ബംഗളൂരു: ഐ എസ് എല്ലിൽ ഒഡിഷ എഫ്സിക്ക് മൂന്നാം ജയം. ഒഡീഷയുടെ ഹോംഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ തോൽപ്പിച്ചത്. 33-ാം മിനുറ്റിൽ നന്ദകുമാറാണ് വിജയഗോൾ നേടിയത്. ജയത്തോടെ ഒമ്പത് പോയിന്റുമായി ഒഡിഷ ലീഗിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു.

സഹിൽ എടുത്ത ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ബെംഗളൂരു താരങ്ങൾ പ്രതിരോധിച്ച പന്ത് ബോക്സിന് പുറത്തേക്ക്, കൃത്യമായി പൊസിഷനുലുണ്ടായിരുന്ന നന്ദകുമാർ ശേഖറിന്റെ ഷോട്ട് വെടിച്ചില്ല് കണക്കെ ബെംഗളൂരു വലയിലെത്തുകയായിരുന്നു.

തുടർച്ചയായ രണ്ടാം തോൽവിയോടെ ബംഗളുരു ആറാം സ്ഥാനത്താണ്. മത്സരത്തിൽ ഒഡീഷയുടെ സമ്പൂർണാധിപത്യമാണ് കണ്ടത്. പന്തടക്കത്തിലും ഷോട്ടുകളുതിർക്കുന്നതിലും അവർ മികവ് കാണിച്ചു. ഇതിന്റെ ഫലമായി ആദ്യ പകുതിയിൽ തന്നെ ഗോൾ കണ്ടെത്താനും ഒഡീഷക്കായി.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് നാളെ നാലാം മത്സരത്തിനിറങ്ങും. മുൻചാംപ്യന്മാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. കൊച്ചിയിൽ കളിക്കാനെത്തിയത് വിജയം പ്രതീക്ഷയോടെ. ജയത്തോടെ തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്സും ലക്ഷ്യമിടുന്നത്. സീസണൽ ഗംഭീരമാക്കി തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നീടുണ്ടായത് രണ്ട് തുടർ തോൽവികൾ. കൊച്ചിയിൽ എടികെയും എവേമത്സരത്തിൽ ഒഡിഷയോടും വീണു. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ തിരിച്ചുവരവിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്.

ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടയിൽ മുന്നിൽ നിന്ന പെരേര ഡിയസ് ഇത്തവണ എതിരാളികൾക്കൊപ്പം മറുനിരയിലുണ്ട്. അഹമ്മദ് ജഹൗഹ്, സ്റ്റുവർട്ട് അടക്കം ശക്തരുടെ നിരയാണ് ഒപ്പമുള്ളത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈ കൊച്ചിയിലെത്തുന്നത്. സീസണിൽ ഇതുവരെ തോൽവിയറിയാതെയാണ് മുംബൈയുടെ മുന്നേറ്റം. ഒരു ജയവും രണ്ട് സമനിലയുമായി ലീഗിൽ നാലാമതാണ് മുംബൈ. പ്രതിരോധത്തിലെ പാളിച്ച പരിഹരിക്കുകയാകും ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്രധാനവെല്ലുവിളി.

മൂന്ന് കളിയിൽ ആറ് ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് എട്ട് ഗോളുകൾ. കഴിഞ്ഞ സീസണിലെ പ്രകടനത്തെക്കുറിച്ചല്ല ഇത്തവണ എന്ത് ചെയ്യാനാകുമെന്നാണ് തെളിയിക്കേണ്ടതെന്നും കോച്ച് താരങ്ങളെ ഓർമ്മിപ്പിക്കുന്നു.