- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയെ അവരുടെ മൈതാനത്ത് വീഴ്‌ത്തി; സീസണിൽ തോൽവിയറിയാതെ മുംബൈ സിറ്റിയുടെ തേരോട്ടം; ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കി നീലപ്പട
ബെംഗളൂരു: ഐഎസ്എല്ലിൽ അപരാജിത കുതിപ്പ് തുടരുന്ന മുംബൈ സിറ്റി എഫ്സി ലീഗ് ഷീൽഡ് സ്വന്തമാക്കി. ലീഗിൽ രണ്ട് മത്സരം ശേഷിക്കെയാണ് ടീം ഷീൽഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് മുംബൈ ഐഎസ്എൽ ഷീൽഡ് നേടുന്നത്.
എഫ്സി ഗോവയെ എവേ ഗ്രൗണ്ടിൽ മൂന്നിനെതിരെ അഞ്ച് ഗോളിന് മലർത്തിയടിച്ചാണ് മുംബൈ സിറ്റി ഷീൽഡ് ഉയർത്തിയത്. 18 മത്സരങ്ങളിൽ ഒരു തോൽവി പോലുമില്ലാതെ 46 പോയിന്റുമായാണ് മുംബൈയുടെ തേരോട്ടം.
സീസണിലെ പതിനെട്ട് കളിയിൽ 14 ജയവും നാല് സമനിലയിലുമുള്ള മുംബൈ സിറ്റി എഫ്സി ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. രണ്ടാമതുള്ള ഹൈദരാബാദ് എഫ്സിക്ക് 17 മത്സരങ്ങളിൽ 36 പോയിന്റേയുള്ളൂ.
ഫറ്റോഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എഫ്സി ഗോവയെ മൂന്നിനെതിരെ അഞ്ച് ഗോളിന് വീഴ്‌ത്തി മുംബൈ സിറ്റി എഫ്സി ലീഗ് ഷീൽഡ് സ്വന്തമാക്കുകയായിരുന്നു. ഗോവയ്ക്കായി നോഹ് സദോയ്, ബ്രാണ്ടൻ ഫെർണാണ്ടസ്, ബ്രിസൺ ഫെർണാണ്ടസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഗോളടി മേളമായിരുന്നു ഫറ്റോഡയിലെ എവേ ഗ്രൗണ്ടിൽ മുംബൈ സിറ്റി.
ഗ്രെഗ് സ്റ്റുവർട്ട്(18, 44) ഇരട്ട ഗോൾ നേടിയപ്പോൾ പെരേര ഡയസും(40), ലാലിയൻസ്വാല ചാങ്തെയും(71) വിക്രം സിങ്ങുമാണ്(77) മുംബൈക്കായി വല ചലിപ്പിച്ച മറ്റ് താരങ്ങൾ. 44 ശതമാനം മാത്രമാണ് പന്ത് കാൽക്കൽ വച്ചതെങ്കിലും ടാർഗറ്റിലേക്ക് പായിച്ച എട്ടിൽ അഞ്ചും വലയിലെത്തിച്ച് ലീഗ് ഷീൽഡ് കരസ്ഥമാക്കുകയായിരുന്നു മുംബൈ ടീം.
അതേസമയം പ്ലേഓഫ് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എവേ ഗ്രൗണ്ടിൽ ബെംഗളൂരു എഫ്സിക്കെതിരെ ഇറങ്ങിയിരിക്കുകയാണ്. ബിഎഫ്സിക്കെതിരെ 4-3-3 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് മൈതാനത്തെത്തിയത്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും രാഹുൽ കെ പിയും മഞ്ഞപ്പടയുടെ സ്റ്റാർട്ടിങ് ഇലവനിലുണ്ട്. ക്യാപ്റ്റൻ ജെസ്സലിന് പുറമെ ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാൻ കല്യൂഷ്നി, ജീക്സൺ സിങ്, അഡ്രിയാൻ ലൂണ, നിഷു കുമാർ, ഹോർമിപാം. വിക്ടർ മോംഗിൽ എന്നിവരാണ് ലൈനപ്പിലുള്ളത്. ഗോൾബാറിന് കീഴെ പ്രഭ്സുഖൻ ഗിൽ തുടരുന്നു. ഇന്ന് വിജയിച്ച് പ്ലേഓഫ് പ്രതീക്ഷ ഉറപ്പിക്കുകയാണ് ഇവാൻ വുകോമനോവിച്ചിന്റെയും സംഘത്തിന്റേയും ലക്ഷ്യം.
സ്പോർട്സ് ഡെസ്ക്