ജംഷഡ്പൂർ:ഐ.എസ്.എൽ ഫുട്‌ബോളിൽ ജംഷഡ്പൂർ എഫ്.സി യെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയകുതിപ്പ് തുടരുന്നു. ലോകകപ്പ് ആവേശത്തിനിടെ ഫുട്‌ബോൾ പ്രേമികൾക്ക് അഭിമാനകരമായ വിജയമാണ് ജെആർഡി ടാറ്റ സ്‌പോർട്സ് കോംപ്ലക്സിൽ നടന്ന മത്സര്തിതൽ മഞ്ഞപ്പട നേടിയത്.ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊമ്പന്മാർ ജംഷഡ്പൂർ എഫ്സിയെ പരാജയപ്പെടുത്തിയത്.17-ാം മിനിറ്റിൽ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്.

ഐഎസ്എൽ 2022 സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം ജയമാണ് ജംഷഡ്പൂർ എഫ്.സിക്കെതിരെയുള്ളത്.4-4-2 ശൈലിയിലാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിനെ ഇത്തവണ കളത്തിലിറക്കിയത്.മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദിനും രാഹുൽ കെ.പിക്കുമൊപ്പം ഇവാനും ജീക്സൺ സിംഗും മധ്യനിരയിലെത്തി.അഡ്രിയാൻ ലൂണയും ദിമിത്രിയോസും ആക്രമണത്തിന് മൂർച്ചകൂട്ടി.

നിഷു കുമാറും മാർക്കോ ലെസ്‌കോവിച്ചും ഹോർമിപാമും സന്ദീപ് സിംഗും പ്രതിരോധത്തിൽ എത്തിയപ്പോൾ പ്രഭ്സുഖൻ ഗില്ലായിരുന്നു ഗോൾകീപ്പർ. മലയാളിയായ രഹ്നേഷ് ടി.പിയായിരുന്നു 4-1-4-1 ശൈലിയിൽ മൈതാനത്തെത്തിയ ജംഷഡ്പൂരിന്റെ ഗോളി. കളിയിലുടനീളം വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് ബ്ലാസ്റ്റേഴ്സ് മത്സരം കൈപ്പിടിയിലൊതുക്കിയത്.