- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധത്തിൽ വിള്ളൽ; ആദ്യ പകുതിയിൽ വാങ്ങിക്കൂട്ടിയത് നാല് ഗോൾ; ബ്ലാസ്‌റ്റേഴ്‌സിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് മുംബൈ: തുടർച്ചയായ എട്ടാം ജയത്തോടെ മുംബൈ ഒന്നാം സ്ഥാനത്ത്; മഞ്ഞപ്പട മൂന്നാമത്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് കരുത്തരായ മുംബൈ സിറ്റി എഫ്.സി. ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ തോൽവി. ആദ്യ പകുതിയിൽ 22 മിനിറ്റിലാണ് മുംബൈ നാലു ഗോളുകളും ബ്ലാസ്റ്റേഴ്‌സിന്റെ വലയിൽ അടിച്ചുകൂട്ടിയത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ അപരാജിതക്കുതിപ്പിന് വിരാമമായി. അവസാന എട്ട് മത്സരങ്ങളിൽ തോൽക്കാതെ മുംബൈ സിറ്റിയെ നേരിടാൻ വന്ന ബ്ലാസ്റ്റേഴ്സ് ഒന്നുപൊരുതുക പോലും ചെയ്യാതെ മുട്ടുമടക്കുകയായിരുന്നു.
മുംബൈക്കായി പെരേര ഡയസ് രണ്ടും ഗ്രെഗ് സ്റ്റുവർട്ടും ബിപിൻ സിങ് ഓരോ ഗോളും നേടി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ തലപ്പത്ത് എത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരും. സീസണിൽ 13 മത്സരങ്ങളിൽ തോൽവിയില്ലാതെ കുതിക്കുകയാണ് മുംബൈ ടീം. തുടർച്ചയായ എട്ടാം ജയം കൂടിയാണ് മുംബൈ സിറ്റി എഫ്സിക്ക് ഇത്.
മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർഹെ പെരേര ഡയസ് ഇരട്ടഗോളുകളുമായി ബ്ലാസ്റ്റേഴ്‌സിന്റെ പതനത്തിന് തുടക്കമിട്ടത്. നാലാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. 22 മിനിറ്റുകളിലായിരുന്നു താരത്തിന്റെ രണ്ടാം ഗോൾ. ഗ്രെഗ് സ്റ്റുവാർട്ട് (10ാം മിനിറ്റിൽ), ബിപിൻ സിങ് (16) എന്നിവരാണ് മുംബൈക്കായി മറ്റു രണ്ടു ഗോളുകൾ നേടിയത്. പ്രതിരോധം മറന്ന് കളിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. മത്സരത്തിൽ പന്തടക്കത്തിലും പാസ്സിങ്ങിലുമെല്ലാം മുൻതൂക്കം മുംബൈക്ക് തന്നെയായിരുന്നു. ജയത്തോടെ അവർ പോയന്റ് പട്ടികയിൽ ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്തി.
നാലാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഡയസ്സാണ് മുംബൈക്കു വേണ്ടി ആദ്യം വലകുലുക്കിയത്. ഇടതുവിങ്ങിലൂടെ ബോക്‌സിനുള്ളിലേക്ക് പന്തുമായി മുന്നേറിയ ബിപിൻ സിങ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ അത് തട്ടിയകറ്റി. എന്നാൽ പന്ത് റീബൗണ്ടായി നേരെയെത്തിയത് ഡയസ്സിന്റെ കാലിലേക്ക്. താരം ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം തട്ടിയിട്ടു.
10-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച് മുംബൈ ലീഡുയർത്തി. ലാലിയൻസുവാല ചാങ്‌തെയുടെ മനോഹര ക്രോസ് ഹെഡറിലൂടെ സ്റ്റുവാർട്ട് വലയിലാക്കി. കയറിത്തട്ടാൻ ഗോൾകീപ്പർ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
16-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ കാഴ്‌ച്ചക്കാരാക്കി മുംബൈ വീണ്ടും വലകുലുക്കി. ഇടതുവിങ്ങിൽനിന്ന് ഡയസ് നൽകിയ പാസ് സ്വീകരിച്ച ബിപിൻ, ബോക്‌സിനുള്ളിൽനിന്ന് തൊടുത്ത ഷോട്ട് ഗോളിയെയും മറികടന്ന് ബോക്‌സിന്റെ വലതു മൂലയിലേക്ക്.
22ാം മിനിറ്റിലായിരുന്ന ഡയസിന്റെ രണ്ടാം ഗോൾ. ഗ്രൗണ്ടിന്റെ മധ്യത്തിൽനിന്ന് അഹമ്മദ് ജാഹു നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഡയസ്സ് ഗോൾകീപ്പറെയും കീഴ്‌പ്പെടുത്തി പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ആശ്വാസ ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ക്രൊയേഷ്യൻ പ്രതിരോധ താരം മാർകോ ലെസ്‌കോവിച് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. വിലക്കുമാറി യുക്രെയ്ൻ താരം ഇവാൻ കലിയൂഷ്‌നി ടീമിൽ തിരിച്ചെത്തിയിരുന്നു.
13 മത്സരങ്ങളിൽനിന്ന് 10 ജയവും മൂന്നു സമനിലയുമായി 33 പോയന്റാണ് മുംബൈക്ക്. രണ്ടാമതുള്ള ഹൈദരാബാദിന് 13 മത്സരങ്ങളിൽനിന്ന് 31 പോയന്റ്. 25 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാമത് തന്നെ തുടരുന്നു. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ നാലാമത്തെ തോൽവിയാണിത്.
മുംബൈക്കെതിരെ 4-4-2 ശൈലിയിലാണ് ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് ടീമിനെ അണിനിരത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഒഡിഷ എഫ്സിക്കെതിരെ പുറത്തിരുന്ന ഇവാൻ കല്യൂഷ്നി മടങ്ങിയെത്തിയപ്പോൾ ലെസ്‌കോവിച്ചും സസ്പെൻഷൻ കാരണം സന്ദീപ് സിംഗും സ്റ്റാർട്ടിങ് ഇലവനിലുണ്ടായിരുന്നില്ല. പ്രഭ്സുഖൻ സിങ് ഗിൽ ഗോൾബാറിന് കീഴെ എത്തിയപ്പോൾ ഹർമൻജോത് സിങ് ഖബ്ര, വിക്ടർ മോംഗിൽ, ഹോർമിപാം, ജെസ്സൽ കാർണെയ്‌റോ, ജീക്സൺ സിങ്, ഇവാൻ കല്യൂഷ്നി, സഹൽ അബ്ദുൽ സമദ്, അഡ്രിയാൻ ലൂണ, കെ പി രാഹുൽ, ദിമിത്രിയോസ് ഡയമന്റക്കോസ് എന്നിവരായിരുന്നു ആദ്യ 11ൽ ഉണ്ടായിരുന്നത്.
ബ്ലാസ്റ്റേഴ്സ് മുൻതാരം പെരേര ഡയസിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് മുംബൈ സിറ്റി സ്വന്തം മൈതാനത്തിറങ്ങിയത്. ഗ്രെഗ് സ്റ്റുവർട്ട്, ബിപിൻ സിങ്, ലാലിയൻസുവാല ചാംഗ്‌തേ എന്നീ പ്രധാന താരങ്ങൾ മുംബൈയുടെ സ്റ്റാർട്ടിങ് ഇലവനിലുണ്ടായിരുന്നു. മത്സരത്തിന്റെ പൂർണ നിയന്ത്രണം ആദ്യ 45 മിനുറ്റുകളിൽ ഈ നാൽവർ സംഘം മുംബൈയുടേതാക്കി മാറ്റി. അതേസമയം ലെസ്‌കോവിച്ചില്ലാത്ത ബ്ലാസ്റ്റേഴ്സ് പ്രതിരോധം പരാജയമായി.
സ്പോർട്സ് ഡെസ്ക്