- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തടക്കത്തിൽ മുന്നിൽ നിന്നത് ബ്ലാസ്റ്റേഴ്സ്; കിട്ടിയ അവസരങ്ങൾ തുലച്ചു; ഹൈദരാബാദ് ലക്ഷ്യത്തിലേക്ക് പായിച്ചത് ഒരു ഷോട്ട് മാത്രം; ഹോം ഗ്രൗണ്ടിൽ തോൽവിയോടെ മഞ്ഞപ്പട; പ്ലേ ഓഫ് മത്സരം ബെംഗളൂരുവിനെതിരെ മാർച്ച് മൂന്നിന്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടിൽ തോൽവി. നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് എഫ്സിയോടെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 29-ാം മിനിറ്റിൽ ഹാളിചരൺ നർസാരിയുടെ പാസിൽ നിന്ന് ബോർഹ ഹെരേരയാണ് ഹൈദരാബാദിന്റെ വിജയഗോൾ നേടിയത്.
പ്രാഥമിക ലീഗിലെ അവസാന മത്സരമായിരുന്നിത്. അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സെങ്കിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിരുന്നു. 20 മത്സരങ്ങളിൽ 31 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ഇത്രയും മത്സരങ്ങളിൽ 42 പോയിന്റുള്ള ഹൈദാബാദ് രണ്ടാം സ്ഥാനത്താണ്.
ഹൈദരാബാദിനോട് മൂന്ന് ഗോൾ വ്യത്യാസത്തിൽ ജയിച്ചിരുന്നെങ്കിൽ ബെംഗളൂരുവിനെ മറികടന്ന് ബ്ലാസ്റ്റേഴ്‌സിന് ലീഗിൽ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനാകുമായിരുന്നു. അങ്ങനെവന്നാൽ സ്വന്തം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്‌സിന് ബെംഗളൂരു എഫ്.സി.യുമായി പ്ലേ ഓഫ് കളിക്കാമായിരുന്നു. ഇതോടെ മാർച്ച് മൂന്നിന് ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം ബ്ലാസ്റ്റേഴ്സിന് അവരുടെ ഹോം ഗ്രൗണ്ടിൽ കളിക്കണം.
പന്തടക്കത്തിൽ ബ്ലാസ്റ്റേഴ്സായിരുന്നു മുന്നിൽ. എന്നാൽ കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. ഹൈദരാബാദ് ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്. അത് ഗോളാവുകയും ചെയ്തു. 29-ാം മിനിറ്റിൽ ഹാളിചരൺ നർസാരിയുടെ അസിസ്റ്റിലാണ് ഹെരേര ഗോൾ നേടുന്നത്. മധ്യവരയ്ക്കടുത്ത് നിന്ന് ജെസ്സൽ കർണൈരോയിൽ നിന്ന് പന്ത് തട്ടിയെടുത്ത മുഹമ്മദ് യാസിർ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹാളിചരണ് മറിച്ചുനിൽകി. ഇടത് വിംഗിലൂടെ പന്തുമായി മുന്നേറിയ ഹാളിചരൺ, ഹെരേരയ്ക്ക് നൽകി. താരത്തിന്റെ ഇടങ്കാലൻ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറെ കീഴ്പ്പെടുത്തി.
പിന്നാലെ 35-ാം മിനിറ്റിൽ ജോയൽ കിയാനിസെ പന്ത് വലയിലെത്തിച്ചെങ്കിലും ഗോൾ അനുവദിച്ച ശേഷം താരം ഓഫ്സൈഡായിരുന്നുവെന്ന് കണ്ടെത്തിയ റഫറി അത് പിൻവലിച്ചു. ഹൈദരാബാദ് ടീമിന്റെ കടുത്ത പ്രതിഷേധത്തിന് ഈ സംഭവം കാരണമായി. തോൽവിയോടെ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന് ഫിനിഷ് ചെയ്യാനായത്.
ഐഎസ്എല്ലിൽ നോക്കൗട്ട് ചിത്രം നേരത്തെ തെളിഞ്ഞിരുന്നു. മാർച്ച് മൂന്നിന് നടക്കുന്ന ആദ്യലഎലിമിനേറ്ററിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ബെംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെ നേരിടും. ബെംഗളൂരുവിന്റെ മൈതാനത്തായിരിക്കും മത്സരം. ഈ മത്സരത്തിലെ വിജയികൾ ലീഗിൽ ഒന്നാമതെത്തിയ മുംബൈ സിറ്റിയെ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലിൽ നേരിടും. മാർച്ച് നാലിന് നടക്കുന്ന എലിമിനേറ്ററിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയ എടികെ മോഹൻ ബഗാൻ, ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡീഷ എഫ്സിയെ നേരിടും. എടികെയുടെ മൈതാനത്തായിരിക്കും മത്സരം. ഈ മത്സരത്തിലെ വിജയിയുടെ സെമി എതിരാളി ഹൈദരാബാദ് ആയിരിക്കും.
സ്പോർട്സ് ഡെസ്ക്