- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ; രണ്ടാം പകുതിയിൽ രണ്ട് ഗോൾ വഴങ്ങി; ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി; ഒഡിഷ എഫ്.സിയുടെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷം രണ്ട് ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയത്. ഒഡിഷ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഒഡിഷയുടെ വിജയം.
ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാർട്ടിൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹർമൻജോത് ഖാബ്രയാണ് ബ്ലാസ്റ്റേഴ്സിനായി സ്‌കോർ ചെയ്തത്. ഈ വിജയത്തോടെ ഒഡിഷ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ടീം മോഹൻ ബഗാനോടും തോറ്റിരുന്നു.
ബ്ലാസ്റ്റേഴ്സിനെ മുന്നേറ്റനിരയെ കൃത്യമായി പൂട്ടാൻ ഒഡിഷ പ്രതിരോധത്തിന് സാധിച്ചു. 24-ാം മിനിറ്റിൽ ഒഡിഷയുടെ തോയ്ബയുടെ ഉഗ്രൻ ലോങ് റേഞ്ചർ പ്രഭ്സുഖൻ ഗിൽ തട്ടിയകറ്റി. പിന്നാലെ വന്ന കോർണർകിക്കും താരം വിഫലമാക്കി.
എന്നാൽ ഒഡിഷയെ ഞെട്ടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ലീഡെടുത്തു. 35-ാം മിനിറ്റിൽ പ്രതിരോധതാരം ഹർമൻജോത് ഖാബ്രയാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. ബോക്സിന് വെളിയിൽ നിന്ന് അഡ്രിയാൻ ലൂണ നൽകിയ മനോഹരമായ പാസിന് കൃത്യമായി തലവെച്ച ഖാബ്ര മികച്ച ഹെഡ്ഡറിലൂടെ വലതുളച്ചു. ഇതോടെ മത്സരം ആവേശത്തിലേക്കുയർന്നു. ഖാബ്രയുടെ സീസണിലെ ആദ്യ ഗോളാണിത്.
54-ാം മിനിറ്റിലാണ് ഒഡീഷയുടെ ആദ്യ ഗോൾ പിറന്നത്. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ഗോൾ വന്നത്. കാർലോസ് ഡെൽഗാഡോയുടെ ലോങ് റേഞ്ചർ ഗോൾകീപ്പർ ഗിൽ തട്ടിയെങ്കിലും കൈയിലാക്കാനായില്ല. ഇത് കണ്ട് ജെറി പന്ത് കാലിലാക്കി വലയിലേക്ക് ഷോട്ടുതിർത്തു. ഇതോടെ ഒഡിഷ മത്സരത്തിൽ സമനില പിടിച്ചു.
70-ാം മിനിറ്റിൽ ജെറിക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. രണ്ടാം പകുതിയിൽ രാഹുൽ, വിക്ടർ മോംഗിൽ തുടങ്ങിയ താരങ്ങളെ കൊണ്ടുവന്നു. 82-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഡയമന്റക്കോസിന് തുറന്ന അവസരം ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകിക്കൊണ്ട് ഒഡിഷ രണ്ടാം ഗോളടിച്ചത്. 86-ാം മിനിറ്റിൽ പെഡ്രോ മാർട്ടിനാണ് ടീമിനായി വലകുലുക്കിയത്. പന്തുമായി മുന്നേറിയ പെഡ്രോയുടെ കരുത്തുറ്റ ഷോട്ട് തടയാൻ ഗില്ലിന് സാധിച്ചില്ല. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ നില പരുങ്ങലിലായി. പിന്നാലെ മഞ്ഞപ്പട തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി.