- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലചലിപ്പിച്ച് പെട്രാറ്റോസും ബോമസും; എഫ്.സി ഗോവയെ കീഴടക്കി എടികെ മോഹൻ ബഗാൻ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാം സ്ഥാനത്ത്
കൊൽക്കത്ത: ഐഎസ്എല്ലിൽ എഫ്.സി ഗോവയെ കീഴടക്കി എടികെ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്ത്. സ്വന്തം മൈതാനമായ സാൾട്ട്ലേക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു എടികെയുടെ ജയം. ദിമിത്രി പെട്രാറ്റോസ്, ഹ്യൂഗോ ബോമസ് എന്നിവർ എടികെയ്ക്കായി സ്‌കോർ ചെയ്തപ്പോൾ അൻവർ അലിയാണ് ഗോവയുടെ ഏക ഗോൾ നേടിയത്.
ജയത്തോടെ 12 കളികളിൽ നിന്ന് 23 പോയന്റുമായി എടികെ, കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കുയർന്നു. 12 കളികളിൽ നിന്ന് 19 പോയന്റുള്ള ഗോവ അഞ്ചാം സ്ഥാനത്താണ്.
കളിതുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ ദിമിത്രി പെട്രാറ്റോസിലൂടെ എടികെ മുന്നിലെത്തി. ലിസ്റ്റൺ കൊളാസോ പെട്ടെന്നെടുത്ത ഒരു ത്രോ ഇന്നിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ പെട്രാറ്റോസ് ബോക്സിന്റെ വലത് ഭാഗത്ത് നിന്ന് ഗോവ ഗോൾകീപ്പർ ധീരജ് സ്ഥാനം തെറ്റിനിൽക്കുന്നത് കണക്കാക്കി അടിച്ച പന്ത് നേരേ വലയിൽ.
പിന്നാലെ 25-ാം മിനിറ്റിൽ എഡു ബേഡിയ എടുത്ത ഫ്രീ കിക്കിൽ നിന്ന് വലകുലുക്കിയ അൻവർ അലി ഗോവയെ ഒപ്പമെത്തിച്ചു.
തുടർന്ന് 52-ാം മിനിറ്റിൽ ഹ്യൂഗോ ബോമസ് എടികെയുടെ വിജയമുറപ്പിച്ച ഗോൾ നേടി. ഗോവൻ താരത്തിന്റെ പിഴവിൽ നിന്ന് പന്ത് റാഞ്ചിയ ബോമസ് അത് പെട്രാറ്റോസിന് നീട്ടി. താരത്തിന് പന്ത് വലയിലാക്കാമായിരുന്നെങ്കിലും പെട്രാറ്റോസ് പന്ത് ബോമസിന് മറിച്ച് നൽകി. ഒട്ടും സമയം കളയാതെ ബോമസ് അനായാസം പന്ത് വലയിലെത്തിച്ചു.
പിന്നാലെ 85-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടാനുള്ള എടികെയുടെ അവസരം ആഷിഖ് കുരുണിയൻ പാഴാക്കി. ആളില്ലാത്ത പോസ്റ്റിലേക്കുള്ള ആഷിഖിന്റെ ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്