കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയിൽ. ഇവാൻ വുകോമനോവിച്ചെന്ന കോച്ചിന് ഐ.എസ്.എല്ലിൽ ഗംഭീര വിജയത്തിലൂടെ വരവേൽപ്പ് നൽകുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിട്ട ശേഷം രണ്ടാം പകുതിയിൽ രണ്ടുഗോളിന്റെ മറുപടി നൽകി (21) ഒഡിഷ എഫ്.സിയെ ബ്ലാസ്റ്റേഴ്‌സ് തകർത്തു. 66ാം മിനിറ്റിൽ ദിമത്രിയോസ് ഡയമന്റക്കോസും 84ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്.

കലൂർ നെഹ്‌റു സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച് ഒഡിഷയാണ് അദ്യ ലീഡെടുത്തത്. 15ാം മിനിറ്റിൽ ഒഡിഷ സ്‌ട്രൈക്കർ ഡീഗോ മൗറീഷ്യോ പതിനായിരങ്ങളെ നിശബ്ദരാക്കി ആദ്യ വെടിപൊട്ടിച്ചു. ഗൊഡാർഡിന്റെ പാസിലൂടെയാണ് മൗറീഷ്യോ വലകുലുക്കിയത്. 20ാം മിനിറ്റിൽ ഒഡിഷക്കനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾ കീപ്പർ സചിൻ സുരേഷ് ഗംഭീരമായി തടഞ്ഞിട്ടു. ഇരു ടീമുകളും അറ്റാക്കിങ് ഫുട്ബാളുമായി കളം നിറഞ്ഞു കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളുകൾ വലയൊഴിഞ്ഞ് പോകുകയായിരുന്നു.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ വൻ തിരിച്ചുവരവാണ് കണ്ടത്. ഒരു ഡസണിലധികം ഷോട്ടുകളുതിർത്തിട്ടും ഗോൾ മാത്രം വന്നിരുന്നില്ല. 66ാം മിനിറ്റിലാണ് ആരാധകർ കാത്തിരുന്ന മറുപടി ഗോൾ എത്തിയത്. സകായ് നൽകിയ പാസിൽ പകരക്കാരനായി ഇറങ്ങിയ ദിമിത്രിയോസ് പിഴവുകളൊന്നിമില്ലാതെ ഫിനിഷ് ചെയ്യുകയായിരുന്നു.

84ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ പിറക്കുന്നത്. ബാക്ക് ലൈനിൽ നീട്ടി നൽകിയ ലോങ്പാസ് സ്വീകരിച്ച അഡ്രിയാൻ ലൂണ ബോക്‌സിന്റെ വലതുമൂലയിൽ നിന്ന് ചിപ്പ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായ കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ഗോവയാണ് ഒന്നാമത്.