കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ അഡ്രിയാൻ ലൂണ, കെ പി രാഹുൽ എന്നിവാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.

അബ്ദെനാസർ എൽ ഖയാതിയുടെ വകയായിരുന്നു ചെന്നൈയിനിന്റെ ഏകഗോൾ. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ചത്. ബ്ലാസ്റ്റേഴ്സിനായി സൂപ്പർതാരം അഡ്രിയാൻ ലൂണയും മലയാളിതാരം കെ.പി.രാഹുലും ലക്ഷ്യം കണ്ടു.

ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 31 പോയന്റുമായി മഞ്ഞപ്പട പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. എന്നാൽ മറുവശത്ത് ഇത്രയും മത്സരങ്ങളിൽ നിന്ന് 18 പോയന്റ് മാത്രമുള്ള ചെന്നൈയിൻ എട്ടാമതാണ്.

രണ്ടാം മിനിറ്റിൽ തന്നെ ചെന്നെയിൻ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിൽ ലീഡെടുത്തു. സൂപ്പർതാരം അബ്ദെനാസർ എൽ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വലകുലുക്കിയത്.

ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം വിക്ടർ മോംഗിലിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. പന്ത് ഹെഡ്ഡ് ചെയ്ത് ക്ലിയർ ചെയ്യുന്നതിൽ മോംഗിൽ പരാജയപ്പെട്ടു. ഈ അവസരം മുതലെടുത്ത ഖയാത്തി രണ്ട് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് അതിമനോഹരമായി പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി വലയിൽ കയറുകയായിരുന്നു.

11-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ കെ.പി.രാഹുലിന് ഒരു ഗോൾ തിരിച്ചടിക്കാനുള്ള സുവർണാവസരം ലഭിച്ചു. ഡയമന്റക്കോസിന്റെ മനോഹരമായ ക്രോസ് കൃത്യമായി രാഹുൽ കാലിലൊതുക്കിയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

21-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ നിഷു കുമാറിന് മികച്ച അവസരം ലഭിച്ചെങ്കിലും താരം അനാവശ്യമായി പോസ്റ്റിലേക്ക് ഷോട്ടുതിർത്ത് അത് തുലച്ചു. ഡയമന്റക്കോസിന് പാസ് നൽകാവുന്ന അവസരമാണ് താരം പാഴാക്കിയത്. 27-ാം മിനിറ്റിൽ ഡയമന്റക്കോസും മികച്ച അവസരം നഷ്ടപ്പെടുത്തി. ലൂണ അളന്നുമുറിച്ചുനൽകിയ പാസ് സ്വീകരിച്ച ഡയമന്റക്കോസിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി.

തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് സമ്പൂർണ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. 29-ാം മിനിറ്റിൽ മഞ്ഞപ്പടയുടെ നായകൻ ജെസ്സെൽ കാർനെയ്റോയുടെ ലോങ്റേഞ്ചർ ഗോൾകീപ്പർ ഒരുവിധം തട്ടിയകറ്റി. എന്നാൽ പന്ത് പിടിച്ചെടുത്ത ഡയമന്റക്കോസിന് ലക്ഷ്യം കാണാനായില്ല.

ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് ഫലം കണ്ടു. 38-ാം മിനിറ്റിൽ സാക്ഷാൽ അഡ്രിയാൻ ലൂണ ലോകോത്തര ഗോളിലൂടെ മഞ്ഞപ്പടയുടെ രക്ഷകനായി അവതരിച്ചു. സഹലിന്റെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത് റാഞ്ചിയെടുത്ത ലൂണ പോസ്റ്റിന്റെ വലതുമൂലയിലേക്ക് മഴവില്ലുപോലെ പന്തിനെ തൊടുത്തുവിട്ടു. ഇതോടെ കൊച്ചി മഞ്ഞക്കടലിരമ്പത്തിൽ മുങ്ങി.

43-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും രാഹുലിന്റെ തകർപ്പൻ ലോങ് റേഞ്ചർ ചെന്നൈയിൻ ക്രോസ് ബാറിലിടിച്ച് തെറിച്ചു. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ വിൻസി ബരേറ്റോയുടെ ഗോളെന്നുറച്ച ഷോട്ട് അത്ഭുതകരമായി ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ ചെന്നൈയിൻ ആക്രമണം ശക്തിപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാൽ വീണുകിട്ടിയ അവസരം മുതലാക്കിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ നിർണായക ലീഡെടുത്തു. 64-ാം മിനിറ്റിൽ മലയാളി താരം കെ.പി.രാഹുലാണ് ടീമിനായി ലീഡ് സമ്മാനിച്ചത്. ഈ ഗോളിന്റെ പിന്നിലും പ്ലേ മേക്കർ അഡ്രിയാൻ ലൂണയാണ്.

ലൂണയുടെ അസാമാന്യമായ ക്രോസ് കൃത്യം രാഹുലിന്റെ കാലിലേക്കാണ് വന്നത്. അനായാസം പന്ത് വലയിലെത്തിച്ച് രാഹുൽ ബ്ലാസ്റ്റേഴ്സിന് മേൽക്കൈ സമ്മാനിച്ചു. 69-ാം മിനിറ്റിൽ ഖയാത്തി വീണ്ടും ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് അപകടം വിതച്ചു. എന്നാൽ താരത്തിന്റെ ഷോട്ട് അത്യുജ്ജ്വലൻ ഡൈവിലൂടെ ഗിൽ തട്ടിയകറ്റി. പിന്നാലെ ചെന്നൈയിൻ ആക്രമണം നിരന്തരം അഴിച്ചുവിട്ടെങ്കിലും ഗോൾ മാത്രം അകന്നുനിന്നു