പാരീസ്: ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു.പരിക്കേറ്റ താരത്തിന് ലോകകപ്പിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ടീമിൽ ഉൾപ്പെട്ടെങ്കിലും ഖത്തറിൽ എത്തിയശേഷം പരിക്കേറ്റ് പിന്മാറുകയായിരുന്നു.തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിലാണ് ബെൻസേമ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിനായി 97 മത്സരങ്ങളിൽ നിന്ന് 37 ഗോൾ നേടിയിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി താരം കളി തുടരും.

സാമൂഹമാധ്യമങ്ങളിലൂടെയാണ് ബെൻസേമ വിരമിക്കൽ പ്രഖ്യാപിച്ചത്.'ഇന്ന് ഞാനെവിടെ നിൽക്കുന്നോ അതിനായി ഞാൻ കഠിനാധ്വാനം ചെയ്യുകയും തെറ്റുകൾ തിരുത്തുകയും ചെയ്തു. ഞാൻ എഴുതിയ നമ്മുടെ കഥ ഇവിടെ അവസാനിക്കുകയാണ്'..' ബെൻസേമ കുറിച്ചു.

നേരത്തെ, ലോകകപ്പ് ഫൈനൽ കാണാനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണം ബെൻസേമ നിരസിച്ചിരുന്നു. ലോകകിരീടം നേടിയ ഫ്രഞ്ച് മുൻ താരങ്ങൾക്കും പരിക്ക് കാരണം ലോകകപ്പ് നഷ്ടമായവർക്കും ഒപ്പം, ദോഹയിലേക്ക് പോകാനുള്ള ഇമ്മാനുവേൽ മാക്രോണിന്റെ ക്ഷണമാണ് ബെൻസേമ തള്ളിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിൽ ലോറന്റ് ബ്ലാങ്ക്, മിഷേൽ പ്ലാറ്റിനി, പോൾ പോഗ്ബ, എൻഗോളോ കാന്റേ എന്നിവർക്കൊപ്പമുള്ള യാത്രയ്ക്കായിരുന്നു ക്ഷണം.

പരിക്ക് ഭേദമായിട്ടും ബെൻസേമയെ ടീമിലേക്ക് തിരിച്ചുവിളിക്കാത്തതിലെ നീരസം കാരണമാണ് പിന്മാറ്റമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബെൻസേമ കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിനായി സൗഹൃദ മത്സരം കളിച്ചിരുന്നെങ്കിലും, ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിക്കാൻ പരിശീലകൻ ദെഷാം തയ്യാറായില്ല. ഖത്തറിലുള്ള 24 കളിക്കാരെ കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും പരിക്കേറ്റ കളിക്കാരെയോ മുൻ താരങ്ങളെയോ ഫൈനലിന് ക്ഷണിക്കേണ്ടത് തന്റെ കടമയല്ലെന്നുമാണ് ദെഷാം പ്രതികരിച്ചത്.

ചിലർ വരും, ചിലർ വരില്ല എന്നും ദെഷാം പറഞ്ഞിരുന്നു. കളത്തിന് പുറത്തെ കാരണങ്ങൾ കൊണ്ട് ദേശീയ ടീമിൽ നിന്ന് ഏറെക്കാലം പുറത്തിരുന്ന ബെൻസേമയുടെ ഏറ്റവും സ്വപ്നമായിരുന്നു 2022 ലോകകപ്പിൽ കളിക്കുക എന്നത്. എന്നാൽ, പരിക്ക് വില്ലനായി എത്തിയതോടെ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് താരം പുറത്തായത്.

പക്ഷേ, പരിക്ക് ഭേദമായിട്ടും താരത്തെ ടീമിലേക്ക് വിളിക്കാൻ പരിശീലകൻ തയാറായില്ല. കരീം ബെൻസേമയുടെ അഭാവത്തിലും ഒളിവർ ജിറൂദും കിലിയൻ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മികച്ച ഫോമിൽ തന്നെ ഖത്തറിൽ കളിച്ചിരുന്നു.