- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് അഡ്രിയാൻ ലൂണ; ലീഡുയർത്തി ദിമിത്രിയോസും കൽയൂഷ്നിയും; എഫ്സി ഗോവയെ കീഴടക്കി മഞ്ഞപ്പട; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ. കൊച്ചിയിൽ നടന്ന മത്സരത്തിൽ എഫ്സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ദിയമന്റകോസ്, ഇവാൻ കൽയൂഷ്നി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ ആശ്വാസഗോൾ. ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളിൽ മൂന്ന് ജയവുമായി ഒമ്പത് പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ഗോവ നാലാമതാണ് അഞ്ച് മത്സരങ്ങളിൽ ഒമ്പത് പോയിന്റുണ്ട് അവർക്ക്.
മത്സരം ആരംഭിച്ച് ഏഴാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. രാഹുൽ നൽകിയ ഒരു ക്രോസ് ഗോവ ബോക്സിൽ കൂട്ടപ്പൊരിച്ചിലുണ്ടാക്കി. ഇതിനിടെ പന്ത് ലഭിച്ച സഹലിന്റെ മികച്ചൊരു ഷോട്ട് ഗോവ ഗോൾകീപ്പർ ധീരജ് തട്ടിയകറ്റുകയായിരുന്നു. പിന്നാലെ 10-ാം മിനിറ്റിൽ ഗോവയും ഗോളിനടുത്തെത്തി. നോവ സദോയിയുടെ ക്രോസിൽ നിന്നുള്ള അൽവാരോ വാസ്‌ക്വസിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് കീപ്പർ ഗിൽ രക്ഷപ്പെടുത്തി.
27-ാം മിനിറ്റിൽ രാഹുലിന്റെ മികച്ചൊരു മുന്നേറ്റം ഗോവയെ ഞെട്ടിച്ചു. എന്നാൽ രാഹുലിനെതിരേ ഫൗൾ വിളിച്ചതിന് റഫറിയോട് തർക്കിച്ച ബ്ലാസ്റ്റേഴ്സ് താരം മാർക്കോ ലെസ്‌കോവിച്ചിന് മഞ്ഞക്കാർഡും ലഭിച്ചു. 42-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. രാഹുൽ നൽകിയ ക്രോസിൽ നിന്നുള്ള ലൂണയുടെ ഹെഡർ ശ്രമം പിഴച്ചു. എന്നാൽ പന്ത് ലഭിച്ച സഹൽ നൽകിയ പാസ് ലൂണ അനായാസം വലയിലെത്തിക്കുകയായിരുന്നു.
ഗോൾ വീണതോടെ ഗോവ ആക്രമണത്തിന് മുതിർന്നു. ബ്ലാസ്റ്റേഴ്സ് ബോക്സിൽ അവർക്ക് മികച്ച അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ പന്ത് ക്ലിയർ ചെയ്ത ശേഷം ബ്ലാസ്റ്റേഴ്സ് നടത്തിയ കൗണ്ടർ അറ്റാക്ക് രണ്ടാം ഗോളിന് വഴിയൊരുക്കി. ബോക്സിൽ വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസിനെ വീഴ്‌ത്തിയ അൻവർ അലിയുടെ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് 2-0ന് മുന്നിൽ.
പിന്നാലെ 51-ാം മിനിറ്റിൽ ഇവാൻ കലിയുഷ്നിയുടെ കിടിലനൊരു ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും കണ്ടെത്തി. ബോക്സിന്റെ വലത് ഭാഗത്ത് വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസ് അത് ആരാലും മാർക്ക് ചെയ്യപ്പെടാതിരുന്ന കലിയുഷ്നിക്ക് മറിച്ചുനൽകി. 30 വാര അകലെ നിന്നുള്ള താരത്തിന്റെ ഇടംകാലനടി കീപ്പർ ധീരജിന് യാതൊരു അവസരവും നൽകാതെ വലയിൽ. എന്നാൽ 67-ാം മിനിറ്റിൽ സെറിറ്റോൺ ഫെർണാണ്ടസിന്റെ ഫ്രീ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് നോവ സദോയി ഗോവയുടെ ആശ്വാസ ഗോൾ നേടി.
സ്പോർട്സ് ഡെസ്ക്