- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപതാം സീസണിൽ ശ്രീകണ്ഠീരവയിൽ വീണ കണ്ണീരിന് കണക്കുപറഞ്ഞ് ബ്ലാസ്റ്റേഴ്സ്; ബെംഗളുരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കൊമ്പന്മാർ കൊമ്പുകുത്തിച്ചു; ഐഎസ്എൽ പത്താം സീസണിൽ ഉജ്ജ്വല തുടക്കം
കൊച്ചി; കഴിഞ്ഞ സീസണിലെ തോൽവിക്ക് മധുര പ്രതികാരം. സുനിൽ ഛേത്രിയില്ലാത്ത ബെംഗളൂരു എഫ്‌സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എൽ സീസണിൽ മികച്ച തുടക്കം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് വിജയം. ഇതോടെ മൂന്നുപോയിന്റും സ്വന്തമാക്കി.
രണ്ടാം പകുതിയുടെ ആദ്യഘട്ടത്തിൽ കെസിയ വീൻഡോർപിന്റെ പിഴവാണ് കേരളത്തിന് ലീഡ് നൽകിയത്. 52ാം മിനിറ്റിൽ ബംഗളൂരു പ്രതിരോധ താരത്തിന്റെ സെൽഫ് ഗോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ പിറന്നത്. പിന്നാലെ 69-ാം മിനിറ്റിൽ കേരളത്തിന്റെ നായകനും മിഡ്ഫീൽഡറുമായ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് വർധിപ്പിച്ചു. ബംഗളൂരു ഗോളിയുടെ പിഴവിൽ നിന്നാണ് ലൂണ ഗോൾ നേടിയത്. 2-0.
ബോൾ പൊസഷന്റെയും, പാസിങ് മികവിന്റെയും കണ്ണിലൂടെ നോക്കിയാൽ ബെംഗളൂരുവിനായിരുന്നു ആധിപത്യം. 90 ാം മിനിറ്റിൽ,
ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ പിഴവിൽ നിന്നാണ് ബംഗളൂരു ഒരു ഗോൾ മടക്കിയത്. കർട്ടിസ് മെയിനാണ് ബംഗളൂരുവിനായി ഗോൾ നേടിയത്. അധികസമയത്ത് തങ്ങളുടെ ലീഡ് കോട്ട പോലെ കാക്കാൻ ആയതോടെ കൊമ്പന്മാർ അർഹിച്ച ജയം നേടി.
കെ പി രാഹുലും, ബ്രൈസ് മിറാൻഡയും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിൽ ഇറങ്ങിയത്. ഏഷ്യൻ ഗെയംസിനായി പോയ സുനിൽ ഛേത്രിയെയും രോഹിത് ഡാനുവിനെയും ബെംഗളൂരുവിന് നഷ്ടമായി ഛേത്രിയുടെ അഭാവം കളിയിൽ നിഴലിക്കുകയും ചെയ്തു.
ഒൻപതാം സീസണിലെ പ്ലേ ഓഫിൽ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഉണ്ടായ അനീതിക്ക് മധുരപ്രതികാരം പോലെയായി ബ്ലാസ്റ്റേഴ്സിന്റെ വിജയം. കഴിഞ്ഞ സീസണിൽ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടിരുന്നു.