പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയെ നേരിടും. ഗോവയിലെ ഫറ്റോർഡ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. ഇനിയുള്ള ഏഴു മത്സരങ്ങളിൽ നാലും എതിരാളികളുടെ മൈതാനത്ത് ആയതിനാൽ ഓരോ മത്സരവും ബ്ലാസ്റ്റേഴ്സിനു നിർണായകമാണ്.

നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഗോവ ആറാം സ്ഥാനത്തുമാണ്. ഈ സീസണിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോവയെ തകർത്തത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു.നാലു മഞ്ഞക്കാർഡുകൾ കണ്ട കെ പി രാഹുലിന് ഇന്നു കളിക്കാനാവില്ല. പ്രതിരോധത്തിൽ മാർക്കോ ലെസ്‌കോവിച്ചിന്റെ പരുക്കും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.

വിലക്കിനു ശേഷം വിങ് ബാക്ക് സന്ദീപ് സിങ് ടീമിലേക്ക് മടങ്ങിയെത്തും. ലൂണ-കല്യൂഷ്നി-ഡയമന്റകോസ് ത്രയത്തിന്റെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷയോടെ നോക്കുന്നത്. ഒപ്പം സഹൽ കൂടിയെത്തുമ്പോൾ ഗോവൻ പ്രതിരോധം മറികടക്കാനാകുമെന്ന് ബ്ലാസ്റ്റേഴ്സ് കണക്കുകൂട്ടുന്നു.

കഴിഞ്ഞ എവേ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത നാലുഗോളുകൾക്ക് തോറ്റിരുന്നു.അതേസമയം തുടർച്ചയായി നാലു മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ ക്ഷീണവുമായാണ് ഗോവൻ ടീം ബ്ലാസ്റ്റേഴ്സിനെ നേരിടാനെത്തുന്നത്.