കൊച്ചി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ നിർണായക ജയവുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാംസ്ഥാനത്ത്. ആദ്യപകുതിയിലെ രണ്ട് മിനുറ്റിനിടെ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഇരട്ട ഗോളിൽ 2-0നാണ് മഞ്ഞപ്പട കൊച്ചിയിൽ വിജയക്കൊടി പാറിച്ചത്.

നിലയ്ക്കാത്ത ശബ്ദച്ചുവടുകളുമായി ആരാധകർ കൊച്ചിയിലെ ഗ്യാലറിയെ മഞ്ഞയണിയിച്ചപ്പോൾ മൈതാനത്ത് ആദ്യ മിനുറ്റുകൾ മുതൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ എതിർമുഖത്തേക്ക് തുടരെ ചുവടുവെച്ചു. അപ്പോസ്തൊലോസ് ജിയാന്നുവിനെയും ദിമിത്രിയോസ് ഡയമന്റക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-2-2 ശൈലിയിലാണ് ഇവാൻ വുകോമനോവിച്ച് തന്റെ ടീമിനെ അണിനിരത്തിയത്.

കരൺജിത് സിങ് ഗോൾവല കാക്കാനിറങ്ങിയപ്പോൾ മലയാളി താരം കെ പി രാഹുലും ഇലവനിലുണ്ടായിരുന്നു. ഹോം ഗ്രൗണ്ടിൽ തുടക്കം മുതൽ അവസരങ്ങൾ തുറന്നുകിട്ടിയെങ്കിലും നോർത്ത് ഈസ്റ്റ് ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലേക്ക് പ്രവേശിക്കാൻ നിർഭാഗ്യം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ അനുവദിച്ചില്ല. അഡ്രിയാൻ ലൂണയും കെ പി രാഹുലും ജിയാന്നുവും നടത്തിയ ശ്രമങ്ങൾ ഗോൾവല ഭേദിക്കാൻ മടി കാണിച്ച് മാറിനിന്നു.

നിരന്തരം നോർത്ത്ഈസ്റ്റ് ഗോൾമുഖം വിറപ്പിച്ചുകൊണ്ടേയിരുന്ന ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ ലീഡെടുത്തു. 42-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്.

ഇടതുവിങ്ങിൽ നിന്ന് ബ്രൈസ് മിറിൻഡ നൽകിയ ക്രോസിൽ തകർപ്പനൊരു ഹെഡറിലൂടെയാണ് ഡയമന്റക്കോസ് മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. പിന്നാലെ 44-ാം മിനിറ്റിൽ ഡയമന്റക്കോസിലൂടെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളുമെത്തി. മൈതാനമധ്യത്തുനിന്ന് നോർത്ത്ഈസ്റ്റ് പ്രതിരോധതാരങ്ങളെയെല്ലാം ഭേദിച്ച് അഡ്രിയാൻ ലൂണ നൽകിയ പാസ് ഡയമന്റക്കോസ് അനായാസം ലക്ഷ്യംകണ്ടു. ആദ്യപകുതി രണ്ടുഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് മുന്നിട്ടുനിന്നു.


ബ്രൈസ് മിറണ്ടയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോളെങ്കിൽ അഡ്രിയാൻ ലൂണയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഇതോടെ മത്സരത്തിന്റെ നിയന്ത്രണം പൂർണമായും കാൽക്കലാക്കിയ ബ്ലാസ്റ്റേഴ്സ് രണ്ടാംപകുതിയിലും ആവേശം ചോരാതെ മൈതാനത്തെ ത്രസിപ്പിച്ചു. കെ പി രാഹുലിന് പുറമെ പകരക്കാരനായി സഹൽ അബ്ദുൽ സമദും മൈതാനത്തിറങ്ങിയതോടെ ഗ്യാലറി ഇളകിമറിഞ്ഞു. എന്നാൽ കൂടുതൽ ഗോളുകൾ മത്സരത്തിൽ പിന്നിടുണ്ടായില്ല.