ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് - ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് മത്സരത്തിനിടെ അസാധാരണ സംഭവങ്ങൾ. ഫ്രീകിക്കിൽ നിന്ന് ബെംഗളൂരു എഫ്‌സിക്ക് ഗോൾ അനുവദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പരിശീലകൻ ഇവാൻ വുകോമനോവിച്ച് കളിക്കളത്തിൽ നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു. ഇതോടെ മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മടങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും താരങ്ങൾ കളത്തിലിറങ്ങാതിരുന്നതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു

നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ, ബെംഗളൂരു എഫ്‌സി നേടിയ ഗോളിനെച്ചൊല്ലിയാണ് തർക്കം നീണ്ടത്. പകരക്കാരനായി ഇറങ്ങിയ മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളാണ് വിവാദത്തിനു കാരണമായത്. ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കിൽനിന്ന് ഛേത്രി നേടിയ ഗോൾ, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഫ്രീകിക്കിനു തയാറാകുന്നതിനു മുൻപാണ് നേടിയതെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ വാദം. തർക്കം മുറുകിയതോടെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിക്കുകയായിരുന്നു.

മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ തുടക്കത്തിലെ രാഹുൽ കെ പിയുടെ ഒരു ഷോട്ട് ഗോളിലേക്ക് തിരിച്ചുവിടാൻ ലൂണ ശ്രമിച്ചെങ്കിലും പോസ്റ്റിനെ ഉരുമി കടന്നുപോയി. തൊട്ടുപിന്നാലെ സുനിൽ ഛേത്രി നൽകിയ പാസ് റോയ് കൃഷ്ണ മുതലാക്കാനായില്ല. എന്നാൽ തൊട്ടുപിന്നാലെ ഛേത്രിയെ ഫൗൾ ചെയ്തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് കിട്ടി.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അണിനിരക്കും മുമ്പ് ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കുകയായിരുന്നു. ഇതോടെ ബെംഗളൂരു സ്‌കോർബോർഡിൽ മുന്നിലെത്തി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇത് ഗോളല്ല എന്ന് വാദിച്ചു. റഫറിയുമായി സംസാരിച്ചിട്ടും തീരുമാനം പിൻവലിക്കാതെ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചുവിളിച്ചു. ഇതോടെ മത്സരം തടസപ്പെട്ടു. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിന്റെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ബോക്സിനടുത്തു വെച്ച് കിട്ടിയ ഫ്രീകിക്ക് അപകടം വിതച്ചാണ് കടന്നുപോയത്. ജാവി ഹെർണാണ്ടസെടുത്ത കിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചെങ്കിലും വീണ്ടും അപകടം വിതച്ചു. പിന്നാലെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ബെംഗളൂരു നിരവധി മുന്നേറ്റങ്ങളും നടത്തി.

13-ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഹെഡർ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ബെംഗളൂരു മുന്നേറ്റം കൗണ്ടർ അറ്റാക്കുകളുമായി കളം നിറഞ്ഞപ്പോൾ പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്സ് ബുദ്ധിമുട്ടി. 24-ാം മിനിറ്റിൽ രണ്ടുതവണ റോയ് കൃഷ്ണ മഞ്ഞപ്പടയുടെ പെനാൽറ്റി ബോക്സിൽ വെല്ലുവിളിയുയർത്തി. ഇടതുവിങ്ങിൽ നിന്നുതിർത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റിയപ്പോൾ പിന്നാലെ ഹെഡർ ലക്ഷ്യം കാണാതെ പുറത്തുപോയി.

കിട്ടിയ അവസരങ്ങളിൽ ബ്ലാസ്റ്റേഴ്സും ചെറിയ മുന്നേറ്റങ്ങൾ നടത്തി. 40-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിൽ ഇരച്ചെത്തിയ ജാവി ഹെർണാണ്ടസ് ഉഗ്രൻ ഷോട്ടുതിർത്തു. എന്നാൽ അഡ്രിയാൻ ലൂണ തലകൊണ്ട് കൃത്യമായ പ്രതിരോധം തീർത്തതോടെ ബ്ലാസ്റ്റേഴ്സ് ആശ്വസിച്ചു. പിന്നാലെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ആദ്യ പകുതിക്ക് സമാനമെന്നോണം ബെംഗളൂരുവാണ് ആധിപത്യം പുലർത്തിയത്. 59-ാം മിനിറ്റിൽ ബെംഗളൂരു എഫ്സി ഗോളിനടുത്തെത്തി. ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് സുരേഷ് സിങിന്റെ ഉഗ്രൻ ഷോട്ട് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റി. 71-ാം മിനിറ്റിൽ മുന്നേറ്റനിരക്കാരൻ ഡാനിഷ് ഫറൂഖിന് പകരം സഹലിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. ബെംഗളൂരു നിരയിൽ സൂപ്പർതാരം സുനിൽ ഛേത്രിയും മൈതാനത്തിറങ്ങി.

എന്നാൽ അവസാനഘട്ടത്തിൽ വലിയ മുന്നേറ്റങ്ങൾ നടത്താൻ ഇരുടീമുകൾക്കുമായില്ല. 81-ാം മിനിറ്റിൽ സ്ട്രൈക്കർ ഡയമെന്റക്കോസിന്റെ ഹെഡർ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു കൈയിലൊതുക്കി. 84-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയെടുത്ത ഫ്രീകിക്ക് ബെംഗളൂരു കൃത്യമായി പ്രതിരോധിച്ചു. പിന്നാലെ 85-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. വലതുവിങ്ങിൽ നിന്ന് രാഹുലിന്റെ ക്രോസ് ലൂണയ്ക്ക് ഹെഡ് ചെയ്യാനായില്ല. മത്സരം ഫുൾടൈമിൽ ഗോൾരഹിതമായി അവസാനിച്ചതോടെ എക്സ്ട്രാടൈമിലേക്ക് നീണ്ടു.

എക്സ്ട്രൈ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. 96-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് വേഗത്തിൽ വലയിലാക്കി ബെംഗളൂരു ലീഡെടുത്തു. സുനിൽ ഛേത്രിയാണ് ഗോളടിച്ചത്. എന്നാൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചു. താരങ്ങൾ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാൽ ഗോൾ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചു. റഫറി ഗോൾ അനുവദിച്ചതിനാൽ കോച്ച് ഇവാൻ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാൻ നിർദ്ദേശിച്ചു ഇതിന് പിന്നാലെ താരങ്ങൾ മൈതാനം വിട്ടു.