- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപരാജിതരായി തുടർച്ചയായി എട്ട് മത്സരങ്ങൾ; പുതുവർഷത്തിലും വിജയത്തുടർച്ചയുമായി കൊമ്പന്മാരുടെ പടയോട്ടം; ജംഷേദ്പുർ എഫ് സിയെ തകർത്തത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്; ജംഷേദ്പുരിന്റെ ആശ്വാസഗോൾ ചുക്വുവിന്റെ ബൂട്ടിൽ നിന്ന്; ജയത്തോടെ 25 പോയന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: പുതുവർഷത്തിലും വിജയക്കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ജംഷേദ്പുരിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. തുടർച്ചയായി എട്ടുമത്സരങ്ങളിൽ തോൽവിയറിയാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്.
അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ഡാനിയേൽ ചിമ ചുക്വുവിലൂടെ ജംഷഡ്പൂർ ഒരു ഗോൾ മടക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെ മറികടന്ന് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. 12 മത്സരങ്ങളിൽ 25 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ജംഷഡ്പൂർ 10-ാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ അഞ്ച് പോയിന്റ് മാത്രമാണ് അവർക്കുള്ളത്.
തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചു. ആദ്യ അഞ്ച് മിനിറ്റുകൾക്കിടെ രണ്ട് ഗോൾ ശ്രമങ്ങളാണ് പുറത്തേക്ക് പോയത്. സഹലും രാഹുലും നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചതാണ്. എന്നാൽ സഹലിന്റെ ഗോൾശ്രമം പ്രതിരോധ താരത്തിന്റെ കാലിൽതട്ടി പുറത്തേക്ക്. മറ്റൊരു ഗോൾശ്രമം അഡ്രിയാൻ ലൂണയുടെ വകയായിരുന്നു. എന്നാൽ താരത്തിന്റെ ഷോട്ടും പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. എന്നാൽ ഒമ്പതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് അർഹിച്ച ലീഡ് നേടി.
ദിമിത്രിയോസ് ഡയമന്റാകോസിന്റെ അസിസ്റ്റിൽ ജിയാനുവിന്റെ ഗോൾ. ദിമിത്രിയോസ് ഇടത് വിംഗിലൂടെ പന്തുമായി മുന്നേറി. അതോടൊപ്പം ജിയാനു ബോക്സിലേക്ക് ജംഷഡ്പൂർ പോസ്റ്റിലേക്ക് ഓടിക്കയറുന്നുണ്ടായിരുന്നു. ദിമിത്രിയോസിന്റെ നിലംപറ്റെയുള്ള ക്രോസ് ജിയാനു കാലുവച്ചു. സ്‌കോർ 1-0.
എന്നാൽ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോൾ ആഘോഷത്തിന് ആയുസ്. റാഫേൽ ക്രിവെല്ലാരോയുടെ ത്രൂ ബാൾ ഇഷാൻ പണ്ഡിതയ്ക്ക്. എന്നാൽ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ ക്ലിയർ ചെയ്യാൻ ഓടിക്കയറി. ഗിൽ ക്ലിയർ ചെയ്തെങ്കിലും ചുക്വുവിന്റെ കാലിലാണ് പന്ത് കിട്ടിയത്. ഗോളിയില്ലാ പോസ്റ്റിലേക്ക് മനോഹരമായി ചിപ് ചെയ്്ത് അദ്ദേഹം ഗോളാക്കി. സ്‌കോർ 1-1.
എന്നാൽ 31-ാം മിനിറ്റിൽ ഒരിക്കൽകൂടി മഞ്ഞപ്പട മുന്നിലെത്തി. ഇത്തവണ പെനാൽറ്റിയിലൂടെയായിരുന്നു ഗോൾ. കിക്കെടുത്ത ദിമിത്രിയോസിന് പിഴിച്ചില്ല. സ്‌കോർ 2-1. രണ്ടാംപാതിയിൽ ജംഷഡ്പൂർ അൽപംകൂടി ഉണർന്ന് കളിച്ചു. എന്നാൽ അവസരങ്ങൾ മുതലാക്കാൻ ജംഷഡ്പൂർ താരങ്ങൾക്കായില്ല.
ഇതിനിടെ 65-ാം മിനിറ്റിൽ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോൾ. ഇത്തവണ ജിയാനുവാണ് ഗോളിന് അവസരം ഒരുക്കിയത്. വീണ്ടും ഗോൽനായുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് തുടർന്നുകൊണ്ടിരുന്നു. എന്നാൽ ജംഷഡ്പൂർ പ്രതിരോധം ശക്തമാക്കിയതോടെ ഗോൾ ഒഴിഞ്ഞുനിന്നു.
സ്പോർട്സ് ഡെസ്ക്