ന്യൂഡൽഹി: ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എൽ ഫുട്‌ബോൾ പ്ലേഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് പരസ്യ മാപ്പ് പറയില്ലെന്ന് സൂചന. ടീമിന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 4 കോടി രൂപ പിഴശിക്ഷ വിധിച്ചിരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പരസ്യമായി ക്ഷമാപണം നടത്താനും എഐഎഫ്എഫ് അച്ചടക്ക സമിതി നിർദ്ദേശിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കിൽ 6 കോടി രൂപ പിഴയടയ്ക്കണം.

എന്നാൽ പരസ്യമായി ടീം മാപ്പു പറയില്ല. ചെയ്തത് ശരിയാണെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്. കോച്ചിന്റേയും കളിക്കാരുടേയും ആത്മവിശ്വാസം തകർക്കുന്നതൊന്നും ചെയ്യേണ്ടെന്നതാണ് ടീമിന്റെ നിലവിലെ തീരുമാനം. കളിക്കളത്തിൽനിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വുക്കൊമനോവിച്ചും പരസ്യമായി മാപ്പു പറയണം. ഇല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും. കോച്ചും മാപ്പു പറയാൻ ഇടയില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിടുന്നത്.

ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിർദ്ദേശം. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകാനും ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ട്. അപ്പീൽ നൽകാൻ തന്നെയാണ് സാധ്യത. വുക്കൊമനോവിച്ചിന്റെ നിലപാടുകളാണ് ഇനി നിർണ്ണായകം. പത്ത് കളികളിൽ നിന്നുള്ള വിലക്ക് വുകൊമനോവിച്ചിനെ സ്‌റ്റേഡിയത്തിൽ നിന്ന് അകറ്റും. അപ്പോഴും ടീമിന്റെ പരിശീലനത്തിന്റെ ഭാഗമാകാനും തന്ത്രങ്ങളൊരുക്കാനും വുക്കൊമനോവിച്ചിന് കഴിയും. എന്നാൽ ഗ്രൗണ്ടിനുള്ളിൽ ആവേശം പകരാൻ കോച്ചുണ്ടാകില്ല.

കഴിഞ്ഞ മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽനിന്നു ഗോൾ നേടിയതിനു പിന്നാലെ, ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് വുക്കൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. താരങ്ങൾ കളം വിട്ടതിന്റെ പേരിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നതു ലോകഫുട്‌ബോളിലെ അത്യപൂർവ സംഭവങ്ങളിലൊന്നാണെന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി അധ്യക്ഷൻ വൈഭവ് ഗഗ്ഗാർ പറഞ്ഞു.

ഇന്ത്യയിൽ തന്നെ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബർ 9ന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹൻ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരേയും നടപടി വന്നത്. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. അതു കൊണ്ട് കരുതലോടെയാണ് ഈ വിഷയത്തെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ കൈകാര്യം ചെയ്തത്.

ഇന്ത്യൻ ഫുട്ബോളിൽ ഇത്രയും വലിയ തുകയുടെ പിഴശിക്ഷ ആദ്യമാണ്. ശിക്ഷാനടപടിയായി ടീമിനെ പുറത്താക്കലോ അടുത്ത സീസണിൽ പോയിന്റ് കുറയ്ക്കലോ ഉണ്ടായില്ലെന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്ന കാര്യമാണ്. നിലവിലെ നടപടിയിൽ അപ്പീൽ പോവുകയും ചെയ്യാം. ഇതോടെ ഏപ്രിൽ എട്ടിന് ആരംഭിക്കുന്ന സൂപ്പർകപ്പിൽ വുകോമനോവിച്ച് ടീമിന് ഒപ്പം ഗ്രൗണ്ടിൽ ഉണ്ടാകില്ല. നിലവിൽ കൊച്ചിയിൽ ടൂർണമെന്റിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് ഒപ്പമാണ് പരിശീലകൻ.

റൗണ്ട് ഗ്ലാസ് പഞ്ചാബുമായി എട്ടിനാണ് ആദ്യമത്സരം. സൂപ്പർകപ്പ് കൂടാതെ അടുത്ത സീസൺ ഐഎസ്എല്ലിന്റെ ആദ്യ മത്സരങ്ങളും സെർബിയക്കാരന് നഷ്ടമാകും. സൂപ്പർ കപ്പിന്റെ ആദ്യ റൗണ്ടിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് മത്സരങ്ങളുണ്ട്. അതയാത്. സൂപ്പർ കപ്പിൽ ടീം കൂടുതൽ മുന്നേറിയില്ലെങ്കിൽ കോച്ചിന് അടുത്ത ഐഎസ് എല്ലിൽ ഏഴു മത്സരങ്ങളിൽ ഗ്രൗണ്ടിലെത്താൻ കഴിയില്ല.

ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 58.1 പ്രകാരം ഒരു ടീം മത്സരം കളിക്കാൻ വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടർന്ന് കളിക്കാതിരിക്കുകയോ ചെയ്താൽ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴശിക്ഷ ലഭിക്കാം. ഗുരുതരമായ ലംഘനമാണെങ്കിൽ നടപ്പു സീസണിൽ നിന്ന് അയോഗ്യരാക്കുകയോ വരാനിരിക്കുന്ന ടൂർണമെന്റുകളിൽ നിന്ന് വിലക്കുകയോ ചെയ്യാം. എന്നാൽ ബ്ലാസ്റ്റേഴ്സിനെതിരേ ഇത്തരം നടപടികളെടുക്കാൻ ഫെഡറേഷന് കഴിയുമായിരുന്നില്ല. ടീമിനുള്ള ആരാധകരായിരുന്നു ഇതിന് കാരണം.

മത്സരം പൂർത്തിയാക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ നടപടി ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന നിലപാടാണ് എ.ഐ.എഫ്.എഫ് സ്വീകരിച്ചത്. ലീഗിലെ നിയമങ്ങൾ പ്രകാരം റഫറിയുടെ തീരുമാനം അന്തിമമാണ്. റഫറിയുടെ തീരുമാനത്തിനെതിരേ ഒരു തരത്തിലുള്ള പ്രതിഷേധവും നിയമങ്ങൾ അനുവദിക്കുന്നില്ല.

ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എൽ ചരിത്രത്തിൽ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഗോൾരഹിതമായ 90 മിനിറ്റുകൾക്ക് ശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഇതിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. 96-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോൾകീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനിൽ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു.

ടിവിയിൽ കളി കണ്ടവരടക്കം ഛേത്രിയുടേത് ചതിയാണെന്ന് മനസ്സിലാക്കിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയാറാകും മുൻപാണു കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റൽ ജോൺ അത് അംഗീകരിച്ചില്ല. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു.