കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ജയത്തോടെ തുടക്കമിട്ട് ഒഡിഷ എഫ്.സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും. നവാഗതരായ പഞ്ചാബ് എഫ്.സിയെ നിലവിലെ ചാമ്പ്യന്മാരായ ബഗാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തത്. ചെന്നൈയിൻ എഫ്.സിയെ ഒഡിഷ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്.

കലിംഗ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകുന്നേരം കളി തുടങ്ങി അധികം കഴിയും മുമ്പെ മഴയും ഇടിമിന്നലും കാരണം നിർത്തിവെച്ചെങ്കിലും പുനരാരംഭിച്ചപ്പോൾ ജെറി മൗവിമിങ്താങ്ങയും (45) ഡീഗോ മൗറീഷ്യയും (63) ചേർന്ന് ഒഡിഷക്ക് ജയമൊരുക്കുകയായിരുന്നു.

ഐ ലീഗിൽ നിന്ന് സൂപ്പർ ലീഗിലേക്കെത്തിയ പഞ്ചാബ് എഫ് സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ബഗാൻ തകർത്തുവിട്ടത്. സ്വന്തം തട്ടകമായ സാൾട്ട് ലേക്കിൽ 10-ാം മിനിറ്റിൽ തന്നെ ബഗാൻ വലകുലുക്കി. ജേസൺ കമ്മിൻസാണ് ബഗാനായി ലക്ഷ്യം കണ്ടത്. 35-ാം മിനിറ്റിൽ സ്ട്രൈക്കർ ദിമിത്രി പെട്രറ്റോസിലൂടെ ബഗാൻ രണ്ടാം ഗോൾ നേടി. ആദ്യ പകുതി 2-0 നാണ് അവസാനിച്ചത്.

എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ പഞ്ചാബ് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. 53-ാം മിനിറ്റിൽ ബഗാനെ ഞെട്ടിച്ച് ഒരു ഗോൾ മടക്കി. സ്ട്രൈക്കർ ലുക്ക മേസനാണ് ലക്ഷ്യം കണ്ടത്. എന്നാൽ പഞ്ചാബിന്റെ ചിരിക്ക് അധികം ആയുസ്സുണ്ടായില്ല. 64-ാം മിനിറ്റിൽ മൻവീർ സിങ് ഗോൾപട്ടികയിൽ ഇടം കണ്ടെത്തിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി. ബഗാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച പഞ്ചാബ് കൂടുതൽ ഗോൾ വഴങ്ങാതെ മത്സരം അവസാനിപ്പിച്ചു.