ബെംഗളൂരു: ഫ്രീകിക്ക് തടയാൻ എതിർ ടീമിലെ താരങ്ങൾ തയ്യാറാകും മുമ്പ് കിക്കെടുത്ത് ഗോൾ നേടുക. ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടിട്ടും തീരുമാനത്തിൽ ഉറച്ചുനിൽക്കുക. പ്രതിഷേധസൂചകമായി ടീം ഒന്നാകെ കളം വിടുക!. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത, അസാധാരണ സംഭവങ്ങളാണ് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അരങ്ങേറിയത്.

ഐഎസ്എൽ നോക്കൗട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരം ടൂർണമെന്റ് ഇതുവരെ കാണാത്ത നാടകീയതകൾക്കാണ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ സാക്ഷ്യം വഹിച്ചത്. ഫ്രീകിക്കിലൂടെ ബെംഗളൂരു സൂപ്പർ താരവും ഇന്ത്യൻ ഇതിഹാസവുമായ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിനെ തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും ശിഷ്യന്മാരും മൈതാനത്തിന് നിന്ന് എക്‌സ്ട്രാടൈം പുരോഗമിക്കുന്നതിനിടെ മടങ്ങിയത്. ഛേത്രിയുടെ വിവാദ ഗോളിൽ വിജയിച്ച ബെംഗളൂരു സെമി ഫൈനലിലെത്തി.

ഇരു ടീമുകൾക്കും വല ചലിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്‌സ് മത്സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാടൈമിന്റെ 96-ാം മിനുറ്റിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ബെംഗളൂരു സൂപ്പർ താരം സുനിൽ ഛേത്രിയെ ഫൗൾ ചെയ്തതിന് റഫറി ഫ്രീകിക്ക് അനുവദിച്ചു. കിക്ക് തടുക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കുന്നതിനിടെ തിടുക്കത്തിൽ പന്ത് ചിപ് ചെയ്ത് വലയിലിട്ടു ഛേത്രി.

ഛേത്രി കിക്കെടുക്കും മുമ്പ് റഫറി വിസിൽ വിളിച്ചിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും ഇത് ഗോളല്ലാ എന്ന് വാദിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും റഫറിയും തമ്മിൽ തർക്കമായി. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകാമനോവിച്ച് മൈതാനത്ത് പ്രവേശിച്ചു. ഇതേസമയം ഗോളാഘോഷത്തിലായിരുന്നു ഛേത്രിയും സംഘവും.

ഛേത്രിക്ക് ഗോൾ അനുവദിച്ചതിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്റെ നീരസം ലൈൻ റഫറിയോട് അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇവാനും ലൈൻ റഫറിമാരും തമ്മിൽ രൂക്ഷമായ തർക്കം നടന്നു. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് മൈതാനം വിടാൻ ആഹ്വാനം ചെയ്യുകയായിരുന്നു വുകോമനോവിച്ച്. ശേഷം കുറച്ചുനേരം ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലക സംഘവും സൈഡ് ലൈനിൽ ഇരുന്നു.

പിന്നാലെ എല്ലാവരും കൂടി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മാച്ച് റഫറി എത്തി ഗ്രൗണ്ട് റഫറിമാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ബെംഗളൂരുവിനെ 1-0ന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബെംഗളൂരു എഫ്‌സി സെമിക്ക് യോഗ്യത നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു.

മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചതിച്ചു എന്ന രീതിയിലാണ് പ്ലേ ഓഫ് മത്സരത്തിലെ വിവാദ ഗോളിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പങ്കുവയ്ക്കുന്ന പൊതുവികാരം. ആവേശകരമായി പുരോഗമിച്ചൊരു മത്സരമാണ് എക്‌സ്ട്രാ ടൈമിൽ ഛേത്രി നേടിയ ഗോളിലൂടെ വിവാദത്തിലേക്ക് ആഴ്ന്നുപോയത്.

സുനിൽ ഛേത്രി നേടിയ ഗോൾ അനുവദനീയമാണോ എന്നതാണ് പ്രധാന ചോദ്യം. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധമുയർത്തി മൈതാനം വിടുന്നതിനു മുൻപു തന്നെ, വിവിധ പ്രഫഷനൽ ഫുട്‌ബോൾ മത്സരങ്ങളിൽ ഇത്തരത്തിൽ ഗോളുകൾ നേടിയതിന്റെയും റഫറി അത് അനുവദിച്ചതിന്റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. 2017ൽ റയൽ മഡ്രിഡ് സെവിയ്യ മത്സരത്തിൽ റയൽ താരം നാച്ചോ നേടിയ ഗോളിന്റെ വിഡിയോ സഹിതം അക്കൂട്ടത്തിലുണ്ട്. അന്ന് സെവിയ്യ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചിരുന്നു. എന്നാൽ ബാർസയിലെ തുടക്കക്കാലത്ത് ഇത്തരത്തിൽ ഗോൾ നേടിയ ലയണൽ മെസ്സിക്ക് റഫറി മഞ്ഞക്കാർഡ് നൽകുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്.

 

അതേ സമയംനോക്കൗട്ട് മത്സരത്തിൽ താൻ എടുത്ത ഫ്രീ കിക്കിനെ ന്യായീകരിച്ച് ബെംഗളൂരു എഫ്‌സിയുടെ മുതിർന്ന താരം സുനിൽ ഛേത്രി രംഗത്തെത്തി. റഫറിയോട് ചോദിച്ചിട്ടാണ് താൻ ക്രിക്കെടുത്തതെന്നും ലൂണ അത് കേട്ടു എന്നാണ് തനിക്ക് തോന്നുന്നത് എന്നും ഛേത്രി മത്സരത്തിനു ശേഷം പ്രതികരിച്ചു.

'റഫറി പറഞ്ഞു, മുഴക്കാൻ അദ്ദേഹത്തിനു വിസിലിന്റെയോ പ്ലയർ വാളിന്റെയോ ആവശ്യമില്ലെന്ന്. ഞാൻ ചോദിച്ചു, ഉറപ്പാണോ എന്ന്. അദ്ദേഹം 'അതെ' എന്ന് പറഞ്ഞു. ലൂണ അത് കേട്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് അദ്ദേഹം എന്നെ ഒരു തവണ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളി ബഹിഷ്‌കരിച്ചത് ശരിയായില്ല.''- ഛേത്രി പറഞ്ഞു.

97ആം മിനിട്ടിൽ നേടിയ ഗോളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം കളം വിട്ടെങ്കിലും ബെംഗളൂരു ടീം തുടർന്നു. അധികസമയം അവസാനിക്കും വരെ ബെംഗളൂരു താരങ്ങൾ കളത്തിലുണ്ടായിരുന്നു. സമയം അവസാനിച്ചപ്പോൾ റഫറി ഫൈനൽ വിസിൽ മുഴക്കി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

സുനിൽ ഛേത്രിയേപ്പോലൊരു മാന്യനായ താരത്തിൽനിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. ഗോളെന്ന തീരുമാനത്തിൽ ഉറച്ചുനിന്ന് റഫറിയെ ചീത്തവിളിക്കുന്നവർക്കും കുറവില്ല. കോവിഡ് കാലത്തെ വിരസത വിട്ട് ഹോം എവെ മത്സരങ്ങളിലേക്ക് തിരിച്ചെത്തിയ ഐ എസ് എൽ ആവേശകരമായി സീസൺ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കവെയാണ് വിവാദ ഗോളും ബംഗളുരുവിന്റെ സെമി പ്രവേശനവും എല്ലാം. ഇന്ത്യൻ ഫുട്‌ബോൾ ലോകത്ത് ഈ ഗോളും അത് സൃഷ്ടിച്ച പ്രകമ്പനങ്ങളും ഇനി ഏറെനാൾ നീണ്ടുനിന്നേക്കും.