കൊൽക്കത്ത: ഐഎസ്എല്ലിൽ, മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ കീഴടക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, എതിരില്ലാത്ത ഒരുഗോളിനാണ് ജയം. ഇതാദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെതിരെ ജയിക്കുന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് തലപ്പത്തെത്തി. ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.

ഒമ്പതാം മിനിറ്റിലായിരുന്നു വിജയഗോൾ. മുമ്പ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ആറു മത്സരങ്ങളിൽ അഞ്ചിലും ജയിച്ചത് ബഗാനായിരുന്നു. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. 12 മത്സരങ്ങളിൽനിന്ന് 26 പോയന്റാണ് ബ്ലാസ്റ്റേഴ്‌സിന്. രണ്ടാമതുള്ള ഗോവക്ക് ഒമ്പത് മത്സരങ്ങളിൽ 23 പോയന്റും. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്.കളിയുടെ തുടക്കത്തിൽത്തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചാണ് കളിച്ചത്. നാലാം മിനിറ്റിൽ പ്രതിരോധ താരത്തിൽനിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സിന്റെ മധ്യത്തിൽനിന്ന് ദിമിത്രിയോസ് തൊടുത്ത ഒരു ഇടങ്കാൽ ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക് പോയി.

ഒമ്പതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിന്റെ ഇടതുപാർശ്വത്തിൽനിന്ന് ദിമിത്രിയുടെ ഇടങ്കാൽ ബുള്ളറ്റ് ഷോട്ട് ഗോളിക്ക് ഒരു അവസരവും നൽകാതെ പോസ്റ്റിനുള്ളിൽ. മൂന്ന് മോഹൻ ബഗാൻ കളിക്കാരെ മറികടന്നായിരുന്നു ദിമിത്രിയോസിന്റെ ഗോൾനേട്ടം. സീസണിൽ താരത്തിന്റെ ഏഴാം ഗോളാണിത്. ഒരു ഗോൾ വീണതോടെ മോഹൻ ബഗാനും ഉണർന്ന് കളിച്ചു. മൂർച്ചയുള്ള നീക്കങ്ങൾ ബഗാൻ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെയോ ഗോളി സച്ചിൻ ബേബിയെയോ മറികടക്കാൻ കഴിഞ്ഞില്ല.രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇരു ടീമും ആക്രമിച്ചു കളിച്ചെങ്കിലും ഗോളുകൾ പിറന്നില്ല.