കൊച്ചി: സ്വന്തം തട്ടകത്തിൽ വിജയം നേടി ആരാധകരെ ആശ്വസിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ കണക്കൂകൂട്ടൽ തെറ്റി. പകരം ആരാധകർക്ക് സമ്മാനിച്ചത് വീണ്ടുമൊരു തോൽവി. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എല്ലിലെ നാലാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്.സി 2-0ത്തിനാണ് കൊമ്പന്മാരെ മുട്ടുകുത്തിച്ചത്.ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

മെഹ്താബ് സിങ്ങും മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി സ്‌കോർ ചെയ്തത്. മെഹ്താബ് സിങ്ങാണ് ഹീറോ ഓഫ് ദ മാച്ച്.മുൻ മത്സരങ്ങളിലേതുപോലെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ മോശം പ്രകടനമാണ് മുംബൈക്കെതിരെയും ടീമിന് തിരിച്ചടിയായത്. സ്വന്തം മൈതാനത്ത് ഒരു ഗോൾ പോലും ബ്ലാസ്റ്റേഴ്സിന് നേടാനായില്ല.ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തെത്തി. നാലു കളികളിൽ നിന്ന് മൂന്ന് പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്.

കളിയുടെ തുടക്കം മുതൽ തന്നെ മുംബൈ ആണ് പന്ത് കൈവശം വെയ്ക്കുന്നതിൽ മുന്നിൽ നിന്നത്. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ മെഹ്താബിന്റെ ഒരു ലോങ് ബോളിൽ നിന്ന് ബിപിൻ സിങ്ങും അഹമ്മദ് ജാഹുവും യോർഗെ ഡിയാസും ചേർന്ന ഒരു മുംബൈ മുന്നേറ്റം ഗ്രെഗ് സ്റ്റീവർട്ടിലെത്തും മുമ്പ് ജെസ്സെൽ കാർനെയ്റോ കൃത്യമായ ഇടപെടലിലൂടെ അപകടം ഒഴിവാക്കി.

എന്നാൽ 21-ാം മിനിറ്റിൽ മെഹ്താബ് സിങ്ങിലൂടെ മുംബൈ മുന്നിലെത്തി. മുംബൈക്ക് ലഭിച്ച ഒരു കോർണറിൽ നിന്നായിരുന്നു ഗോൾ. ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിന് വഴിവെച്ചത്. ക്ലിയറൻസ് പിഴച്ചപ്പോൾ പന്ത് ബോക്സിലുണ്ടായിരുന്നു മെഹ്താബിന്റെ കാൽപ്പാകത്തിനായിരുന്നു. താരത്തിന്റെ കരുത്തുറ്റ ഷോട്ടിനു മുന്നിൽ കേരള ഗോൾകീപ്പർ ഗില്ലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

പിന്നാലെ 31-ാം മിനിറ്റിൽ മുംബൈ രണ്ടാം ഗോളും നേടി. ഗ്രെഗ് സ്റ്റീവർട്ട് നൽകിയ ത്രൂബോൾ ക്ലിയർ ചെയ്യുന്നതിൽ ലെസ്‌കോവിച്ച് വരുത്തിയ പിഴവ് മുതലെടുത്ത് മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയാസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് രാഹുലിന്റെ ഒരു ഷോട്ട് മുംബൈ ഗോൾകീപ്പർ രക്ഷപ്പെടുത്തുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങൾ നടത്തി. ഇതിനിടെ 47-ാം മിനിറ്റിൽ സ്റ്റീവർട്ടിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗിൽ തടഞ്ഞു. 52-ാം മിനിറ്റിൽ ലൂണയുടെ ക്രോസിൽ നിന്നുള്ള ദിമിത്രിയോസിന്റെ ഹെഡർ പുറത്തേക്ക് പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. 57-ാം മിനിറ്റിൽ ദിമിത്രിയോസിന്റെ ഷോട്ട് മുംബൈ ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയും ചെയ്തു.

70-ാം മിനിറ്റിൽ ഇവാൻ കലിയുഷ്നിയെ കളത്തിലിറക്കിയിട്ടും ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല. ലൂണയും രാഹുലും തിളങ്ങിയപ്പോൾ സഹലിന്റെ മോശം പ്രകടനവും ടീമിന് തിരിച്ചടിയായി. ഇതിനു പിന്നാലെ 72-ാം മിനിറ്റിൽ ലൂണയുടെ ഷോട്ട് പോസ്റ്റിലിടിച്ച മടങ്ങുകയും ചെയ്തതോടെ ബ്ലാസ്റ്റേഴ്സിനിത് നിർഭാഗ്യത്തിന്റെ ദിവസമായി.

ഒഡിഷയ്ക്കെതിരേ പരാജയപ്പെട്ട മത്സരത്തിൽ നിന്നും ഏതാനും മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് മുംബൈക്കെതിരേ കളത്തിലിറങ്ങിയത്. പ്രതിരോധത്തിൽ വിക്ടർ മോംഗിലിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ ഹോർമിപാം റുയ്വ പകരക്കാരുടെ നിരയിലായി. രാഹുൽ കെ.പിയും ആദ്യ ഇലവനിൽ ഇറങ്ങി. ഇവാൻ കലിയുഷ്നിയും പകരക്കാരുടെ നിരയിലായിരുന്നു. ഹർമൻജോത് ഖബ്ര, ജെസെൽ കാർനെയ്‌റോ എന്നിവർ വിങ് ബാക്കുകളായി. മാർക്കോ ലെസ്‌കോവിച്ചും വിക്ടർ മോംഗിലും പ്രതിരോധം ഉറപ്പിച്ചപ്പോൾ മധ്യനിരയിൽ ജീക്സൺ സിങ്, പുട്ടിയ കൂട്ടുകെട്ട് തുടർന്നു.