- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിന്റെ മറുപടി; കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി; മഞ്ഞപ്പടയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്; തുടർച്ചയായ ആറാം ജയത്തോടെ ബെംഗളൂരു അഞ്ചാം സ്ഥാനത്ത്
ബെംഗളൂരു: കൊച്ചിയിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ പകരം വീട്ടി ബെംഗളൂരു എഫ്സി. കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരു കീഴടക്കിയത്. തുടർച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.
കളിയുടെ തുടക്കം മുതൽ തന്നെ ബെംഗളൂരുവിനായിരുന്നു മുൻതൂക്കം. 32-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ബെംഗളൂരുവിന്റെ വിജയഗോൾ നേടിയത്. ജാവിയർ ഹെർണാണ്ടസ് നൽകിയ പന്തുമായി ബോക്സിലേക്ക് മുന്നേറിയ കൃഷ്ണ, ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിനും പോസ്റ്റിനും ഇടയിലെ സ്ഥലത്തിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
നിർണായക മത്സരത്തിന്റെ ആദ്യപകുതിയിൽ 32-ാം മിനുറ്റിൽ നേടിയ മുൻതൂക്കം നിലനിർത്തുകയായിരുന്നു സ്വന്തം തട്ടകത്തിൽ ബെംഗളൂരു എഫ്സി. ഹാവി ഫെർണാണ്ടസിന്റെ അസിസ്റ്റിൽ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണ സ്‌കോർ ചെയ്തതോടെ ആദ്യപകുതി ബെംഗളൂരുവിന്റെ മുൻതൂക്കത്തോടെ അവസാനിച്ചു.
ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ വിടവിലൂടെയായിരുന്നു റോയ് കൃഷ്ണയുടെ വിജയ ഗോൾ. മറുവശത്ത് സഹൽ അബ്ദുൽ സമദ് ഉൾപ്പടെയുള്ള താരങ്ങൾ ഇരുപകുതിയിലും വലചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 73-ാം മിനുറ്റിൽ കെ പി രാഹുലിനെയും 82-ാം മിനുറ്റിൽ സഹൽ അബ്ദുൽ സമദിനേയും പിൻവലിച്ച് പകരക്കാരൻ വന്നിട്ടും പ്രയോജനമുണ്ടായില്ല.
തോൽവിയോടെ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിക്കുമെതിരായ അവസാന മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നിർണായകമായി. തോറ്റെങ്കിലും 18 കളിയിൽ 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാമതാണ്. ഇന്ന് ജയിച്ചിരുന്നേൽ മഞ്ഞപ്പടയ്ക്ക് പ്ലേഓഫിലെത്താമായിരുന്നു. 18 കളികളിൽ നിന്ന് 28 പോയന്റുള്ള ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്. സീസണിൽ ബെംഗളൂരുവിന്റെ തുടർച്ചയായ ആറാം ജയമാണിത്.
സ്പോർട്സ് ഡെസ്ക്