മുംബൈ: ഐഎസ്എൽ പ്ലേ ഓഫിൽ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനിടെ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയേക്കും. സംഭവം ചർച്ച ചെയ്യാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്നിരുന്നു. തീരുമാന പ്രകാരം ബ്ലാസ്റ്റേഴ്സിന് ആറ് ലക്ഷം രൂപ പിഴ ചുമത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ടീമുകളുടെ വാദം കേട്ടശേഷമാണ് സംഭവത്തിൽ ഫെഡറേഷൻ അച്ചടക്ക സമിതി നടപടിയെടുത്തത്.

വിവാദമായ പ്ലേഓഫ് മത്സരം മാറ്റിനടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) തള്ളി. തിങ്കളാഴ്ച ചേർന്ന അച്ചടക്ക സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പ്രമുഖ മാധ്യമ പ്രവർത്തകന്റെ ട്വീറ്റിൽ പറയുന്നതിങ്ങിനെ. ''ബംഗളൂരു എഫ്സിക്കെതിരായ മത്സരം കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കാതെ കയറിപോയതിന് എഐഎഫ്എഫിന്റെ ശിക്ഷാനടപടികൾ നേരിടേണ്ടി വരും. അച്ചടക്ക ലംഘനത്തിന് ആറ് ലക്ഷം രൂപവരെ പിഴയടയ്ക്കേണ്ടി വരും. ഗൗരവമായ കേസുകളിൽ നടന്നുകൊണ്ടിരിക്കുന്നതോ ഇനി വരാനിരിക്കുന്നതോവായ സീസണിൽ നിന്ന് വിലക്ക് വരെ ലഭിച്ചേക്കാം.'' ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവർത്തകനായ മാർകസ് മെർഗുലാവോ ട്വീറ്റ് ചെയ്തു.

ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുവരും ഗോളടിച്ചിരുന്നില്ല. എന്നാൽ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കും മുമ്പെ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോളിയും ഫ്രീ കിക്ക് തടയാനുള്ള പ്രതിരോധ മതിൽ ഒരുക്കുന്നതിനിടെയാണ് ഛേത്രി ഗോളടിച്ചത്.

ഇത് റഫറി ഗോളായി അനുവദിച്ചതോടെ പ്രതിഷേധിച്ച് മത്സരം ബഹിഷ്‌കരിച്ച് ബ്ലാസ്റ്റേഴ്‌സ് മൈതാനം വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതോടെ ഛേത്രിയുടെ ഗോളിൽ ബംഗളൂരു 1-0ന് ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.