാസ് സ്വീകരിച്ച് മികച്ച ഫിനിഷിലൂടെ ഹെരേര വലകുലുക്കി. ഇതോടെ ഹൈദരാബാദ് വിജയമുറപ്പിച്ചു.

ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.