ബെംഗലൂരു: നിർണായക മത്സരത്തിൽ ബെംഗലൂരു എഫ് സിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട എഫ് സി ഗോവ ഐ എസ് എൽ പ്ലേ ഓഫ് കാണാതെ പുറത്ത്. പ്ലേ ഓഫിലെത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ആറാം മിനിറ്റിൽ ശിവശക്തി നാരായണനിലൂടെ ബെംഗലൂരുവാണ് ആദ്യം ലീഡെടുത്തത്.

എന്നാൽ 33-ാം മിനിറ്റിൽ ഐകർ ഗുറോട്ക്‌സേനയിലൂടെ ഗോൾ മടക്കി ഗോവ സമനില പിടിച്ചു. ആവേശപ്പോരാട്ടത്തിൽ ഗോവ ആധിപത്യം നേടുന്നതിനിടെ അപ്രതീക്ഷിതമായി ബെംഗലൂരു ലീഡെടുത്തു.

രണ്ടാം പകുതിയിൽ 76-ാം മിനിറ്റിൽ ശിവശക്തി കാർത്തികേയൻ തന്നെയാണ് ബെംഗലൂരുവിന് ലീഡ് സമ്മാനിച്ചത്. എന്നാൽ റീബൗണ്ടിൽ ശിവശക്തി നേടിയ ഗോൾ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോവ താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഗോവൻ താരങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിടയിലും റഫറി ഗോൾ നിഷേധിക്കാൻ തയാറായില്ല. അഞ്ച് മിനിറ്റിന് ശേഷം പാബ്ലോ പെരസ് ബെംഗലൂരുവിന്റെ ഗോൾ പട്ടിക തികച്ച് മൂന്നാം ഗോളും നേടിയതോടെ ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു.

മത്സരത്തിൽ 66 ശതമാനം പന്തടക്കവും 80 ശതമാനം പാസിംഗിലെ കൃത്യതയുമായി ആധിപത്യം പുലർത്തിയിട്ടും ഗോവക്ക് ജയം നേടാനായില്ല. ഗോവ തോറ്റതോടെ ആറാം സ്ഥാനക്കാരായി ഒഡീഷ എഫ് സി പ്ലേ ഓഫിലെത്തി. 20 കളികളിൽ ഗോവക്ക് 27 പോയന്റും ഒഡീഷക്ക് 30 പോയന്റുമുണ്ട്.

19 മത്സരങ്ങൾ വീതം പൂർത്തിയാക്കി 31 പോയന്റ് വീതമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും എ ടി കെ മോഹൻ ബഗാൻ നാലാം സ്ഥാനത്തും നിൽക്കുമ്പോൾ ജയത്തോടെ 34 പോയന്റുമായി ബെംഗലൂരു എഫ് സി മൂന്നാം സ്ഥാനത്തേക്ക് കയറി. 46 പോയന്റുള്ള മുംബൈ സിറ്റിയും 39 പോയന്റുള്ള ഹൈദരാബാദുമാണ് പ്ലേ ഓഫിലെത്തി മറ്റ് രണ്ട് ടീമുകൾ. ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫ് കളിക്കുക.