ജംഷഡ്പൂർ: ഐഎസ്എല്ലിൽ നിർണായക മത്സരത്തിൽ എടികെ മോഹൻ ബഗാന് സമനില കുരുക്ക്. ജംഷഡ്പൂർ എഫ്സിക്കെതിരായ മത്സരം ഗോൾരഹിത സമനിലയിൽ കലാശിക്കുകയായിരുന്നു. ജെആർഡി ടാറ്റാ സ്‌പോർട്സ് കോംപ്ലക്സിൽ ഇരു ടീമുകൾക്കും 90+6 മിനുറ്റുകളിൽ ലക്ഷ്യം കാണാനായില്ല.

ഇതോടെ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള എടികെയുടെ പോരാട്ടം ഇനി കടുപ്പമേറും. ജംഷഡ്പൂരിന്റെ മലയാളി ഗോളി ടി പി രഹ്നേഷിന്റെ പ്രകടനം മത്സരത്തിൽ നിർണായകമായി. സീസണിൽ ജംഷഡ്പൂരിന്റെ അവസാന ഹോം മാച്ചായിരുന്നു ഇന്നത്തേത്.

എടികെ മോഹൻ ബഗാൻ 4-2-3-1 ശൈലിയിലും ജംഷഡ്പൂർ 4-4-1-1 ഫോർമേഷനിലുമാണ് മൈതാനത്തിലെത്തിയത്. മലയാളി താരം രഹ്നേഷ് ടി പിയായിരുന്നു ജംഷഡ്പൂരിന്റെ വല കാത്തത്. ആക്രമണത്തിൽ തുടക്കത്തിൽ മുന്നിട്ടുനിന്നത് എടികെ മോഹൻ ബഗാനാണെങ്കിലും വല ചലിപ്പിക്കാനായില്ല. ഏഴ് ഷോട്ടുകൾ ടാർഗറ്റിലേക്ക് പായിക്കാൻ ശ്രമിച്ചപ്പോൾ ഒന്നുപോലും വലയിലെത്തിയില്ല. കൂടുതൽ സമയം പന്ത് കാൽക്കൽ വച്ചതുകൊൽക്കത്തൻ ടീമായിരുന്നു. മറുവശത്ത് ഏഴ് തന്നെ ഷോട്ടുകൾ പായിച്ച ജംഷഡ്പൂരിനും പാളി. അവസാന മിനുറ്റുകളിൽ പകരക്കാരെ ഇറക്കി ആക്രമണത്തിന് ഇരു ടീമുകളും കോപ്പുകൂട്ടിയെങ്കിലും വിജയിച്ചില്ല. ആറ് മിനുറ്റ് അധികസമയം മുതലാക്കാനും ഇരു കൂട്ടർക്കുമായില്ല.

മൂന്ന് പോയിന്റ് പ്രതീക്ഷിച്ച് ജംഷഡ്പൂരിലേക്ക് വന്ന എടികെ മോഹൻ ബഗാന് ഇന്നത്തെ സമനില നിരാശയായി. പോയിന്റ് പട്ടികയിൽ മുംബൈ സിറ്റി എഫ്സി 17 കളിയിൽ 43 പോയിന്റുമായി തലപ്പത്ത് കുതിപ്പ് തുടരുകയാണ്. 16 കളിയിൽ 36 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് രണ്ടാമത്. പ്ലേ ഓഫ് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും എഫ്സി ഗോവയും ബെംഗളൂരു എഫ്സിയും തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. മൂന്നാമതുള്ള ബ്ലാസ്റ്റേഴ്സിന് 17 കളിയിൽ 31 ഉം നാലാമൻ എടികെയ്ക്ക് 28 പോയിന്റും അഞ്ചാമതുള്ള ഗോവയ്ക്ക് 27 പോയിന്റും ആറാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിക്ക് 25 ഉം പോയിന്റാണുള്ളത്.