ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സിയുടെ സമനില കുരുക്ക് പൊട്ടിച്ച് ഹൈദരാബാദ് എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഹൈദരാബാദിന്റെ സമ്പൂർണാധിപത്യം കണ്ട മത്സരത്തിൽ ബർത്തളൊമ്യൂ ഒഗ്ബെച്ചെയാണ് ഗോൾ നേടിയത്.

ജയത്തോടെ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ ഏഴ് പോയിന്റാണ് അവർക്കുള്ളത്. ഇത്രയും മത്സരങ്ങളിൽ നാല് പോയിന്റുള്ള ബംഗളൂരു നാലാമതാണ്. സുനിൽ ഛേത്രിയുടെയും സംഘത്തിന്റേയും ആദ്യ തോൽവിയാണിത്.

ഹൈദരാബാദിന്റെ ഗ്രൗണ്ടിൽ ഹോം ടീമിന്റെ സമ്പൂർണാധിപത്യമായിരുന്നു. എന്നാൽ ഗോൾ നേടാൻ 83-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ബോർജ ഹെരേരയുടെ കോർണർ കിക്കാണ് ഗോളിന് വഴിവച്ചത്. കിക്ക് കയ്യിലൊതുക്കുന്നതിൽ ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സന്ധുവിന് പിഴവ് സംഭവിച്ചു. മുതലെടുത്ത ഒഗ്ബെച്ചെ ഹെഡ് ചെയ്തു വല കുലുക്കി. ഏഴ് മിനിറ്റ് സമയം ബാക്കിയുണ്ടായിരുന്നെങ്കിലും തിരിച്ചടിക്കാൻ ബംഗളൂരുവിന് സാധിച്ചില്ല.