കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ജീവന്മരണ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി എടികെ മോഹൻ ബഗാൻ പ്ലേഓഫിലേക്ക് യോഗ്യതനേടി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് എടികെ യുടെ വിജയം. ജയത്തോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും മോഹൻ ബഗാനായി. കേരള ബ്ലാസ്റ്റേഴ്സ് നേരത്തേ തന്നെ പ്ലോഓഫിലേക്ക് യോഗ്യത നേടിയിരുന്നു.

16-ാം മിനുറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയപ്പോൾ 23-ാം മിനുറ്റിൽ കാൾ മക്ഹ്യൂം സമനില നേടിയതോടെ 1-1ന് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞിരുന്നു. 72-ാം മിനുറ്റിൽ രണ്ടാം ഗോൾ നേടി മക്ഹ്യൂം എടികെയുടെ ജയമുറപ്പിച്ചു. ഇതിനിടെ 64-ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ രാഹുൽ കെ പി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ സീസണിലെ രണ്ടുമത്സരത്തിലും ബ്ലാസ്റ്റേഴ്സ് എടികെയോട് തോറ്റു.

പ്ലേഓഫ് പ്രതീക്ഷകളുമായി സാൾട്ട്ലേക്കിൽ കളിക്കാനിറങ്ങിയ മോഹൻ ബഗാൻ തുടക്കത്തിൽ തന്നെ ഞെട്ടി. മത്സരത്തിന്റെ 16-ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് എടികെ വലകുലുക്കി. മനോഹരമായ നീക്കത്തിനൊടുവിൽ മോഹൻ ബഗാന്റെ പെനാൽറ്റിബോക്സിനുള്ളിൽ നിന്ന് അപോസ്തലസ് ജിയാന്നു നൽകിയ പാസിൽ നിന്നാണ് ഗോൾ പിറന്നത്. ഡയമന്റകോസ് മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.

എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദത്തിന് അൽപ്പസമയം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 23-ാം മിനിറ്റിൽ കാൾ മക്ഹ്യൂയിലൂടെ എടികെ തിരിച്ചടിച്ചു. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിലാണ് പിരിഞ്ഞത്.

രണ്ടാം പകുതിയിൽ ഹ്യൂഗോ ബൗമസിന് പകരം ഫെഡറികോ ഗല്ലെഗോയെ എടികെ പരിശീലകൻ യുവാൻ ഫെറാൻഡോ കളത്തിലിറക്കി. പിന്നീട് ഇരു ടീമുകളും മികച്ച ഗോളവസരങ്ങളാണ് സൃഷ്ടിച്ചു. എന്നാൽ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല. 64-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് രാഹുൽ കെപി പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി.

പിന്നീടങ്ങോട്ട് എടികെ വിജയഗോളിനായി നിരന്തരം ആക്രമണമഴിച്ചുവിട്ടു. 71-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാൾ മക്ഹ്യൂ ഒരിക്കൽ കൂടി ഭേദിച്ച് വലകുലുക്കിയതോടെ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലായി. ഗോൾ വീണതിന് ശേഷവും മോഹൻ ബഗാൻ ആക്രമണങ്ങൾ തുടർന്നു. ആക്രമണങ്ങളെ തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധം നന്നായി വിയർത്തു. ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മോഹൻ ബഗാൻ പ്രതിരോധം ശക്തമാക്കിയതോടെ സാൾട്ട്ലേക്കിലും ബ്ലാസ്റ്റേഴ്സ് തോൽവിയോടെ മടങ്ങി.

ഇന്നത്തെ ആദ്യ മത്സരത്തിൽ കരുത്തരായ ഹൈദരാബാദ് എഫ്സിക്കെതിരെ ജംഷഡ്പൂർ എഫ്സി രണ്ടിനെതിരെ മൂന്ന് ഗോളിന്റെ ജയം നേടി. കിക്കോഫായി 12-ാം മിനുറ്റിൽ സൂപ്പർ താരം ബെർത്തലോമ്യൂ ഒഗ്ബച്ചേയുടെ ഗോളിൽ ഹൈദരാബാദ് ആദ്യം മുന്നിലെത്തി. എന്നാൽ റിത്വിക് ദാസും(22), ജേ ഇമ്മാനുവേൽ തോമസും(27), ഡാനിയേൽ ചിമയും(29) ജംഷഡ്പൂരിന് 45 മിനുറ്റുകൾ പൂർത്തിയാകുമ്പോൾ 3-1ന്റെ ലീഡ് സമ്മാനിച്ചു. 79-ാം മിനുറ്റിൽ ഒഗ്ബച്ചെ രണ്ടാം ഗോൾ നേടിയെങ്കിലും ഹൈദരാബാദിന് ജയിക്കാനായില്ല. ഇന്ന് ജയിച്ചെങ്കിലും ഇതിനകം പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച ടീമാണ് ജംഷഡ്പൂർ എഫ്സി എങ്കിൽ സീസണിലെ രണ്ടാം സ്ഥാനക്കാരാണ് ഹൈദരാബാദ് എഫ്സി.