ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ ഗോൾമഴയിൽ മുക്കി മുംബൈ സിറ്റി എഫ്സി. രണ്ടിനെതിരേ ആറ് ഗോളുകൾക്കാണ് മുംബൈ സിറ്റി, ചെന്നൈയിൻ എഫ് സിയെ തകർത്തത്. രണ്ടുഗോളുകൾക്ക് പിറകിലായതിന് ശേഷമാണ് ചെന്നൈയിൻ എഫ് സിയുടെ വലനിറച്ചുകൊണ്ട് മുംബൈ തിരിച്ചുവന്നത്. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് വീതം ജയവും സമനിലയുമായി 12 പോയന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മുംബൈ.

പേരേര ഡയസും ഗ്രെഗ് സ്റ്റുവർട്ടുമടക്കമുള്ള സൂപ്പർ താരങ്ങൾ മുംബൈക്കായി വല ചലിപ്പിച്ചു. സീസണിലെ ആറ് കളിയിൽ ഇതുവരെ തോൽവിയറിയാത്ത മുംബൈ സിറ്റി 12 പോയിന്റോടെ രണ്ടാംസ്ഥാനത്തുണ്ട്. അതേസമയം ഏഴ് പോയിന്റുമായി ചെന്നൈയിൻ ആറാമതാണ്.

സ്വന്തം കാണികൾക്ക് മുന്നിൽ 32 മിനുറ്റുകൾക്കിടെ ചെന്നൈയിൻ എഫ്സി രണ്ട് ഗോളിന്റെ ലീഡ് നേടിയാണ് മത്സരത്തിന്റെ ആദ്യ മിനുറ്റുകൾ കഴിഞ്ഞുപോയത്. 19-ാം മിനുറ്റിൽ പീറ്റർ സിൽസ്‌കോവിച്ചും 32-ാം മിനുറ്റിൽ അബ്ദ്നാസ്സെർ എൽ ഖായിത്തിയും ചെന്നൈയിനായി ലക്ഷ്യംകണ്ടു. എന്നാൽ ഒരു മിനുറ്റിനുള്ളിൽ പേരേര ഡയസിലൂടെ ആദ്യ മറുപടി കൊടുത്ത മുംബൈ സിറ്റി ആദ്യപകുതിക്ക് പിരിയും മുമ്പ് 2-2ന് തുല്യ പിടിച്ചു. 45+3 മിനുറ്റിൽ ഗ്രെഗ് സ്റ്റുവർട്ടാണ് മുംബൈ സിറ്റിയെ ഒപ്പമെത്തിച്ചത്.

രണ്ടരണ്ടാം പകുതിയിലും മുംബൈ ഗോളടി തുടർന്നു. 49-ാം മിനിറ്റിൽ വിനീത് റായിലൂടെയാണ് മുംബൈ ലീഡെടുത്തത്. തിരിച്ചടിക്കാനുള്ള ചെന്നൈയിൻ എഫ് സിയുടെ ശ്രമങ്ങൾക്കിടെ മുംബൈ വീണ്ടും ലീഡുയർത്തി. വിഗ്‌നേഷ് ദക്ഷിണാമൂർത്തിയാണ് ഇത്തവണ ഗോൾ നേടിയത്. 65-ാം മിനിറ്റിൽ അൽബർട്ടോ നൊഗ്വേരയും 90-ാം മിനിറ്റിൽ ബിപിൻ സിങ്ങും ഗോൾ പട്ടികയിൽ ഇടം നേടിയതോടെ മുംബൈ തകർപ്പൻ വിജയം സ്വന്തമാക്കി.

ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് വീതം ജയവും സമനിലയുമായി 12 പോയന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മുംബൈ. ഇത്രയും മത്സരങ്ങളിൽ നിന്ന് 16 പോയന്റുള്ള ഹൈദരാബാദ് എഫ് സിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ഇരു ടീമുകളും ലീഗിൽ തോൽവിയറിഞ്ഞിട്ടില്ല.