- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ സീസണിലെ ആദ്യ ജയം കുറിച്ച് ഈസ്റ്റ് ബംഗാൾ; നോർത്ത് ഈസ്റ്റിനെ കീഴടക്കിയത് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക്; മൂന്ന് മത്സരവും തോറ്റ് നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത്
ഗുവാഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി സീസണിലെ ആദ്യ ജയം കുറിച്ച് ഈസ്റ്റ് ബംഗാൾ. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ടീമിന്റെ വിജയം. ആദ്യ പകുതിയിൽ ക്ലെയ്റ്റൺ സിൽവയുടെ ഗോളിൽ മുന്നിലെത്തിയ ഈസ്റ്റ് ബംഗാൾ രണ്ടാം പകുതിയിൽ കാരിസ് കരിയോക്കുവിന്റെ ഗോളിലൂടെ ലീഡുയർത്തി. 84ാം മിനിറ്റിൽ ജോർദാൻ ഡോഹെർട്ടിയുടെ ഗോളിലൂടെ വിജയമുറപ്പിച്ച ഈസ്റ്റ് ബംഗാളിനെതിരെ ഇഞ്ചുറി ടൈമിൽ മാറ്റ് ഡെർബിഷൈർ നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് ആശ്വാസം കണ്ടെത്തി.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയരാനും ഈസ്റ്റ് ബംഗാളിനായി. മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന സ്ഥാനത്താണ്.
മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ലീഡെടുത്തു. സൂപ്പർ താരം ക്ലെയിറ്റൺ സിൽവയാണ് ടീമിനായി വലകുലുക്കിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി പ്രതിരോധതാരം മുഹമ്മദ് ഇർഷാദിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. പന്ത് പാസ് നൽകുന്നതിൽ ഇർഷാദിന് പിഴച്ചു. പന്ത് റാഞ്ചിയ നയോറം സിങ് ക്ലെയിറ്റൺ സിൽവയ്ക്ക് പാസ് നൽകി. കിട്ടിയ അവസരം മുതലാക്കിയ സിൽവ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു.
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ നോർത്ത് ഈസ്റ്റ് സുവർണാവസരം തുലച്ചു. നോർത്ത് ഈസ്റ്റിനായി മലയാളി താരം എമിൽ ബെന്നി മികച്ച ഒരു ഷോട്ട് പോസ്റ്റിലേക്കുതിർത്തു. ഇത് ഗോൾകീപ്പർ കമൽജീത് സിങ് തടഞ്ഞെങ്കിലും പന്ത് നേരെ മാറ്റ് ഡെർബിഷയറിന്റെ കാലിലാണെത്തിയത്. ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം ഗോളടിക്കാനുള്ള അവസരമാണ് താരത്തിന് ലഭിച്ചത്. എന്നാൽ മാറ്റിന്റെ ഷോട്ട് ഈസ്റ്റ് ബംഗാളിന്റെ പോസ്റ്റിലിടിച്ച് തെറിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിലും ഈസ്റ്റ് ബംഗാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 53-ാം മിനിറ്റിൽ ടീം രണ്ടാം ഗോളടിച്ചു. ഇത്തവണ മധ്യനിരതാരം ഷാരിസ് കൈറിയാകൗവാണ് ലക്ഷ്യം കണ്ടത്. മലയാളി താരം വി.പി.സുഹൈറിന്റെ പാസ് സ്വീകരിച്ച ഷാരിസ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ലോങ് റേഞ്ചർ നോർത്ത് ഈസ്റ്റ് ഗോൾവല തുളച്ചു. ഗോൾ നേടിയ ഉടൻ പരിശീലൻ സ്റ്റീഫൻ കോൺസ്റ്റന്റൈനിനെ കെട്ടിപ്പിടിച്ചാണ് ഷാരിസ് ഗോൾ നേട്ടം ആഘോഷിച്ചത്.
84-ാം മിനിറ്റിൽ ജോർദാൻ ഓ ഡൊഹേർട്ടി ഈസ്റ്റ് ബംഗാളിന് വിജയമുറപ്പിച്ചുകൊണ്ട് മൂന്നാം ഗോൾ നേടി. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഡൊഹേർട്ടി ഗോൾകീപ്പർ മാത്രം കാവലായി നിന്ന പോസ്റ്റിലേക്ക് അനായാസം പന്ത് അടിച്ചുകയറ്റി. എന്നാൽ മത്സരമവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ മാറ്റ് ഡെർബിഷയറിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു ഗോൾ തിരിച്ചടിച്ചു. കോർണർ കിക്ക് മികച്ച ഹെഡ്ഡറിലൂടെ മാറ്റ് വലയിലെത്തിച്ചു. പിന്നാലെ മത്സരം 3-1 ന് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി.
സ്പോർട്സ് ഡെസ്ക്