ബെംഗളൂരു: ഐഎസ്എൽ നോക്കൗട്ടിൽ ബെംഗളൂരു എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം നിശ്ചിത സമയത്ത് ഗോൾരഹിതമായി കലാശിച്ചതോടെ എക്‌സ്ട്രാടൈമിലേക്ക്. 90 മിനുറ്റുകളിലും 4 മിനുറ്റ് ഇഞ്ചുറിടൈമിലും വല കുലുക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല. ബെംഗളൂരുവാണ് മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത്. ബെംഗളൂരുവിന്റെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ കേരളം നന്നായി വിയർത്തു.

ആദ്യപകുതിയിൽ ബെംഗളൂരു എഫ്‌സിയാണ് ആക്രമണത്തിൽ മുന്നിട്ട് നിന്നതെങ്കിൽ രണ്ടാംപകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഊർജം വീണ്ടെടുത്തു. എന്നാൽ ഒരിക്കൽപ്പോലും പന്ത് വലയിലെത്തിക്കാനായില്ല. ബോക്‌സിലേക്കുള്ള ക്രോസുകളും ഫിനിഷിംഗുമെല്ലാം പിഴച്ചു.

71-ാം മിനുറ്റിൽ ഡാനിഷ് ഫാറൂഖിന് പകരം സഹൽ അബ്ദുൾ സമദ് കളത്തിലെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് വേഗം കൂടി. 76-ാം മിനുറ്റിൽ ക്യാപ്റ്റൻ ജെസ്സൽ കാർണെയ്‌റോ പരിക്കേറ്റ് പുറത്തുപോയതോടെ ആയുഷ് അധികാരി കളത്തിലെത്തി. പിന്നാലെ ലഭിച്ച കോർണർ കിക്കുകൾ മുതലാക്കാൻ മഞ്ഞപ്പടയ്ക്ക് സാധിക്കാതെ പോയി. 83-ാം മിനുറ്റിൽ ആയുഷിന്റെ ക്രോസ് മുതലാക്കാനായില്ല. 87-ാം മിനുറ്റിൽ പന്ത് വളച്ച് വലയിലാക്കാനുള്ള സഹലിന്റെ ശ്രമം ഫലിക്കാഞ്ഞതും തിരിച്ചടിയായി.

സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിന്റെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ബോക്സിനടുത്തു വെച്ച് കിട്ടിയ ഫ്രീകിക്ക് അപകടം വിതച്ചാണ് കടന്നുപോയത്. ജാവി ഹെർണാണ്ടസെടുത്ത കിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചെങ്കിലും വീണ്ടും അപകടം വിതച്ചു. പിന്നാലെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ബെംഗളൂരു നിരവധി മുന്നേറ്റങ്ങളും നടത്തി.

13-ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഹെഡർ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ബെംഗളൂരു മുന്നേറ്റം കൗണ്ടർ അറ്റാക്കുകളുമായി കളം നിറഞ്ഞപ്പോൾ പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്സ് ബുദ്ധിമുട്ടി. 24-ാം മിനിറ്റിൽ രണ്ടുതവണ റോയ് കൃഷ്ണ മഞ്ഞപ്പടയുടെ പെനാൽറ്റി ബോക്സിൽ വെല്ലുവിളിയുയർത്തി. ഇടതുവിങ്ങിൽ നിന്നുതിർത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റിയപ്പോൾ പിന്നാലെ ഹെഡർ ലക്ഷ്യം കാണാതെ പുറത്തുപോയി.

കിട്ടിയ അവസരങ്ങളിൽ ബ്ലാസ്റ്റേഴ്സും ചെറിയ മുന്നേറ്റങ്ങൾ നടത്തി. 40-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിൽ ഇരച്ചെത്തിയ ജാവി ഹെർണാണ്ടസ് ഉഗ്രൻ ഷോട്ടുതിർത്തു. എന്നാൽ അഡ്രിയാൻ ലൂണ തലകൊണ്ട് കൃത്യമായ പ്രതിരോധം തീർത്തതോടെ ബ്ലാസ്റ്റേഴ്സ് ആശ്വസിച്ചു. പിന്നാലെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ആദ്യ പകുതിക്ക് സമാനമെന്നോണം ബെംഗളൂരുവാണ് ആധിപത്യം പുലർത്തിയത്. 59-ാം മിനിറ്റിൽ ബെംഗളൂരു എഫ്സി ഗോളിനടുത്തെത്തി. ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് സുരേഷ് സിങിന്റെ ഉഗ്രൻ ഷോട്ട് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റി. 71-ാം മിനിറ്റിൽ മുന്നേറ്റനിരക്കാരൻ ഡാനിഷ് ഫറൂഖിന് പകരം സഹലിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. ബെംഗളൂരു നിരയിൽ സൂപ്പർതാരം സുനിൽ ഛേത്രിയും മൈതാനത്തിറങ്ങി.

എന്നാൽ അവസാനഘട്ടത്തിൽ വലിയ മുന്നേറ്റങ്ങൾ നടത്താൻ ഇരുടീമുകൾക്കുമായില്ല. 81-ാം മിനിറ്റിൽ സ്ട്രൈക്കർ ഡയമെന്റക്കോസിന്റെ ഹെഡർ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു കൈയിലൊതുക്കി. 84-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയെടുത്ത ഫ്രീകിക്ക് ബെംഗളൂരു കൃത്യമായി പ്രതിരോധിച്ചു. പിന്നാലെ 85-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. വലതുവിങ്ങിൽ നിന്ന് രാഹുലിന്റെ ക്രോസ് ലൂണയ്ക്ക് ഹെഡ് ചെയ്യാനായില്ല. മത്സരം ഫുൾടൈമിൽ ഗോൾരഹിതമായി അവസാനിച്ചതോടെ എക്സ്ട്രാടൈമിലേക്ക് നീണ്ടു.

ഡയമന്റക്കോസിനെയും ബെംഗളൂരുവിൽ നിന്ന് അടുത്തിടെ സ്വന്തമാക്കിയ ഡാനിഷ് ഫാറൂഖിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് ഇവാൻ വുകോമനോവിച്ച് തന്റെ ടീമിനെ അണിനിരത്തിയത്. ഗോൾബാറിന് കീഴെ പ്രഭ്‌സുഖൻ ഗിൽ വല കാക്കുമ്പോൾ നിഷു കുമാർ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, ക്യാപ്റ്റൻ ജെസ്സൽ കാർണെയ്‌റോ, ജീക്‌സൺ സിങ്, ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ, രാഹുൽ കെ പി, അഡ്രിയാൻ ലൂണ, ഡിമിത്രിയോസ് ഡയമന്റക്കോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേയിങ് ഇലവനിലുള്ളത്. സഹൽ അബ്ദുൾ സമദ്, അപ്പോസ്തലോസ് ജിയാന്നു, ഹോർമിപാം, കരൺജിത് സിങ്, ആയുഷ് അധികാരി, ബ്രൈസ് മിറാണ്ട, ഹർമൻജ്യോത് സിങ് ഖബ്ര, സൗരവ് മണ്ടൽ, ബിദ്യസാഗർ സിങ് എന്നിവരാണ് പകരക്കാരുടെ നിരയിൽ. അതേസമയം 3-5-2 ശൈലിയിലായിരുന്നു ബെംഗളൂരു എഫ്‌സി കളത്തിലെത്തിയത്. ഇന്ന് ജയിക്കുന്നവർ സെമി ഫൈനലിൽ മുംബൈ സിറ്റി എഫ്‌സിയെയാണ് നേരിടേണ്ടത്.