മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയെ സമനിലയിൽ കുരുക്കി രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു.

ജോർജെ പെരേര മുംബൈക്ക് ലീഡ് സമ്മാനിച്ചു. ഹിതേശ് ശർമയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും മുംബൈ തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. 17 മത്സരങ്ങളിൽ 43 പോയിന്റാണ് മുംബൈക്ക്. ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 16 മത്സരങ്ങൾ പൂർത്തിയാക്കിയാക്കി ഹൈദരാബാദിന് 36 പോയിന്റാണുള്ളത്.

പന്തടക്കത്തിലും ഷോട്ടുകളുതിർക്കുന്നതിലും മുംബൈ ആയിരുന്നു മുന്നിൽ. കളിഗതിക്കനുസരിച്ച് മുംബൈക്ക് ലീഡും ലഭിച്ചു. 22-ാം മിനിറ്റിൽ പെരേര പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്. നിഖിൽ പൂജാരിയുടെ പിഴവിൽ നിന്നാണ് മുംബൈക്ക് പെനാൽറ്റി ലഭിക്കുന്നത്. വലത് വിംഗിൽ നിന്ന് ബിബിൻ സിംഗിനെ ലക്ഷ്യമാക്കി ലാലിയൻസുവാലയുടെ ക്രോസ്.

ഫാർപോസ്റ്റിൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന ബിബിൻ പന്ത് ഹെഡ് ചെയ്തു. എന്നാൽ പൂജാരിയുടെ കയ്യിൽ തട്ടിയതോടെ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. മധ്യത്തിലേക്ക് പെനാൽറ്റിയടിച്ച മുൻ കേരള ബ്ലാസ്റ്റേഴ്സ്് താരത്തിന് ഗോൾ കീപ്പറെ കബളിപ്പിക്കാനായി. ആദ്യപാതി 1-0ത്തിന് അവസാനിച്ചു.

65ാം മിനിറ്റിലാണ് നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദിന്റെ മറുപടി ഗോളെത്തിയത്. മുഹമ്മദ് യാസിറിന്റെ സഹായത്താലായിരുന്നു ഗോൾ. ഹൈദരാബാദിന് ലഭിച്ച ആദ്യത്തെ ഗോൾ അവസരം കൂടിയായിരുന്നു അത്. വലത് വിംഗിലൂടെ പന്തുമായി യാസിർ മുന്നേറി. മുന്നോട്ട് നീട്ടിൽ നൽകിയ പന്ത് ഹിതേഷ് ഓടിയെടുത്തു. ആദ്യ ശ്രമത്തിൽ തന്നെ ഗോൾ കീപ്പറെ മറികടക്കാൻ ഹിതേഷിനായി. സ്‌കോർ 1-1. 83-ാം മിനിറ്റിൽ ഗ്രേഗ് സ്റ്റിവാർട്ടിലൂടെ മുംബൈക്ക് ലീഡെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ ഗോൾ കീപ്പറുടെ ഗംഭീര സേവ് ഹൈദരാബാദിനെ തോൽവിയിൽ നിന്ന് രക്ഷിച്ചു.