- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് ഹൈദരാബാദ് എഫ്സി; ഒഡിഷ എഫ്സിയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്; പോയിന്റ് പട്ടികയിൽ ഒന്നാമത്
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ നാലാം ജയത്തോടെ ഹൈദരാബാദ് എഫ്സി മുന്നിൽ. ഒഡിഷ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. സീസണിൽ വിജയക്കുതിപ്പ് തുടരുന്ന ഹൈദരാബാദ് അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ഹൈദരാബാദ് മുന്നിലെത്തി. മുഹമ്മദ് യാസിറാണ് മികച്ചൊരു ഹെഡ്ഡറിലൂടെ വലകുലുക്കിയത്. ഹാളിചരൺ നർസാരിയുടെ ക്രോസ്സ് മാർക്ക് ചെയ്യപ്പെടാതെ നിന്ന യാസിർ ഹെഡ്ഡറിലൂടെ അനായാസം ഗോൾവലകുലുക്കി. നിരന്തരം ആക്രമിച്ച് കളിച്ച ഹൈദരാബാദിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. ആദ്യ പകുതി ഒരു ഗോളിന് ഹൈദരാബാദ് മുന്നിട്ട് നിന്നു.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ഒഡിഷ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. എന്നാൽ ഹൈദരാബാദ് പ്രതിരോധക്കോട്ടയിൽ തട്ടി ഗോൾശ്രമങ്ങൾ വിഫലമായി. അതോടെ ഹൈദരാബാദ് വിജയത്തോടെ മടങ്ങി.
അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമായി 13-പോയന്റോടെ പട്ടികയിൽ തലപ്പത്ത് തുടരുകയാണ് ഹൈദരാബാദ്. ലീഗിൽ ഇതുവരെ ഹൈദരാബാദ് തോൽവിയറിഞ്ഞിട്ടില്ല. എന്നാൽ ഇത്രയും മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഒഡിഷ എഫ്സി.
സ്പോർട്സ് ഡെസ്ക്