ചെന്നൈ: ഐഎസ്എല്ലിൽ കരുത്തരായ എടികെ മോഹൻ ബഗാനെ ഗോൾരഹിത സമനിലയിൽ കുരുക്കി ചെന്നൈയിൽ എഫ്. സി. 90 മിനുറ്റുകളിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകളും ഗോൾ നേടാതെ വന്നതോടെയാണിത്. 56 ശതമാനവുമായി പന്തടക്കത്തിൽ എടികെയായിരുന്നു മുന്നിൽ. അതേസമയം ടാർഗറ്റിലേക്ക് ചെന്നൈയിൻ ആറും എടികെ അഞ്ചും ഷോട്ടുകൾ പായിച്ചു.

15 മത്സരങ്ങളിൽ 39 പോയിന്റുള്ള മുംബൈ സിറ്റി എഫ്സി തുടർ ജയങ്ങളുമായി കുതിപ്പ് തുടരുകയാണ്. ഇത്രതന്നെ കളിയിൽ 35 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് രണ്ടാമത്.

 കേരള ബ്ലാസ്റ്റേഴ്സ് നാളെ എഫ്സി ഗോവയെ നേരിടും. ഗോവയിൽ വൈകിട്ട് എഴരയ്ക്കാണ് കളി തുടങ്ങുക. 13 കളിയിൽ 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാം സ്ഥാനത്താണ്. 14 കളിയിൽ 20 പോയിന്റുള്ള ഗോവ ആറാം സ്ഥാനത്തും.നാളെ ഗോവയ്‌ക്കെതിരെ വിജയിച്ചാലും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരും.

അവസാന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയോട് എതിരില്ലാത്ത നാല് ഗോളിന് മഞ്ഞപ്പട പരാജയപ്പെട്ടിരുന്നു. മുംബൈ ഫുട്‌ബോൾ അരീനയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.