കൊൽക്കത്ത: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാൾ എഫ്സിയെ അവരുടെ തട്ടകത്തിൽ കീഴടക്കി ചെന്നൈയിൻ എഫ്സി. എതിരില്ലാത്ത ഒറ്റ ഗോളിനാണ് ചെന്നൈയിൻ ജയിച്ചത്. മത്സരത്തിൽ ഇരു ടീമിന്റേയും ഓരോ താരങ്ങൾ വീതം ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിന്റെ ആവേശം ചോർത്തി.

നാടകീയമായിരുന്നു കൊൽക്കത്തയിലെ സാൽട്ട് ലേക്ക് സ്റ്റേഡിയത്തിൽ മത്സരം. ഈസ്റ്റ് ബംഗാൾ 4-4-2 ശൈലിയിലും ചെന്നൈയിൻ 4-2-3-1 ഫോർമേഷനിലുമാണ് മൈതാനത്തിറങ്ങിയത്. ആദ്യപകുതിയിൽ ഇരു ടീമുകളും ഗോൾ കണ്ടെത്താൻ പാടുപെട്ടതോടെ ഗോൾരഹിതമായി 45 മിനുറ്റുകൾ.

എന്നാൽ ഗോളും ചുവപ്പ് കാർഡുകളുമായി രണ്ടാംപകുതി നാടകീയതകളുടെ അയ്യരുകളിയായി. 69-ാം മിനുറ്റിൽ വഫ ഹഖമാനേഷി ചെന്നൈയിന് ലീഡ് സമ്മാനിച്ചു. വഫയുടെ ആദ്യ ഐഎസ്എൽ ഗോളാണിത്. തൊട്ടുപിന്നാലെ ഈ താരം മോശം സെലിബ്രേഷനിൽ രണ്ടാം മഞ്ഞയും ചുവപ്പ് കാർഡും കണ്ട് പുറത്തായി.

74-ാം മിനുറ്റിൽ ഈസ്റ്റ് ബംഗാളിന്റെ ഒരു താരവും ചുവപ്പ് കാർഡ് മടങ്ങി. സാർഥക് ഗോലൂയിയാണ് ഡ്രസിങ് റൂമിൽ തിരികെയെത്തിയത്. ഇതോടെ രണ്ട് ടീമും 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. നാല് കളിയിൽ ഏഴ് പോയിന്റുമായി ചെന്നൈയിൻ അഞ്ചാം സ്ഥാനത്തേക്കുയർന്നു. അതേസമയം മൂന്ന് പോയിന്റുമായി പത്താമതാണ് ഈസ്റ്റ് ബംഗാൾ എഫ്സി.

ഐഎസ്എല്ലിൽ ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങും. ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മത്സരത്തിന് കിക്കോഫാകും. നാളത്തെ ആദ്യ മത്സരത്തിൽ വൈകിട്ട് 5.30ന് ഹൈദരാബാദ് എഫ്സിയെ ഒഡിഷ എഫ്സി നേരിടും.

സീസണിൽ മഞ്ഞപ്പടയ്ക്ക് ഒരു ജയം മാത്രമാണുള്ളത്. തുടർച്ചയായി മൂന്ന് തോൽവി വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. നാല് മത്സരങ്ങളിൽ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒൻപതും അക്കൗണ്ട് തുറക്കാത്ത നോർത്ത് ഈസ്റ്റ് അവസാന സ്ഥാനക്കാരുമാണ്.