കൊച്ചി: സുനിൽ ഛേത്രിയുടെ ഫ്രീ കിക്ക് ഗോളിനെത്തുടർന്ന് വിവാദത്തിലായ ബെംഗലൂരു എഫ് സിയുമായുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന് പരാതി നൽകി കേരളാ ബ്ലാസ്റ്റേഴ്‌സ്. മത്സരം വീണ്ടും നടത്തണമെന്നും ബെംഗലൂരുവിന് അനുകൂലമായി ഗോൾ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോൺസണെ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം ചർച്ച ചെയ്യാൻ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

ഐഎസ്എല്ലിന്റെ ആദ്യ സെമിയുടെ ആദ്യപാദം നാളെ മുംബൈയിൽ നടക്കാനിരിക്കെയാണ് റീപ്ലേ വേണമെന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുവന്നത്. അതിനാൽത്തന്നെ അച്ചടക്കസമിതി അടിയന്തരമായി യോഗം ചേർന്നേക്കുമെന്നാണു വിവരം.

സുനിൽ ഛേത്രി ഫ്രീ കിക്ക് എടുക്കുന്നതിന് മുമ്പ് റഫറി ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയോട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനാൽ തന്നെ ഛേത്രിയുടെ അതിവേഗ ഫ്രീ കിക്ക് ഗോളായി അനുവദിക്കാനാവില്ലെന്നും ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കളിക്കാരനോട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടാൽ റഫറി വിസിൽ മുഴക്കാതെ കിക്ക് എടുക്കാനാവില്ലെന്നിരിക്കെ ഛേത്രിയുടെ ഫ്രീ കിക്ക് ഗോൾ നിലനിൽക്കില്ലെന്നും ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രീ കിക്ക് എടുക്കേണ്ട സ്ഥാനം സ്‌പ്രേ ഉപയോഗിച്ച് മാർക്ക് ചെയ്ത ശേഷം റഫറി തന്നോട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടതെന്ന് അഡ്രിയാൻ ലൂണയും ടീം മാനേജ്‌മെന്റിനോട് വിശദീകരിച്ചിരുന്നു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബെംഗലൂരു എഫ് സിയുമായുള്ള മത്സരം വീണ്ടും നടത്തണമെന്നും റഫറിയെ വിലക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് ഫെഡറേഷന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനോ, ഐഎസ്എൽ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ പരിശീലകൻ വുക്കൊമനോവിച്ച് മൽസരദൃശ്യങ്ങൾ ചാംപ്യൻസ് ലീഗ് മൽസരങ്ങൾ നിയന്ത്രിച്ചിട്ടുള്ള യൂറോപ്പിലെ രണ്ട് റഫറിമാർക്ക് അയച്ചുകൊടുത്തെന്നും ഛേത്രിയുടെ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് അതിലൊരാൾ അഭിപ്രായപ്പെട്ടെന്നും ബ്ലാസ്റ്റേഴ്‌സിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നു പേരുവെളിപ്പെടുത്താൻ തയാറാകാത്ത ഒരു ഐഎസ്എൽ റഫറിയും അഭിപ്രായപ്പെട്ടു.

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് മത്സരത്തിൽ നിശ്ചിത സമയത്ത് ബെംഗലൂരുവും ബ്ലാസ്റ്റേഴ്‌സും ഗോളടിച്ചിരുന്നില്ല. എന്നാൽ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബെംഗലൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കും മുമ്പെ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോളിയും ഫ്രീ കിക്ക് തടയാനുള്ള പ്രതിരോധ മതിൽ ഒരുക്കുന്നതിനിടെയാണ് ഛേത്രി ഗോളടിച്ചത്. ഇത് റഫറി ഗോളായി അനുവദിച്ചതോടെ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്‌സ് മൈതാനം വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ ബഹിഷ്‌കരിച്ചതോടെ ഛേത്രിയുടെ ഗോളിൽ 1-0ന് ബെംഗളൂരു ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.

ഇതോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ മടങ്ങി. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാക്കാതെ പ്രതിഷേധിച്ച് കളിക്കളം വിടുന്നത്. ബ്ലാസ്റ്റേഴ്‌സിനെതിരേ പിഴയും വിലക്കും അടക്കമുള്ള നടപടികൾ ഉണ്ടാവുമെന്നാണ് സൂചന.