ഗുവാഹട്ടി: ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട വിജയത്തിലേക്ക് തിരിച്ചെത്തിത്.

ബ്ലാസ്റ്റേഴ്സിനായി സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസും സഹൽ അബ്ദുൾ സമദുമാണ് ഗോൾ നേടിയത്. പകരക്കാരനായിറങ്ങിയ മലയാളി താരം സഹൽ അബ്ദുൾ സമദ് ഇരട്ട ഗോളുകൾ നേടി. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് പട്ടികയിൽ അവസാനസ്ഥാനത്താണ്.
അടുത്ത ഞായറാഴ്‌ച്ച കൊച്ചിയിൽ ശക്തരായ എഫ് സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന അടുത്ത മത്സരം. പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ഗോവ.

മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോൾ പുറത്തെടുത്തു. സൂപ്പർതാരം ഇവാൻ കല്യൂഷ്നിയുടെ ക്രോസ്സ് നോർത്ത് ഈസ്റ്റ് പ്രതിരോധിച്ചു. മിനിറ്റുകൾക്കം ബ്ലാസ്റ്റേഴ്സും വിറച്ചു. പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് നോർത്ത് ഈസ്റ്റ് മധ്യനിരതാരം റൊമയിൻ ഫിലിപ്പൊട്യാക്സ് തുടുത്ത ഉഗ്രൻ ഷോട്ട് ബാറിൽ തട്ടി മടങ്ങി.

17-ാം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്ന് ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഫ്രീകിക്ക് നോർത്ത് ഈസ്റ്റ് ഡിഫെൻഡർ തട്ടിയകറ്റി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും നോർത്ത് ഈസ്റ്റിന് ഗോൾ നേടാനായില്ല. കൂടുതൽ നേരം പന്ത് കൈവശം കളിച്ചത് ബ്ലാസ്റ്റേഴ്സായിരുന്നുവെങ്കിലും നോർത്ത് ഈസ്റ്റ് പ്രതിരോധം ഭേദിക്കാൻ കഴിയാതെ വന്നു. ഒടുവിൽ ഗോൾ രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്.

ഗോൾ നേടാനായി രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണപ്രത്യാക്രമണങ്ങൾ തുടർന്നു. 48-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് പെനാൽറ്റി ബോക്സിനടുത്ത് വെച്ച് ഫ്രീകിക്ക് ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ഗോളാക്കിമാറ്റാനായില്ല. ഒടുവിൽ 56-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് പ്രതിരോധക്കോട്ട പിളർന്നു. സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിനൊടുവിൽ വലത് വിങ്ങിൽ നിന്ന് മധ്യനിരതാരം സൗരവ് മണ്ഡൽ നൽകിയ പന്ത് പ്രതിരോധിക്കുന്നതിൽ നോർത്ത് ഈസ്റ്റ് ഡിഫെൻഡർമാർ പരാജയപ്പെട്ടു. സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് അനായാസം പന്ത് വലയിലെത്തിച്ചു.

ഗോളിന് ശേഷവും ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് ഗുവാഹട്ടിയിൽ കാണാനായത്. ഇരുടീമുകളും പകരക്കാരെ കളത്തിലിറക്കി മത്സരം കടുപ്പിച്ചു. ഗോൾനേടിയ ഡയമന്റക്കോസിനേയും അസിസ്റ്റ് നൽകിയ സൗരവ് മണ്ഡലിനേയും പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പിൻവലിച്ചു. ഡയമന്റക്കോസിന് പകരം അപോസ്തലസ് ജിയാന്നുവിനേയും സൗരവിന് പകരം മലയാളി താരം സഹൽ അബ്ദുൾ സമദിനേയുമാണ് കളത്തിലിറക്കിയത്. സമനില ഗോൾ നേടാനുള്ള നോർത്ത് ഈസ്റ്റിന്റെ ശ്രമങ്ങളെല്ലാം വിഫലമാക്കിയ ബ്ലാസ്റ്റേഴ്സ് കിട്ടിയ അവസരങ്ങളിൽ മുന്നേറി.

ഒടുവിൽ 85-ാം മിനിറ്റിൽ ബ്ലസാ്റ്റേഴ്സിന്റെ രണ്ടാം ഗോളുമെത്തി. പകരക്കാരനായിറങ്ങിയ മലയാളി താരം സഹൽ അബ്ദുൾ സമദാണ് ഗോൾനേടിയത്.
നോർത്ത് ഈസ്റ്റ് തിരിച്ചടിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി. ഇത്തവണയും സഹലാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. അതോടെ മൂന്ന് ഗോളിന്റെ തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി.

ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരേ ഉജ്ജ്വല വിജയം നേടിയ മഞ്ഞപ്പട പിന്നീട് തകരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം മത്സരത്തിൽ സ്വന്തം മൈതാനത്ത് മോഹൻ ബഗാനെതിരേ തകർന്നടിഞ്ഞു. പിന്നീട് ഒഡിഷയോടും മുംബൈ സിറ്റിയോടും തോറ്റു. ടീമിൽ ചെറിയ മാറ്റങ്ങൾ നടത്തിയിട്ടും വിജയം മാത്രം കൂടെനിന്നില്ല. എന്നാൽ നോർത്ത് ഈസ്റ്റിനെതിരേ തകർപ്പൻ ജയം സ്വന്തമാക്കി ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് ബ്ലാസ്റ്റേഴ്സ്.