ചെന്നൈ: ഐഎസ്എല്ലിൽ ഇത്തവണത്തെ സീസണിൽ തോൽവിയറിയാതെ തുടർച്ചയായി ആറു മത്സരങ്ങൾ പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്സ്. തിങ്കളാഴ്ച ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന് ഈ നേട്ടം സ്വന്തമായത്.

ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സിനായി സഹലും ചെന്നൈയിനായി വിൻസി ബാരറ്റോയും ഗോളുകൾ നേടി. ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. രണ്ടാം മിനിറ്റിൽ ഹോർമിപ്പാമിന്റെയും ഇവാൻ കലൂഷ്‌നിയുടെയും ശ്രമങ്ങൾക്ക് പക്ഷേ ചെന്നൈ വല കുലുക്കാനായില്ല.

ഇരുവശത്തേക്കും ചില നീങ്ങങ്ങൾ പിന്നീട് കണ്ടെങ്കിലും 10 മിനിറ്റിൽ നിഷു കുമാറിന്റെ ക്രോസിൽ നിന്ന് മഞ്ഞപ്പടയുടെ ജീക്‌സൺ സിങ് നടത്തിയ പരിശ്രമമാണ് ഒരു ഗോൾ അവസരം തുറന്നെടുത്തത്. പക്ഷേ, ജീക്‌സണിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി.

21-ാം മിനിറ്റിൽ 35 വാര അകലെ നിന്ന് അഡ്രിയാൻ ലൂണ തൊടുത്ത ഷോട്ട് ചെന്നൈയിൻ ഗോൾ കീപ്പർ ഒരുവിധം തടുത്തു. നിരന്തര ആക്രമണങ്ങൾക്ക് ഒടുവിൽ 23-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം കണ്ടു.

കലൂഷ്‌നി ചെന്നൈയിൻ പ്രതിരോധ നിരയെ കീറിമുറിച്ച് നൽകിയ ത്രൂ ബോൾ മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ മലയാളി താരം സഹൽ വരുതിയിലാക്കി. മുന്നോട്ട് കയറി വന്ന ചെന്നൈയിൻ ഗോൾ കീപ്പറിന് മുകളിലൂടെ സഹലിന്റെ ഇടംകാലൻ ഷോട്ട് ഗോൾ വര കടന്നു. 35-ാം മിനിറ്റിൽ സമനില നേടാനുള്ള അവസരം ചെന്നൈയിന് ലഭിച്ചു.

പക്ഷേ വഫ ഹഖമനേഷിക്ക് മുതലാക്കനായില്ല. ഒന്നാം പാതി അവസാനിക്കും മുമ്പ് എങ്ങനെയെങ്കിലും ലീഡ് ഉയർത്താനുള്ള ശ്രമം കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും ചെന്നൈയിൻ പിടിച്ചു നിന്നു. രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്ന ചെന്നൈയിൻ ആയിരുന്നു കളത്തിൽ.

48-ാം മിനിറ്റിൽ വിൻസി ബാരറ്റോയിലൂടെ അവർ ലക്ഷ്യം കാണുകയും ചെയ്തു. സമനില കണ്ടെത്തിയതോടെ ചെന്നൈയിൻ കൂടതൽ നേരം പന്ത് കൈവശം വച്ച പതിയെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 61-ാം മിനിറ്റിൽ നിഷുകുമാറിൽ നിന്ന് ലഭിച്ച പന്തിൽ ബോക്‌സിന് പുറത്ത് നിന്ന് സഹൽ ഒരു ശ്രമം നടത്തിയെങ്കിലും പുറത്തേക്ക് പോയി.

ബോക്‌സിന് പുറത്ത് നിന്നുള്ള പരിശ്രമങ്ങളാണ് പിന്നീട് ബ്ലാസ്റ്റേഴ്‌സ് കൂടുതൽ നടത്തിയത്. പക്ഷേ, ലക്ഷ്യം ഭേദിക്കാൻ മാത്രം കഴിഞ്ഞില്ല. അവസാന നിമിഷങ്ങളിൽ ആക്രമണം കടുപ്പിച്ചെങ്കിലും ഇരുടീമുകൾക്കും സമനിലപ്പൂട്ട് മാത്രം പൊളിക്കാനായില്ല.